ഞാന്‍ ഞാന്‍ എന്നഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ?
കൊവിഡിനെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം ഇന്ന്. 21 ദിവസത്തേക്കുള്ള ഏറെക്കുറെ സമ്പൂര്‍ണമായ അടച്ചിടലിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. അതേസമയം പല സംസ്ഥാനങ്ങളിലും കൂടുതല്‍ ആളുകളെ രോഗം ബാധിച്ചു കൊണ്ടിരിക്കുന്നു. കൊറോണയെ തടുത്തു നിര്‍ത്താനുള്ള ശ്രമങ്ങള്‍ ശരിയായ ആസൂത്രണത്തോടെ കൃത്യസമയത്ത് തന്നെ തുടങ്ങിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തുവോ എന്ന് ചോദിക്കുന്നവരുണ്ട്. ആ സംശയം അസ്ഥാനത്തല്ലതാനും. എന്ന് മാത്രമല്ല മറ്റെല്ലാ ഭരണ നടപടികളിലും കണ്ടുവരുന്ന വില കുറഞ്ഞ ജനപ്രിയത ഈ നടപടിയിലും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. അങ്ങനെയാണ് അഞ്ചു മണിയുടെ കൈയടിയും മറ്റും ഉണ്ടായത്.
അതേസമയം, മുഴുവന്‍ ജനങ്ങള്‍ക്കും പര്യാപ്തമാവുന്ന സാമ്പത്തിക പാക്കേജുകള്‍ പ്രധാനമന്ത്രിയോ ധനമന്ത്രിയോ പ്രഖ്യാപിച്ചിട്ടില്ല. വൈകാതെ തന്നെ പാക്കേജു പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി പറയുന്നു. എന്നാല്‍ രോഗബാധ മൂലം ഉണ്ടായിട്ടുള്ള പ്രയാസങ്ങള്‍ അകറ്റാന്‍ കോര്‍പ്പറേറ്റുകള്‍ക്കും നികുതിദായകര്‍ക്കും ധാരാളം ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. കൊവിഡ് മൂലമുണ്ടായേക്കാവുന്ന ദുരിതങ്ങള്‍ കൂടുതലും സഹിക്കേണ്ടി വരിക സാധാരണക്കാരാണ്. ലോക്ഡൗണ്‍ അവരുടെ ജീവിതവൃത്തിയെയാണ് തടസപ്പെടുത്തുക.
ഇന്ത്യയിലെ 37 ശതമാനം കുടുംബങ്ങളും ദിവസക്കൂലിക്ക് പണിയെടുത്ത് അന്നന്നത്തെ അരിക്കും പലവ്യജ്ഞനങ്ങള്‍ക്കുമുള്ള വഴി തേടുന്നവരാണ്. ഏതാണ്ട് 55 ശതമാനം ആളുകള്‍ കഠിനമായി അധ്വാനിക്കേണ്ട സ്ഥിരം പണികളെ ആശ്രയിക്കുന്നു. ലോക്ഡൗണ്‍ നീണ്ടുപോവുമ്പോള്‍ അവര്‍ക്ക് നിത്യവൃത്തിക്ക് വേണ്ടിയുള്ള അവശ്യസാധനങ്ങള്‍ കിട്ടാതെവരും. പണിയെടുത്തു കുടുംബം പോറ്റുന്ന ഇവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുക എന്നത് പ്രധാനമായ ഒരു ബാധ്യതയാണ്. നിയന്ത്രണങ്ങള്‍ നീണ്ടു നില്‍ക്കുന്നതു എത്ര കാലമാണോ അത്രയും കാലം ഈ ആളുകള്‍ക്ക് നിലനില്‍പ്പിന്നാവശ്യമായ വേതനം സര്‍ക്കാര്‍ നല്‍കിയേ തീരൂ. ചില സംസ്ഥാനങ്ങള്‍ ആ ദിശയില്‍ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത്തരം നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. സാമ്പത്തിക പാക്കേജുകളാണ് ഈ ഘട്ടത്തില്‍ ഏറ്റവും ആവശ്യം. അതോടൊപ്പം ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം.
വികസിത യൂറോപ്യന്‍ രാജ്യങ്ങള്‍ പോലും മതിയായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ പരാജയപ്പെടുന്ന അനുഭവമാണ് നമ്മുടെ മുന്‍പിലുള്ളത്. ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും, എന്തിന് അമേരിക്ക പോലും ഉദാഹരണങ്ങള്‍. ഈ അവസ്ഥയില്‍ ഇന്ത്യയെ പോലെയുള്ള രാജ്യങ്ങള്‍ എങ്ങനെ ഈ മഹാമാരിയെ നേരിടും. ലോക്ഡൗണും മറ്റും സിവില്‍ സമൂഹത്തിന്റെ ഭാഗത്തു നിന്നുണ്ടാവേണ്ട സന്നദ്ധ പ്രവര്‍ത്തികളാണ്. അതല്ല പ്രധാനം. ഭരണ രംഗത്തു നിന്നുണ്ടാവേണ്ട പ്രവര്‍ത്തികള്‍കൊണ്ടാണ് രോഗബാധ തടയേണ്ടത്. സംസ്ഥാന സര്‍ക്കാറുകളേക്കാള്‍ കേന്ദ്ര സര്‍ക്കാരിനാണ് അതില്‍ ഉത്തരവാദിത്വം കൂടുതല്‍. സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുകയും അതു വഴി ഫണ്ടുകള്‍ സംസ്ഥാനങ്ങള്‍ക്കു ലഭ്യമാക്കുകയും ചെയ്യുക തന്നെ വേണം. അതിന് എന്താണിത്ര അമാന്തം?
ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറി തൊഴിലെടുക്കുന്ന കൂലിപ്പണിക്കാര്‍ കോടിക്കണക്കിനാണുള്ളത്. മഹാനഗരങ്ങളില്‍ മുഴുവന്‍ ഇത്തരക്കാരാണ്. റിക്ഷ വലിക്കുന്നവരും ചവറുപെറുക്കുന്നവരും അടുക്കളപ്പണിയെടുക്കുന്നവരും വഴിവാണിഭക്കാരും മറ്റുമായ ദരിദ്രര്‍. അവരില്‍ ഭൂരിപക്ഷവും കെട്ടിട നിര്‍മാണപ്പണിക്കാരാണ്. നാലരക്കോടി തൊഴിലാളികളുണ്ടത്രേ ഈ മേഖലയില്‍. ലോക്ഡൗണ്‍ വന്നത് മൂലം അവര്‍ക്ക് തൊഴിലില്ലാതായി. അവര്‍ ഒട്ടുമുക്കാലും പേര്‍ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോയി. നിരവധി പേര്‍ അടച്ചുപൂട്ടിയ പട്ടണങ്ങളില്‍ പണിയൊന്നുമില്ലാതെ അന്നത്തിന് വകയില്ലാതെ കഴിഞ്ഞുകൂടുകയാണ്. അവര്‍ക്ക് വേതനം നല്‍കിക്കൊണ്ടുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കിയേ തീരൂ. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി നീട്ടുന്നതിനും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഡെബിറ്റ് കാര്‍ഡുപയോഗിക്കുന്നതിന് ചാര്‍ജ് ഇൗടാക്കാതിരിക്കുന്നതിനും ബാങ്ക് ചാര്‍ജില്‍ ഇളവ് വരുത്തുന്നതിനും മുമ്പ് ചിന്തിക്കേണ്ടത് ഇത്തരക്കാരുടെ ജീവിത ദുരിതങ്ങളെക്കുറിച്ചാണ്. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. പല രാജ്യങ്ങളും കൊറോണാ വൈറസിനെ നേരിടുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം വേജ് സബ്‌സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ മുന്‍ഗണന മാറി.
രോഗബാധ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ നടപടി അതിര്‍ത്തികള്‍ അടച്ചുപൂട്ടുക എന്നത് തന്നെ. ലോക രാജ്യങ്ങള്‍ മുഴുവനും ചെയ്തത് അതാണ് താനും. അതോടൊപ്പം സ്വയം സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ജനങ്ങളെ ഉപദേശിച്ചു. ക്ഷേമപദ്ധതികളും ചികിത്സാ സൗകര്യങ്ങളും വിപുലമായ വികസിത പാശ്ചാത്യ നാടുകളില്‍ പോലും സര്‍ക്കാരുകള്‍ ചെയ്തത് ഈ ഉത്തരവാദിത്വം ജനങ്ങളെ ഏല്‍പ്പിച്ചു മാറി നില്‍ക്കുകയാണ്. വൈറസിനെ തടുത്തു നിര്‍ത്തുന്ന പണി സാധാരണ മനുഷ്യരുടേതായി. വെറും പനിയോ ജലദോഷമോ വന്നാല്‍ പോലും അതുണ്ടാക്കുന്ന പ്രയാസം അനുഭവിച്ചവര്‍ക്ക് മാത്രമേ അറിയൂ. ഉത്തരവാദിത്വ ചിന്തയുള്ള ഭരണകൂടങ്ങള്‍ ചെയ്യേണ്ടത് ഇത്തരം സന്ദര്‍ഭങ്ങളില്‍ പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു രോഗികളെ താമസിപ്പിക്കാന്‍ സംവിധാനങ്ങളുണ്ടാക്കുകയാണ്. സമ്പന്ന പാശ്ചാത്യരാജ്യങ്ങളില്‍ രണ്ടു മുതല്‍ നാല് വരെ ദിവസങ്ങള്‍ വേണം പരിശോധനാ ഫലമറിയാന്‍. ഇന്ത്യയില്‍ എത്ര ദിവസം വേണം? ഇതുണ്ടാക്കുന്ന ഭീതിയും ഭവിഷ്യത്തും കുറച്ചല്ല. സര്‍ക്കാര്‍ ചെയ്യേണ്ടത് വ്യാപനം തടയുക എന്നതിനൊപ്പം രോഗബാധിതരുടെ ചികിത്സ ഫലപ്രദമാക്കുക എന്നത് കൂടിയാണ്. ചൈനയില്‍ നാലു മണിക്കൂര്‍ മതി ഫലമറിയാന്‍. മികവുറ്റ ചികിത്സ അതിവേഗം സാധ്യമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിനാല്‍ വുഹാന്‍ പോലും ഇപ്പോള്‍ വിനോദ സഞ്ചാരികള്‍ക്ക് തുറന്നു കൊടുത്തുവത്രേ. അതായത് വികസിത പാശ്ചാത്യ രാജ്യങ്ങളുടെ മാതൃകയേക്കാള്‍ നമുക്ക് കാമ്യം ചൈനയുടേതാണ്.
