പുഞ്ചകൃഷിയുടെ നിറവില്‍ നിളയോരം
പൊന്നാനി: പുഞ്ചകൃഷിയുടെ നിറവില്‍ നിളാതീരങ്ങള്‍. പൂര്‍ണമായും നിളയെ ആശ്രയിച്ചു ചെയ്യുന്ന പുഞ്ച കൃഷിയില്‍ നിറയുകയാണ് പുഴയുടെ തീരങ്ങള്‍. കൃഷിയിലെ തിരിച്ചുനടത്തത്തിന്റെ പ്രതീകമാവുകയാണ് ഈ കാഴ്ചകള്‍. മുന്‍ കാലങ്ങളില്‍ ഭാരതപ്പുഴയോരത്തെ പാടങ്ങളില്‍ പുഞ്ച കൃഷി ചെയ്തിരുന്നവര്‍ ധാരാളമായിരുന്നു. മൂന്നാമത്തെ വിളയെടുക്കുന്നതാണ് പുഞ്ച കൃഷി എന്നറിയപ്പെടുന്നത്. നേരത്തെ ഏത് പാടത്തും രണ്ട് വിളവെടുത്തിരുന്നു. വെള്ളത്തിന്റെ കുറവ് വരുമ്പോള്‍ വലിയ കുളങ്ങളേയും ഭാരതപ്പുഴയേയുമാണ് ആശ്രയിച്ചിരുന്നത്.
മൂന്നാമത്തെ വിളയായ പുഞ്ച പൂര്‍ണമായും നിളയെ ആശ്രയിച്ചാണ് ചെയ്തിരുന്നത്.പുഴയോരത്തുള്ളവര്‍ പുഴയില്‍നിന്ന് മോട്ടോറുകള്‍ ഉപയോഗിച്ച് പമ്പ് ചെയ്താണ് വെള്ളം എത്തിച്ചിരുന്നത്. താല്‍ക്കാലികമായി കുഴിച്ച കിണറില്‍നിന്നോ പുഴയില്‍ ഏതെങ്കിലും വശത്ത് ഒഴുകിയിരുന്ന വെള്ളത്തെ ചാല് കീറി ഓരത്തേക്ക് കൊണ്ട് വന്നോ അതില്‍ നിന്നാണ് പമ്പ് ചെയ്തിരുന്നത്. അപൂര്‍വം ചിലര്‍ ഏത്തമുപയോഗിച്ച് തേകിയും നച്ചിരുന്നു. പച്ചക്കറി, ചാമ, എള്ള് തുടങ്ങിയവയും പുഴയോരത്ത് വ്യാപകമായി കൃഷ ചെയ്തിരുന്നു.
കൃഷിയോട് പൊതുവെയുണ്ടായ താല്‍പര്യക്കുറവ്, തൊഴിലാളികളെ കിട്ടാത്ത പ്രശ്‌നം, ചെലവിനുസരിച്ച് ഉല്‍പന്നങ്ങള്‍ക്ക് വില കിട്ടാത്തത്, പുഴയിലെ വെള്ളത്തിന്റെ കുറവ് ഇങ്ങനെയുള്ള കാരണങ്ങളാല്‍ പലരും വിള ഒന്നാക്കി ചുരുക്കി. ഒരു വിള പോലും പാടത്ത് ചെയ്യാന്‍ പറ്റാത്ത രീതിയില്‍ മാറിയവരും ധാരാളം.
പുഴയില്‍ പലയിടത്തും തടയണ വന്നതോടെ പുഴയില്‍ വെള്ളമുണ്ട്. ഈ സാഹചര്യത്തിലാണ് പുഴയോരത്ത് പുഞ്ച, വാഴ കൃഷികളുടെ തിരിച്ചുവരവ്. ഇതിലൂടെ പഴയ കാര്‍ഷിക സംസ്‌ക്കാരത്തെ കുറെശ്ശെയെങ്കിലൂം തിരിച്ചു പിടിക്കാനാവുമോ എന്ന ശ്രമത്തിലാണ് ഒരു കൂട്ടം കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."