ബഹ്‌റൈനില്‍ ഓര്‍മ നഷ്ടപ്പെട്ട പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
മനാമ: ബഹ്‌റൈനിലെ ആശുപത്രിയില്‍ കഴിഞ്ഞ 7 വര്‍ഷമായി സ്വന്തം പേര് പോലും ഓര്‍മയില്ലാതെ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ ഒടുവില്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിന്റെയും പരേതയായ സിസിലി സേവ്യറിന്റെയും ആറു മക്കളില്‍ ഏറ്റവും ഇളയ മകനായ പോള്‍ സേവ്യര്‍ എന്ന പൊന്നപ്പനാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് സഹോദരി ബേബിയും തുടര്‍ന്ന് മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞതായി ബഹ്‌റൈനിലെ സാമൂഹ്യ പ്രവര്‍ത്തകരായ സിയാദ് ഏഴം കുളവും നിസാര്‍ കൊല്ലവും സുപ്രഭാതത്തെ അറിയിച്ചു.
സുപ്രഭാതമുള്‍പ്പെടെ ബഹ്‌റൈനിലെ വിവിധ മാധ്യമങ്ങള്‍ പൊന്നപ്പന്‍ ആശുപത്രിയില്‍ കഴിയുന്ന വാര്‍ത്ത ഫോട്ടോ സഹിതം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തലക്ക് ക്ഷതമേറ്റതു മൂലം നാടും വീടും സ്വന്തം പേരുപോലും ഓര്‍മയിലില്ലാതെ കഴിഞ്ഞ 7 വര്‍ഷമായി ബഹ്‌റൈനിലെ സല്‍മാനിയ ഹോസ്പിറ്റലിലും തുടര്‍ന്ന് അനാഥരെ പരിപാലിക്കുന്ന മുഹറഖ് ജെറി യാട്രിക് ആശുപത്രിയിലുമാണ് പൊന്നപ്പന്‍ കഴിഞ്ഞിരുന്നത്.
ഏപ്രില്‍ 22ന് സുപ്രഭാതം ഓണ്‍ലൈനിലും പത്രത്തിലും പ്രസിദ്ധീകരിച്ച വാര്‍ത്തയും ഫേസ് ബുക്ക് പോസ്റ്റും വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ബഹ്‌റൈനിലെ മലയാളികളായ സാമൂഹ്യ പ്രവര്‍ത്തകരും പൊന്നപ്പന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സജീവമായി രംഗത്തിറങ്ങി.
ദക്ഷിണ കേരളയിലെ സാമൂഹ്യ പ്രവര്‍ത്തകരും മൈത്രി സോഷ്യല്‍ അസോസിയേഷന്‍ ഭാരവാഹികളുമായ സിയാദ് ഏഴംകുളം, നിസാര്‍ കൊല്ലം എന്നിവരാണ് ഇതിന് ഏറെ പ്രയത്‌നിച്ചത്.
ഇതിനിടെ ബന്ധുക്കളെ കണ്ടെത്താനായി ബഹ്‌റൈന്‍ പ്രതിഭ നേതാവ് പി.ടി നാരായണന്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയും ഇക്കാര്യം അന്വേഷിക്കാനായി മുഖ്യമന്ത്രി നോര്‍ക്കയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്രകാരം വിവിധ മേഖലകളിലൂടെ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് പൊന്നപ്പന്റെ സഹോദരി അദ്ദേഹത്തെ തിരിച്ചറിഞ്ഞ വിവരം കഴിഞ്ഞ ദിവസം സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.
1978 ല്‍ 18-ാം വയസ്സില്‍ കപ്പല്‍ മാര്‍ഗമാണ് പൊന്നപ്പന്‍ ആദ്യമായി ബഹ്‌റൈനിലെത്തിയതെന്നാണ് വിവരം.
രണ്ടു വര്‍ഷത്തോളം മനാമയിലെ ഒരു റസ്റ്റോറന്റില്‍ ജോലി നോക്കിയെങ്കിലും സ്‌പോന്‍സറില്‍ നിന്നും പാസ്‌പോര്‍ട്ട് ലഭിക്കാതെ വന്നതോടെയാണ് നാട്ടിലേക്കുള്ള യാത്ര തടസപ്പെട്ടത്. പിന്നീട് 40 വര്‍ഷത്തോളം പിന്നിട്ട പ്രവാസ ജീവിതത്തിലിതുവരെയും പൊന്നപ്പന് നാട്ടിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അവസാനമായി 2001ലാണ് വീട്ടുകാരുമായി ബന്ധപ്പെട്ടതെന്നും സഹോദരി അറിയിച്ചു.
നാല് സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് പൊന്നപ്പനുണ്ടായിരുന്നത്. നാലു വര്‍ഷം മുന്‍പ് മാതാവും
ദിവസങ്ങള്‍ക്കു മുന്‍പ് അനുജന്‍ ജെന്‍സണ്‍ എന്ന സെബാസ്റ്റ്യന്‍ സേവ്യറും മരണപ്പെട്ടിരുന്നു. ഇതിനു ശേഷം സാമ്പത്തിക പരാധീനത മൂലം ഏറെ കഷ്ടപ്പെട്ടാണ് കുടുംബം കഴിഞ്ഞിരുന്നത്.
