പിങ്ക് കണ്‍ട്രോള്‍ റൂം സജീവം; സ്ത്രീകള്‍ക്ക് 1515 ലേക്ക് വിളിക്കാം
കൊല്ലം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയ പിങ്ക് പൊലിസ് പട്രോള്‍ സംവിധാനം സജീവമാക്കി കൊല്ലം സിറ്റി പൊലിസ്. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് സഹായത്തിനും വിവരങ്ങള്‍ അറിയിക്കുന്നതിനും സജ്ജമാക്കിയ 1515 നമ്പരിന്റെ സേവനം ആധുനിക സാങ്കേതിക വിദ്യയുടെ പിന്‍ബലത്തിലൂടെ കൊല്ലത്ത് കൂടുതല്‍ കാര്യക്ഷമമാക്കുകയാണ്.
പിങ്ക് കണ്‍ട്രോള്‍ റൂമിലെത്തുന്ന ഫോണ്‍ വിളികള്‍ കേസ് റെക്കോര്‍ഡ് മാനേജ്‌മെന്റ് എന്ന സോഫ്റ്റ്‌വെയറിലൂടെയാകും ഇനി ക്രോഡീകരിക്കുക. വിളിക്കുന്ന വ്യക്തിയുടെ സ്ഥലം ജി.ഐ.എസ് മാപ്പിംഗിലൂടെ തത്സമയം ലഭിക്കും. പരാതിക്കാര്‍ അറിയിക്കുന്ന വിവരങ്ങള്‍ സോഫ്റ്റ്‌വെയറിന്റെ കാള്‍ ടേക്കര്‍ വിഭാഗത്തില്‍ രേഖപ്പെടുത്തും.
പൂര്‍ണമായി റെക്കോര്‍ഡ് ചെയ്യുന്ന സംഭാഷണം തുടര്‍ ആവശ്യങ്ങള്‍ക്കായി സേര്‍ച്ച് കീവേര്‍ഡുകള്‍ മുഖേന ഉപയോഗിക്കാനും കഴിയും. കണ്‍ട്രോള്‍ റൂമിലെ കംപ്യൂട്ടര്‍ നിയന്ത്രിത ഡിസ്പാച്ചറില്‍ നിന്ന് ആവശ്യമായ സന്ദേശങ്ങള്‍ സംഭവ സ്ഥലത്തിന് ഏറ്റവുമടുത്തുള്ള പിങ്ക് പട്രോള്‍ വാഹനങ്ങളിലെ മൊബൈല്‍ ഡാറ്റ ടെര്‍മിനലുകള്‍ക്ക് ലഭിക്കും. പരാതിക്കാര്‍ക്ക് അതിവേഗത്തില്‍ പൊലിസ് സേവനം ലഭ്യമാക്കാന്‍ ഇതോടെ സാധ്യമാകും. ഇതിനുള്ള സാങ്കേതിക വിദ്യ സിഡാക്കാണ് വികസിപ്പിച്ചത്. പിങ്ക് പൊലിസ് സേനാംഗങ്ങള്‍ക്ക് വിദഗ്ധ പരിശീലനവും ആരംഭിച്ചിട്ടുണ്ട്.
പിങ്ക് കണ്‍ട്രോള്‍ റൂമിലെ കോള്‍ മാനേജ്‌മെന്റ് സംവിധാനം സിറ്റി പൊലിസ് കമ്മീഷണര്‍ ഡോ. എ. ശ്രീനിവാസ് പരിശോധിച്ചു. 1515 നമ്പറില്‍ സഹായം അഭ്യര്‍ഥിച്ചെത്തുന്ന സ്ത്രീകളുടെ കോളുകളില്‍ അതിവേഗ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് കമ്മീഷണര്‍ അറിയിച്ചു. അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ എ. പ്രതീപ്കുമാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കണ്‍ട്രോള്‍ റൂം സി.ഐ ആര്‍. ഷാബു, ട്രാഫിക് എസ്.ഐ ജി. അനൂപ്, ഈസ്റ്റ് എസ്.ഐ എം.കെ പ്രശാന്ത്കുമാര്‍, പിങ്ക് പൊലിസ് എസ്.ഐമാരായ അനിലകുമാരി, സുമ, ജിജി മാത്യൂ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."