വിദേശ മുസ്ലിം നയതന്ത്രജ്ഞര്‍ക്കായി ആര്.എസ്.എസ് ഇഫ്താര്‍ നടത്തുന്നു
ന്യൂഡല്‍ഹി: വിദേശ മുസ്ലിം നയതന്ത്രജ്ഞര്‍ക്കായി സംഘ്പരിവാര്‍ ഡല്‍ഹിയില്‍ നോമ്പുതുറ സംഘടിപ്പിക്കും. ആര്. എസ്.എസ് പോഷക സംഘടനയായ മുസ്ലിം രാഷ്ട്രീയമഞ്ചാണ്(എം.ആര്.എം) ജൂലൈ രണ്ടിന് ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. നൂറ്റിനാല്പ്പതോളം വിദേശ രാജ്യങ്ങളുടെ ഇന്ത്യയിലെ അംബാസഡര്‍മാരെ ക്ഷണിച്ചിട്ടുണ്ടെന്ന് എം.ആര്.എം അധ്യക്ഷന്‍ മുഹമ്മദ് അഫ്സല് പറഞ്ഞു.
പാകിസ്താന് അടക്കമുള്ള മുസ്ലിം രാജ്യങ്ങളിലെ പ്രതിനിധികളെ കൂടാതെ ഇന്ത്യയുമായി സൗഹൃദം പുലര്‍ത്തുന്ന മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, ഉപരാഷ്ട്രപതി, ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍, വൈസ്ചാന്‍സലര്‍മാര്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. ആര്.എസ്.എസ് പ്രതിനിധികളും കേന്ദ്രമന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നും അഫ്സല് പറഞ്ഞു.
കഴിഞ്ഞതവണയും എം.ആര്.എം ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നെങ്കിലും ഇത്ര വിപുലമായിട്ടായിരുന്നില്ല. പാര്ലമെന്റ്ഹൗസ് അനക്സിലാണ് പരിപാടി. ആര്.എസ്.എസിനു ചടങ്ങുമായി നേരിട്ട് ബന്ധമില്ലെന്ന് എം.ആര്.എം മാര്‍ഗദര്‍ശിയും മുതിര്‍ന്ന ആര്.എസ്.എസ് നേതാവുമായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. മുസ്ലിംകള് മുസ്ലിംകള്‍ക്കു വേണ്ടി നടത്തുന്ന പരിപാടിയാണിതെന്നും ആര്.എസ്.എസ് ഇഫ്താര്‍ നടത്താറില്ലെന്നും ഇന്ദ്രേഷ്കുമാര് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."