ബഹ്‌റൈനിലെത്തിയ പൊന്നപ്പന്‍ ആദ്യകാലത്ത് ഒറ്റത്തവണ 1000 രൂപ വീട്ടിലേക്കയച്ചിരുന്നു. പിന്നീട് ശമ്പളവും മറ്റാനുകൂല്യങ്ങളും ലഭിക്കാതെ വന്നപ്പോള്‍ തുടര്‍ന്ന് പണമയക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനിടെ മുഹറഖിലെ ഒരു സുഹൃത്തുമായി ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തുന്നതിനുള്ള തന്റെ ആഗ്രഹം വീട്ടുകാരെ അറിയിച്ച് നാട്ടില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാര്‍ പൊന്നപ്പന് വേണ്ടി മൂന്നൂറു ദിനാര്‍ (ഏകദേശം 5 ലക്ഷത്തോളം രൂപ) സംഘടിപ്പിച്ച് എത്തിച്ചു കൊടുത്തുവെങ്കിലും ആ കച്ചവടത്തിലൂടെയും കരപറ്റാന്‍ പൊന്നപ്പന് സാധിച്ചില്ല.
ഇതിനിടെയാണ് ജോലിക്കിടെ വീണ് പരിക്കേറ്റ പൊന്നപ്പന്‍ 7 വര്‍ഷത്തോളം ആശുപത്രി കിടക്കയിലായത്. തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നതിനാല്‍ ഓര്‍മശക്തി നഷ്ടപ്പെടുകയായിരുന്നു. സല്‍മാനിയ മെഡിക്കല് സെന്ററില്‍ നടന്ന ചികിത്സയില്‍ അല്‍പം പുരോഗതിയുണ്ടായെങ്കിലും സ്വന്തം നാടും വീടും പേരും ക്രിത്യമായി ഓര്‍ത്തെടുക്കാനാവാത്ത സ്ഥിതിയിലായിരുന്നു പൊന്നപ്പന്‍ കഴിഞ്ഞിരുന്നത്.
ഇതേ തുടര്‍ന്ന് അനാഥരായ രോഗികള്‍ കഴിയുന്ന ജൂറിയാട്രിക് സെന്ററിലേക്ക് പൊന്നപ്പനെ മാറ്റി. ഇതിനിടെ ഇവിടെ കഴിയുന്ന മറ്റൊരു രോഗിയെ കാണാനെത്തിയ മൈത്രി അസോസിയേഷന്‍ ഭാരവാഹികളായ നിസാര്‍ കൊല്ലവും സിയാദ് ഏഴംകുളവുമാണ് ഡോക്ടര്‍ അബ്ബാസില്‍ നിന്നും പൊന്നപ്പനെ കുറിച്ചറിഞ്ഞത്. ഇവരാണ് അദ്ദേഹത്തിന്റെ കഥ പത്രമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.
ഏതായാലും പൊന്നപ്പന്റെ ബന്ധുക്കളെ കണ്ടെത്തിയ സ്ഥിതിക്ക് ഇനി അദ്ധേഹത്തെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ഇവരുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.
നാട്ടില്‍ നിന്നും ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പുകളും മറ്റു യാത്രാ രേഖകളും ലഭ്യമാകുന്ന മുറക്ക് വൈകാതെ പൊന്നപ്പന് നാട്ടിലെത്താനാവുമെന്ന്‌സിയാദ് ഏഴം കുളം സുപ്രഭാതത്തോട് പറഞ്ഞു.
അതേ സമയം നീണ്ട നാലുപതിറ്റാണ്ടു കാലത്തെ കാത്തിരിപ്പിനൊടുവില്‍ പോള്‍ സേവ്യര്‍ എന്ന പൊന്നപ്പന്റെ മടങ്ങി വരവില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെങ്കിലും അവരുടെ സാമ്പത്തിക പരാധീനത, സേവ്യറിനുള്ള തുടര്‍ ചികിത്സ എന്നിവയുടെ കാര്യത്തില്‍ ഇപ്പോഴും ആശങ്കയുണ്ടെന്ന് സിയാദ് വ്യക്തമാക്കി.
കുടുംബത്തിന്റെ ഏക ആശ്രയമായ പൊന്നപ്പന്റെ അനുജന്‍ കഴിഞ്ഞ ആഴ്ചയാണ് മരണപ്പെട്ടത് എന്നതിനാല്‍ ആശ്രയമറ്റ ഒരു ഭാര്യയും രണ്ടുമക്കളുമുള്ള ഒരു വീട്ടിലേക്ക് ഈ അവസ്ഥയില്‍ പൊന്നപ്പന്‍ കൂടിയെത്തിയാലുള്ള സ്ഥിതി ഏറെ ദയനീയമായിരിക്കും.
നാട്ടിലെത്തിക്കുന്ന പൊന്നപ്പനെ ഇനി സുരക്ഷിതമായ ഒരു പുനരധിവാസകേന്ദ്രത്തില്‍ തുടര്‍ചികിത്സ നല്‍കാനാവശ്യമായ നടപടികള്‍ കൂടി ഉണ്ടാവണമെന്നും അതിന് സുമനസ്സുകളുടെ കൂട്ടായ സഹകരണവും സഹായവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."