ഒരു പൗരസ്ത്യ രാജ്യം ഏറെക്കുറെ ഫലപ്രദമായി നേരിട്ട ഈ പകര്‍ച്ചവ്യാധിക്കെതിരായുള്ള യുദ്ധത്തില്‍ ഇറ്റലിയേയും ഫ്രാന്‍സിനേയും പോലെയുള്ള സമ്പന്ന വികസിത രാഷ്ട്രങ്ങള്‍ തോറ്റു പോകുന്നത് എന്ത് കൊണ്ട് എന്ന് ഗൗരവമായി ആലോചിക്കുന്നുണ്ട് ലോകം. അമിതമായ ആത്മവിശ്വാസം കൊണ്ടോ അപകടകരമായ ഉദാസീനത മൂലമോ സംഭവിച്ചതാവാം ഈ തോല്‍വി. എന്നാല്‍ പടിഞ്ഞാറന്‍ നിയോ ലിബറല്‍ ഭരണകൂടങ്ങളുടെ വിമര്‍ശകര്‍ പറയുന്നത് സര്‍ക്കാറുകളുടെ മുന്‍ഗണനകളുടെ വിഷയം കൂടി അതില്‍ ഉണ്ടെന്നാണ്. യുദ്ധം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അപകടങ്ങള്‍ സാമാന്യമായി ഏതു രാജ്യത്തേയും ബാധിക്കുക പ്രധാനമായും സാമ്പത്തിക രംഗത്താണ്. സമ്പദ്‌വ്യവസ്ഥ പിടിച്ചു നില്‍ക്കാനാവാത്ത തരത്തില്‍ ക്ഷീണിതമാവും. ഓഹരി വിപണികള്‍ തകരും. വ്യവസായങ്ങള്‍ ക്ഷയിക്കും, വാണിജ്യം നിലയ്ക്കും. ഉല്‍പ്പാദനം ഇല്ലാതാവും. ആ സമയത്ത് ദേശീയ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അതിന്റെ ഭാഗമായി സാമ്പത്തിക മേഖലയിലേക്ക് സര്‍ക്കാര്‍ പണം ഒഴുക്കും.
കൊറോണ ഒരു ഭീഷണിയല്ലെന്ന് പറഞ്ഞിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പണ്ട്. എന്നാല്‍ അപ്പോഴും അദ്ദേഹം 1.5 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക മേഖലയിലേക്ക് ഒഴുക്കി. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ക്ക് വീണ്ടും അമേരിക്കന്‍ സര്‍ക്കാര്‍ ധനസഹായം നല്‍കി. എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളും ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഇതാണ്. ഈ പണം അടച്ചുപൂട്ടുന്ന ഫാക്ടറിത്തൊഴിലാളികള്‍ക്കോ പണി ഇല്ലാതാവുന്ന കര്‍ഷകത്തൊഴിലാളികള്‍ക്കോ ചെറുകിട കച്ചവടക്കാര്‍ക്കോ കൃഷിക്കാര്‍ക്കോ വഴിവാണിഭക്കാര്‍ക്കോ വേണ്ടിയല്ല ഉപയോഗിക്കുന്നത്. എഴുപതും എണ്‍പതും കഴിഞ്ഞ ഉല്‍പ്പാദനരംഗത്ത് യാതൊരു സംഭാവനയും നല്‍കാത്ത ദരിദ്രരുടെ ചികിത്സക്കു വേണ്ടിയല്ല. രാജ്യത്തിന്റെ കോര്‍പറേറ്റ് മേഖലക്ക് വേണ്ടിയാണ്. ഈ മാതൃകയാണോ ഇന്ത്യയും പിന്തുടരുന്നത്. അല്ലാതിരിക്കട്ടെ.ഏതായാലും വുഹാനില്‍ നിന്നുള്ള വൈറസ് മനുഷ്യരെ ജീവിതത്തിന്റെ നിസ്സാരതയെപ്പറ്റി പഠിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിലെ ഒരു അദ്ധ്യായത്തിന്റെ തലക്കെട്ട് ഞാന്‍..ഞാന്‍ എന്നഹങ്കരിച്ച രാജാക്കന്മാരും മറ്റും എവിടെ എന്നാണ്. സമ്പര്‍ക്ക വിലക്കിന്റെയും വിട്ടുനില്‍ക്കലിന്റെയും ഏകാന്ത നിമിഷങ്ങളില്‍ നമ്മളും ഈ ചോദ്യം ചോദിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."