കര്‍ണാടകയില്‍ വീണ്ടും കൊവിഡ് മരണം: രാജ്യത്ത് രോഗബാധിതരുടെ എണ്ണം724 ആയി
ബംഗളൂരു: കര്‍ണാടകയില്‍ കൊവിഡ്-19 സ്ഥിരീകരിച്ച അറുപത്തിയഞ്ചുകാരന് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 18 ആയി. 724 രോഗബാധിതരാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 66 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 677 പേര് ഇന്ത്യക്കാരും 47 പേര് വിദേശികളുമാണ്.
ഇന്ന് കര്‍ണാടകയിലെ തുമകുരുവില്‍ മരിച്ച അറുപത്തിയഞ്ചുകാരന് ഈ മാസം ആദ്യം ഡല്‍ഹിയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്തിരുന്നു. അതേസമയം എവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
31000 പേരാണ് നിലവില്‍ കര്‍ണാടകയില്‍ കൊവിഡ് ലക്ഷണങ്ങളോടെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവില്‍ 24000 പേരും ബെംഗളൂരുവിലാണ്. അതേസമയം കര്‍ണാടകയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ കൊവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. ഇന്ത്യയിലിപ്പോഴും സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആന്‍ഡമാനിലും ഒരാള്‍ക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."