ആന്ധ്രയില്‍ നിന്ന് അരിയെത്തുന്നത് ലോറികളില്‍: തിരക്കൊഴിഞ്ഞ് റെയില്‍വെ ഗുഡ് ഷെഡ്
സ്വന്തം ലേഖകന്‍
കൊല്ലം: ലോറികളുടെ ഹോണും തിരക്കും തൊഴിലാളികളുടെ പരക്കം പാച്ചിലോ ഒന്നുമില്ലാതെ കൊല്ലം റെയില്‍വെ ഗുഡ്‌ഷെഡ് വിജനമായി കിടക്കാന്‍ തുടങ്ങിയിട്ട് കൂറേ കാലമായി. കേരളത്തിലെ അരി വിതരണത്തിലെ മൊത്തക്കച്ചവടത്തിന്റെ ഈറ്റില്ലമായിരുന്ന കൊല്ലത്തിന്റെ പ്രതാപകാലത്ത് വാഗണുകളിലെത്തുന്ന അരിച്ചാക്കുകള്‍ ഇവിടെയായിരുന്ന സൂക്ഷിച്ചിരുന്നത്.
ഇപ്പോള്‍ ആന്ധ്രയില്‍ നിന്നുമുള്ള അരി ലോറികളില്‍ നേരിട്ട് എത്തിക്കാന്‍ തുടങ്ങിയതോടെയാണ് ഗുഡ് ഷെഡുകള്‍ അനാഥമായത്.
നേരത്തെ സ്ഥിരമായി അരിയെത്തിയിരുന്ന സ്ഥാനത്തിപ്പോള്‍ വല്ലപോഴും മാത്രമാണ് അരിയെത്തുന്നത്. ലോറികളില്‍ അരിയെത്തിക്കുമ്പോഴുള്ള ചെലവ് വാഗണുകളിലെത്തിക്കുന്നതിനേക്കാള്‍ ഏറെയാണ്. ആന്ധ്രയിലെ ദ്വാരപുടിയില്‍ നിന്നാണ് അരി കൊണ്ടുവരുന്നത്. അവിടെ നിന്നും കേരളത്തിലേക്ക് 1387 കിലോമീറ്ററുണ്ട്. ഒരു ടോറസ്സില്‍ രണ്ട് ലോഡ് അരി പരമാവധി കയറ്റാന്‍ കഴിയും. അതായത് 20 ടണ്‍ അരി. ഇതിനായി നിലവില്‍ 84000 രൂപയാണ് ലോറി വാടക. എന്നാല്‍ ഒരു വാഗണില്‍ ആറ് ലോഡ് കയറ്റാം. 64 ടണ്‍ അരി.
അത്തരത്തില്‍ 42 വാഗണുകളിലായി 2,688 ടണ്‍ അരി ഒരേസമയം എത്തിക്കുന്നതിന് 112312 രൂപയാണ് ഗുഡ് ഷെഡിന് നല്‍കേണ്ടിയിരുന്നത്. പിന്നീട് കൊല്ലത്തു നിന്നും ലോറികളില്‍ കയറ്റി നഗരത്തിലും മറ്റ് സംസ്ഥാനങ്ങളിലും അരി എത്തിക്കും.
അന്ന് അരിയുടെ വില 26 രൂപ മാത്രമായിരുന്നു. എന്നാലിപ്പോള്‍ 42 രൂപ റീട്ടെയില്‍ വില നല്‍കേണ്ടിവരുന്നതിനു പിന്നിലും ഇതാണ് കാരണമെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്.
ആന്ധ്രയില്‍ നിന്ന് നേരിട്ട് അരി എത്തിക്കാന്‍ തുടങ്ങിയതോടെ ലോറി ഉടമകളും തൊഴിലാളികളുമടക്കമുള്ളവര്‍ പട്ടിണിയുടെ വക്കിലാണ്. കൊല്ലം ഗുഡ് ഷെഡിലെ 204 ലോറികളും, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ ഉള്‍പ്പടെയുള്ള 408 പേര്‍, 160 ചുമട്ടുത്തൊഴിലാളികള്‍, 40 ക്ലീനിങ് ഏജന്റുമാര്‍ എന്നിവര്‍ക്കാണ് ഇതോടെ വരുമാനം നിലച്ചത്. ആന്ധ്രാ മുതലാളികളുടെ നാല് പ്രധാന ലോബികള്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നതായും അവരാണ് വില നിയന്ത്രിക്കുന്നതെന്നും ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍, ലോഡിങ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിക്കുന്നു.
ഇതോടെ പാവപ്പെട്ട തൊഴിലാളികളുടെ ജീവിതമാണ് ഇന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്. അരി മേഖലയിലെ ദല്ലാളന്മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മുരളീധരന്‍ പറഞ്ഞു.
ഗുഡ് ഷെഡില്‍ അരി എത്തിയാല്‍ അവരുടെ കമ്മിഷന്‍ നഷ്ടമാകും. അഞ്ഞൂറോളം തൊഴിലാളികളെ സംരക്ഷിക്കാന്‍ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുഡ് ഷെഡിലെ തൊഴിലാളികളുടെ പ്രശ്‌നം നിസ്സാരമായി കാണാന്‍ കഴിയുന്നതല്ലെന്ന് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ജില്ല പ്രസിഡന്റ് എസ് രമേശ്കുമാര്‍ പറഞ്ഞു. എം.പി അടക്കമുള്ളവരെ വിഷയം ധരിപ്പിച്ചു. വരുന്ന കാലയളവില്‍ അരി ഗുഡ് ഷെഡിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."