യോഗാഭ്യാസം ആത്മീയമാക്കുമ്പോള്‍
കഴിഞ്ഞവര്‍ഷം ആര്‍ഭാടപൂര്‍വം നടന്ന യോഗാദിനം ഇന്നു രണ്ടാംപ്രാവശ്യം ആചരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥന മാനിച്ച് ഐക്യരാഷ്ട്രസഭ ജൂണ്‍ 21 ലോകയോഗദിനമായി പ്രഖ്യാപിക്കുകയായിരുന്നു. വസുധൈവകുടുംബകം എന്ന സന്ദേശമുയര്‍ത്തുന്നതാണു യോഗയെന്നും കഴിഞ്ഞപ്രാവശ്യം ലോകമെങ്ങും ഒരൊറ്റ മനസ്സായി യോഗയ്ക്കുവേണ്ടി അണിനിരന്നത് അക്കാര്യമാണു വ്യക്തമാക്കുന്നതെന്നുമാണ് രണ്ടാം യോഗദിനാചരണത്തിന്റെ മുന്നോടിയായി പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞത്.
ലോകം ഒരൊറ്റ കുടുംബമാണെന്നു ലോകരാഷ്ട്രങ്ങളെ സുഖിപ്പിക്കുവാനായി പറയാം. 2002 ല്‍ ഗുജറാത്തില്‍ നിരപരാധികളായ മുസ്‌ലിംകളെ കൂട്ടക്കൊലചെയ്തതിന്റെ പാപക്കറ അദ്ദേഹത്തിന്റെ കരങ്ങളില്‍ ഇന്നുമുണ്ട്. സംഭവിച്ചുപോയതു തന്റെ സര്‍ക്കാറിന്റെ അറിവോടെയായിരുന്നില്ലെന്നും അങ്ങിനെയൊന്നു സംഭവിച്ചതില്‍ ദുഃഖമുണ്ടെന്നും ഒറ്റവാചകത്തിലെങ്കിലും അദ്ദേഹം പറഞ്ഞില്ല. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, മറ്റു പല സംഭവങ്ങളിലെന്നതുപോലെ ഗുജറാത്ത് കലാപത്തിലെ ഇരകളെ സംബന്ധിച്ചും മോദി മൗനം പാലിച്ചു.
മോദി വിഭാവനചെയ്യുന്ന വസുധൈവകുടുംബത്തില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടമില്ലെന്നുണ്ടോ. കഴിഞ്ഞ യോഗദിനത്തില്‍ ലോകമെങ്ങും അണിനിരന്നത് അതിശയിപ്പിക്കുന്ന അനുഭവമായിത്തോന്നി അദ്ദേഹത്തിന്. അതു സത്യമാണെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഒന്നായിക്കാണാന്‍ അദ്ദേഹത്തിനു കഴിയേണ്ടതാണ്. കായികവ്യായാമമെന്നതിനപ്പുറം യോഗ ആത്മീയമായ ഉണര്‍വുനല്‍കുന്നുവെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആത്മീയതയെന്നതുകൊണ്ട് എന്താണദ്ദേഹം വിവക്ഷിക്കുന്നതെന്നു വ്യക്തം.
യോഗ എന്ന കായികാഭ്യാസത്തെ സംഘ്പരിവാറിന്റെ ആശയത്തോടു കൂട്ടിച്ചേര്‍ക്കുന്നുവെന്നതാണ് ഉയരുന്ന മുഖ്യപരാതി. ആ പരാതി ശരിവയ്ക്കുകയാണു യോഗയുടെ ആത്മീയഉണര്‍വുസംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമര്‍ശം. ലോകം ഇന്നു യോഗദിനമായി ആചരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ചിന്തയാണു സംഘ്പരിവാറിന്. പ്രധാനമന്ത്രി ചണ്ഡീഗഡിലും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മുംബൈയിലും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലക്‌നോവിലും യോഗദിനത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ പത്തുകേന്ദ്രമന്ത്രിമാരാണു കൂട്ടത്തോടെ പങ്കെടുക്കുന്നത്.
ആറുമാസം കഴിഞ്ഞു യു.പിയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി പലവിധ തന്ത്രങ്ങള്‍ പയറ്റുന്ന ബി.ജെ.പിയുടെ മറ്റൊരു തന്ത്രമാണിത്. മുസ്‌ലിംകളുടെ ഭീഷണിയെത്തുടര്‍ന്നു ഹിന്ദുക്കള്‍ ഒഴിഞ്ഞുപോവുകയാണെന്ന പ്രചാരണം ബി.ജെ.പി എം.പി ഹുകുംസിങിന്റെ നേതൃത്വത്തില്‍ പ്രചരിപ്പിച്ചതു നാലുദിവസം മുമ്പാണ്. ഭരണകൂടം നിജസ്ഥിതിയന്വേഷിക്കുകയും വ്യാജപ്രചാരണമാണെന്നു കെണ്ടത്തുകയും ചെയ്തു. തീര്‍ത്തും ആരോഗ്യദായകവും കര്‍മശേഷി വളര്‍ത്താനുതകുന്നതുമായ വ്യായാമമുറയെ സംഘ്പരിവാര്‍ റാഞ്ചിയതിന്റെ കഥയാണ് ഇപ്പോഴത്തെ യോഗദിനാചരണങ്ങള്‍ക്കു പറയാനുള്ളത്. സദസില്‍ കിടക്കുന്നൊരു കസേരയെടുത്തു നാടകം കളിക്കുന്ന വേദിയിലിട്ടാല്‍ ആ കസേര നാടകീയമായി തീരും. തിയേറ്ററിക്കല്‍ ചെയറെന്നാണ് അതിനെ പിന്നീട് പറയുക.
