ലോക് ഡൗണിന്റെ പേരില്‍ പൊലീസോ സര്‍ക്കാര്‍ ഓഫീസറോ തോന്ന്യാസം കാണിച്ചാല്‍ ഇതൊക്കെ കഴിഞ്ഞാല്‍, കോടതികള്‍ തുറക്കും, ലോകാവസാനം ആയിട്ടില്ല: കലക്ടര്‍ ബ്രോ
കോഴിക്കോട്: കൊവിഡ്-19 ജാഗ്രതയില്‍ സംസ്ഥാനമൊട്ടുക്കും നടപ്പാക്കിവരുന്ന ലോക്ക് ഡൗണില്‍ ചിലയിടത്തെങ്കിലും നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിച്ച് കോഴിക്കോട് മുന്‍കലക്ടര്‍ പ്രശാന്ത്.എന്‍.
ലോക്ക് ഡൗണിന്റെ മറപിടിച്ച പൊലീസോ സര്‍ക്കാര്‍ ഓഫീസറോ എന്തും ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ കഴിഞ്ഞും ജനങ്ങളും ഭരണകൂടവും ഇവിടെതന്നെ ഉണ്ടാകുമെന്ന് ഓര്‍ക്കേണ്ടതാണെന്ന് കലക്ടര്‍ ഓര്‍മപ്പെടുത്തി.
ഡല്‍ഹിയിലും കേരളത്തിലും ഇത്തരത്തില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
അതെന്താ നകുലേട്ടാ പച്ചക്കറി വാങ്ങിയാല്?
ലോക്ക് ഡൗണ്‍ നടപ്പിലാക്കുന്ന രീതിയും പ്രധാനമാണ്. ഇന്ത്യയിലെ പല ഭാഗത്തും ദുരന്തനിവാരണ നിയമപ്രകാരമോ CrpC ഉത്തരവുകളോ പ്രകാരം കൃത്യമായി അനുവദിക്കപ്പെട്ട കാര്യങ്ങള്‍ പോലും തടസ്സപ്പെടുത്തുന്നതായി അറിയുന്നു. ഡല്‍ഹിയില്‍ ആശുപത്രിയിലേക്ക് പോകുന്ന ഡോക്ടര്‍മാരെ വരെ തടഞ്ഞ് വെച്ച് അങ്ങേയറ്റം വൃത്തികെട്ട രീതിയില്‍ പെരുമാറിയ വാര്‍ത്ത കണ്ടിരിക്കുമല്ലോ. കേരളത്തിലും ഒറ്റപ്പെട്ട ചിലതൊക്കെ നടന്നതായി ഫോര്‍വേഡുകള്‍ കണ്ടു. ഇതിനി തമാശയല്ല.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു. തുടര്‍ന്ന് വിശദമായ ഉത്തരവുകളും വന്നു. എന്താവാം, എന്താവരുത് എന്ന് നന്നായി തന്നെ അതില്‍ പറയുന്നുണ്ട്.
ഇതൊന്നും എല്ലാവരും വായിച്ച് നോക്കുന്നില്ലായിരിക്കാം. കര്‍ഫ്യൂ മാത്രം കണ്ട് ശീലിച്ച ഇന്ത്യയിലെ സാധാരണ പോലീസുകാരില്‍ ചിലരെങ്കിലും കണ്‍ഫ്യൂസായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതതല്ല. എല്ലാവരും ഈ ഉത്തരവുകള്‍ മനസ്സിരുത്തി വായിക്കുന്നത് അവനവന് തന്നെ നന്നായിരിക്കും.
ഒന്ന് പറയട്ടെ, കോടതി അടച്ചെന്നേ ഉള്ളൂ. നിയമങ്ങള്‍ മാഞ്ഞ് പോയിട്ടില്ല. ഭരണഘടന അനുവദിച്ച വ്യക്തിസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ വ്യവസ്ഥാപിതമാര്‍ഗ്ഗമുണ്ട്. അതാണ് സര്‍ക്കാര്‍ ഉത്തരവുകളായും നിയമപ്രകാരമുള്ള വിജ്ഞാപനങ്ങളായും വരുന്നത്. ഇതനുസരിച്ചാമതി, ആരായാലും. വാളെടുത്ത എല്ലാവരും വെളിച്ചപ്പാടാകേണ്ടതില്ല എന്ന് സാരം.
എന്തിനാണ് ഈ ലോക്ക്ഡൗണ്‍ എന്ന് എല്ലാവരും ചിന്തിക്കുന്നത് നന്നായിരിക്കും. കൊറോണ വൈറസ് എങ്ങനെയൊക്കെയാണ് പരക്കുന്നതെന്നും ചിന്തിക്കുക. ഇത് തടയാന്‍ ലോജിക്കലായി ചെയ്യാവുന്ന, എന്നാല്‍ ജനത്തിന് 'സഹിക്കാവുന്ന' കാര്യങ്ങള്‍ എന്തൊക്കെ? ഇത്രയുമൊക്കെ വിശദമായി ആലോചിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമഗ്രമായ ഉത്തരവിറക്കിയത്. അതില്‍ കൂടുതല്‍ പോയിന്റൊന്നും ആരും ചേര്‍ക്കേണ്ടതില്ല.
അവനവന്റെ അവകാശങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. സര്‍ക്കാര്‍ ഉത്തരവുകളുടെ ഒറിജിനല്‍ തന്നെയെടുത്ത് വായിക്കൂ- വീട്ടില്‍ വേറെ പണിയൊന്നും ഇല്ലല്ലോ! എന്ത് കൊറോണയുടെ പേരിലായാലും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കാത്ത നിബന്ധനകള്‍ക്ക് ഒരു ലോക്കല്‍ ഗുണ്ടയ്ക്ക് മുന്നിലും നിന്ന് കൊടുക്കേണ്ടതില്ല. ലോക്കല്‍ കേശവന്‍ മാമന്മാര്‍ നയിക്കുന്ന മോബുകള്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാതിരിക്കാന്‍ ഇത് പ്രധാനമാണ്. നിയമമാണ് പ്രധാനം.
ലോക്ക് ഡൗണിന്റെ പേരില്‍ പോലീസോ മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ തോന്ന്യാസം കാണിച്ചാല്‍ അവരുടെ മേലുദ്യോഗസ്ഥരെയോ ജനപ്രതിനിധികളെയോ അറിയിക്കാന്‍ യാതൊരു മടിയും വിചാരിക്കരുത്. ഊണും ഉറക്കവും ഇല്ലാതെ ഈ ഘട്ടത്തില്‍ ജോലിചെയ്യുന്ന ബഹുഭൂരിപക്ഷം പേര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്ന ഇവരെ ഒറ്റപ്പെടുത്തുക. ഇതൊക്കെ കഴിഞ്ഞ് കോടതികളൊക്കെ തുറക്കുമെന്ന് പറഞ്ഞ് മനസ്സിലാക്കുക. ലോകാവസാനം ആയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."