അമേരിക്കയെയും കടന്നുപിടിച്ച് മഹാമാരി മരണസംഖ്യ ആയിരം പിന്നിട്ടു
വാഷിങ്ടണ്‍: കൊവിഡ് മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തി തുടരുന്നു. ചൈനയ്ക്കും ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ അമേരിക്കയെ പിടിച്ചുകുലുക്കുകയാണ് ഇപ്പോള്‍ ഈ മഹാമാരി. കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഇതോടെ, രോഗത്തെ പ്രതിരോധിക്കുന്നതിനായി വന്‍ സാമ്പത്തിക പാക്കേജടക്കം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്.
അമേരിക്കയില്‍ എഴുപതിനായിരത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ശൈത്യകാലം ആരംഭിക്കാനിരിക്കേ, രോഗവ്യാപനം ദ്രുതഗതിയിലാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഇതോടെ, അമേരിക്ക കടുത്ത നിയന്ത്രണങ്ങളിലേക്കു കടന്നിരിക്കുകയാണ്.
നേരത്തെ, കൊവിഡിനെ നിസാരവല്‍ക്കരിച്ച് രംഗത്തെത്തിയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇപ്പോള്‍ വിവിധ ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡിനെ ചൈനീസ് വൈറസെന്നു നേരത്തെ ട്രംപ് വിശേഷിപ്പിച്ചതും വിവാദമായിരുന്നു. ലോകത്താകെ ഇരുപത്തിരണ്ടായിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അഞ്ചു ലക്ഷത്തിലേറെ പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം, കൊവിഡ് ബാധിച്ച് ഇറ്റലിയില്‍ ഇന്നലെ മാത്രം എഴുന്നൂറോളം പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ഇതോടെ മരണസംഖ്യ 7,503 ആയി. സ്‌പെയിനില്‍ ഇന്നലെ മാത്രം എഴുനൂറിലേറെ പേര്‍ മരിച്ചു. ഇതോടെ സ്‌പെയിനിലെ മരണസംഖ്യ നാലായിരവും പിന്നിട്ടു. 56,188 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 47,610 ആയിരുന്നു. ദിവസംതോറും മരണസംഖ്യയും രോഗികളുടെ എണ്ണവും ക്രമാതീതമായി കൂടിവരികയാണ്.ഇറാനില്‍ മരണസംഖ്യ 2,234 ആയി. ഇന്നലെ മാത്രം 157 പേരാണ് മരിച്ചത്. രാജ്യത്തു കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,406 ആണ്.
അതേസമയം, ജപ്പാനില്‍ കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി ഷിന്‍സോ ആബെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. ജപ്പാനില്‍ ഇന്നലെ നാല്‍പതുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ മുന്നൂറോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ 65 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
മലേഷ്യയില്‍ കഴിഞ്ഞ ദിവസം 235 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,031 ആയി. ഇവിടെ 23 പേരാണ് ഇതുവരെ മരിച്ചത്. ഇന്തോനേഷ്യയില്‍ 103 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 893 ആയി. 78 പേരാണ് ഇതുവരെ ഇന്തോനേഷ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ഫിലിപ്പൈന്‍സില്‍ ഇന്നലെ ഏഴുപേര്‍ക്കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 45 ആയി. 707 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ രോഗം ബാധിച്ച് ഒന്‍പതു ഡോക്ടര്‍മാര്‍ മരിച്ചതും ശ്രദ്ധേയമാണ്. പുതിയ ആഭ്യന്തര കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ചൈന ഇന്നലെയും വ്യക്തമാക്കിയത്. വിദേശത്തുനിന്നെത്തിയ ചിലര്‍ക്കു കഴിഞ്ഞ ദിവസവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ രാജ്യത്ത് കൊവിഡ് ബാധിച്ച ആറുപേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ചും വുഹാനിലാണ്.കൊവിഡ് വ്യാപനത്തെ റഷ്യയും കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്നതൊഴിച്ചുള്ള എല്ലാ കടകളും അടയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ അഞ്ചുവരെയാണ് ഈ നിയന്ത്രണം. ഇന്നുമുതല്‍ അന്താരാഷ്ട്ര വിമാന സര്‍വിസുകളെല്ലാം റഷ്യ റദ്ദാക്കിയിട്ടുണ്ട്.ബ്രിട്ടനിലും കൊവിഡ് പ്രതിരോധത്തിനായി വളണ്ടിയര്‍മാരെ സജ്ജരാക്കിയിട്ടുണ്ട്. 5,60,000 പേരാണ് വളണ്ടിയര്‍മാരായി രംഗത്തെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ബ്രിട്ടനിലെ ചാള്‍സ് രാജകുമാരനടക്കം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.തായ്‌ലന്‍ഡില്‍ 111 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,045 ആയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."