വീട്ടുനമ്പര്‍ ലഭിക്കണമെങ്കില്‍ ക്വാറിക്കെതിരേ പരാതി നല്‍കില്ലെന്ന ഉറപ്പ് നല്‍കണം..!
മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തില്‍ വീട്ടുനമ്പര്‍ കിട്ടണമെങ്കില്‍ ഇനി ആവശ്യമായ മുഴുവന്‍ രേഖകളുമായെത്തിയാല്‍ മാത്രം പോര. സമീപത്തെ ക്വാറികള്‍ക്കും ക്രഷറുകള്‍ക്കുമെതിരേ ഭാവിയില്‍ യാതൊരു പരാതിയും നല്‍കില്ലെന്ന് 200 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്യണം. ഒരു നിയമ പുസ്തകത്തിലുമില്ലാത്ത വിചിത്രമായ ഈ ആവശ്യം ഉന്നയിച്ചത് പഞ്ചായത്ത് സെക്രട്ടറി പി.പി രാജനാണ്. കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം സ്വദേശി പ്ലാത്തിപ്ലാക്കല്‍ അബ്ദുല്‍ ഖാദറിനോടാണ് സെക്രട്ടറി ഈ ആവശ്യമുന്നയിച്ചത്. ഇത്തരമൊരു ആവശ്യം രേഖാമൂലം എഴുതി നല്‍കാനും സെക്രട്ടറി തയാറായി.
കഴിഞ്ഞ മാസം 5 നാണ് തന്റെ സ്വന്തം സ്ഥലത്ത് നിര്‍മിച്ച വീടിന് വൈദ്യുതി കണക്ഷനും മറ്റുമായി കെട്ടിട നമ്പര്‍ ലഭിക്കാന്‍ അബ്ദുല്‍ ഖാദര്‍ പഞ്ചായത്തില്‍ അപേക്ഷ നല്‍കിയിരുന്നത്. ഈ അപേക്ഷയില്‍ മേല്‍ തുടര്‍നടപടി അന്വേഷിച്ചെത്തിയപ്പോഴാണ് സെക്രട്ടറിയുടെ വിചിത്ര ആവശ്യം ഇദ്ദേഹത്തിന് ലഭിച്ചത്. ക്വാറിക്കാരെ സംരക്ഷിക്കുന്നതിന് മുന്‍കൂര്‍ സമ്മതമാണ് പഞ്ചായത്ത് സെക്രട്ടറി പാവപ്പെട്ട നാട്ടുകാരില്‍ നിന്ന് പതിച്ചു വാങ്ങുന്നത്. സംസ്ഥാനത്ത് പഞ്ചായത്ത് രാജ് ചട്ടങ്ങളും നിയമങ്ങളും പലയിടത്തും തദ്ദേശസ്വയംഭരണ വകുപ്പിനെ നോക്കുകുത്തിയാക്കി പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ ക്വാറികള്‍ക്ക് വേണ്ടി ഭേദഗതി ചെയ്യുന്നതായുള്ള പരാതികള്‍ നിലനില്‍ക്കേയാണ് സെക്രട്ടറിയുടെ ഈ ആവശ്യമെന്നതും ശ്രദ്ധേയമാണ്.
നേരത്തെ പഞ്ചായത്തിലെ മാടാമ്പി ഭാഗത്ത് നാട്ടുകാര്‍ വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിപ്പു തുടരുമ്പോള്‍ ക്വാറി മാഫിയക്ക് മാത്രം പട്ടയം നല്‍കിയ നടപടിയും വിവാദമായിരുന്നു. അങ്കണവാടി കെട്ടിടം പാറമടക്കായി മാറ്റിപ്പണിത പഞ്ചായത്ത് കൂടിയാണ് കൊടിയത്തൂര്‍.
ചട്ടപ്രകാരമുള്ള
നടപടിയല്ലെന്ന് സെക്രട്ടറി
മുക്കം: വീട്ടുനമ്പര്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയ ആളോട് ക്വാറിക്കെതിരെ പരാതി നല്‍കില്ലന്ന് മുദ്രപത്രത്തില്‍ എഴുതി നല്‍കണമെന്ന് താന്‍ പറഞ്ഞത് ചട്ടപ്രകാരമോ നിയമാനുസൃതമോ ആയ നടപടിയല്ലെന്ന് പഞ്ചായത്ത് സെക്രട്ടറി പി.പി രാജന്‍ പറഞ്ഞു. ക്വാറി അധികൃതരുമായി നിരന്തരം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സ്ഥലമായതിനാല്‍ തന്റെ സുരക്ഷക്കായാണ് ഇങ്ങനെ എഴുതി നല്‍കിയതെന്നാണ് ഇദ്ദേഹത്തിന്റെ വാദം. സംഭവം വിവാദമായതോടെ സെക്രട്ടറിയുടെ നിര്‍ദേശം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."