നിര്‍ദ്ദോഷമായ ഇന്ത്യയുടെ ഒരു വ്യായാമമുറയെ ബാബാ രാംദേവിന്റെ നേതൃത്വത്തില്‍ ഹിന്ദുത്വശക്തികള്‍ റാഞ്ചിയപ്പോള്‍ അതൊരു സംഘ്പരിവാര്‍ ഛായയുള്ള ദിനാചരണമായി മാറി. ഓരോ ജൂണ്‍ 21 രാജ്യാന്തരയോഗദിനമായി ആചരിക്കപ്പെടുന്നതില്‍ സംഘ്പരിവാര്‍ വിജയിക്കുകയും ചെയ്തു. കഴിഞ്ഞവര്‍ഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹി രാജ്പഥ് മൈതാനിയില്‍ സംഘടിപ്പിച്ച യോഗദിനാചരണം അതിന്റെ ആര്‍ഭാടംകൊണ്ടാണു ശ്രദ്ധപിടിച്ചുപറ്റിയത്.
ചില മുസ്‌ലിംസംഘടനകളും മുസ്‌ലിംനാമധാരികളും അന്നു 'യോഗോത്സവ'ത്തെ അഹമഹമികയാ പുകഴ്ത്തി. കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെയായിരുന്നു അവര്‍. രുഗ്മിണീസ്വയംവരവും കീചകവധവും ആസ്വദിക്കണമെങ്കില്‍ ആട്ടവിളക്കിനരികില്‍ തലയാട്ടിയിരുന്നാല്‍ പോരാ, കഥയറിയണം.
കഴിഞ്ഞപ്രാവശ്യത്തെ യോഗാദിനാചരണത്തെ റിപ്പബ്ലിക് ദിനാഘോഷത്തോടായിരുന്നു ചില മാധ്യമങ്ങളും സംഘടനകളും ഉപമിച്ചത്. അത് ആലങ്കാരിക പ്രയോഗമായിരുന്നില്ല. ബോധപൂര്‍വമായ നിര്‍മ്മിതിയായിരുന്നു. രാജ്യം റിപ്പബ്ലിക്കായതു സ്വാതന്ത്ര്യസമരത്തിന്റെ അതിതീക്ഷ്ണമായ രണഭൂമി താണ്ടിയാണ്. ജനുവരി 26 ലെ റിപ്പബ്ലിക്ദിനത്തെ ജൂണ്‍ 21 ലെ യോഗദിനത്തോടുപമിക്കുമ്പോള്‍ ഒരു മാറ്റിപ്രതിഷ്ഠിക്കലാണു നടക്കുന്നത്. സ്വാതന്ത്ര്യസമരത്തെ അംഗീകരിക്കാത്ത സംഘ്പരിവാറിന് ഇന്ത്യന്‍ റിപ്പബ്ലിക്കും പഥ്യമല്ല. പകരം അവിടെ യോഗാദിനത്തെ പ്രതിഷ്ഠിക്കുകയെന്നതു ബോധപൂര്‍വമാണ്.
ഫാസിസം ഇങ്ങനെയാണു ജനമനസ്സുകളില്‍ ഇടംപിടിക്കുന്നത്. ഇത്തരം മാറ്റിപ്രതിഷ്ഠിക്കലിലൂടെ ജനമനസ്സുകള്‍ ഫാസിസത്തിനു പാകപ്പെടും. ഫാസിസം കൊട്ടിഘോഷങ്ങളോടെയല്ല, അരിച്ചരിച്ചാണ് രാഷ്ട്രഗാത്രത്തില്‍ പടര്‍ന്നുകയറുന്നതെന്നുപറയുന്നത് ഇതുകൊണ്ടാണ്. എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ഓരോരോ ചടങ്ങുകളിലൂടെ ഫാസിസത്തിനു കഴിയും. യോഗയെ രാജ്യാന്തരദിനമായി അടയാളപ്പെടുത്തി വിവിധ ജാതിമതസ്ഥരെ അതിന്റെ ആകര്‍ഷണവലയത്തിലേയ്ക്കു കൊണ്ടുവരുമ്പോള്‍ അതിലൊളിഞ്ഞിരിക്കുന്ന അപകടം കാണാതിരുന്നൂകൂടാ. യോഗയുടെ ആത്മീയതകൊണ്ടു ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നതും ഇതുതന്നെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."