മെക്‌സിക്കോയില്‍ അധ്യാപക റാലിയില്‍ സംഘര്‍ഷം; ആറു പേര്‍ കൊല്ലപ്പെട്ടു
മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ ഒക്‌സാകയില്‍ പ്രതിഷേധക്കാരായ അധ്യാപകരും പൊലിസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്കു പരുക്കേറ്റു. ഞായറാഴ്ചയായിരുന്നു സംഭവം.
രാജ്യത്തെ വിദ്യാഭ്യാസ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ചും കള്ളപ്പണം വെളുപ്പിക്കുന്നതടക്കമുള്ള കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ട യൂണിയന്‍ നേതാക്കളെ വെറുതെവിടണമെന്നാവശ്യപ്പെട്ടുമായിരുന്നു അധ്യാപകപ്രതിഷേധം.
റാലിയായെത്തിയ അധ്യാപകര്‍ റോഡുകള്‍ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്നു പൊലിസിനു നേരെ കല്ലേറു നടത്തുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നുണ്ടായ പൊലിസ് നടപടിയിലാണ് ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തത്.
അധ്യാപക യൂണിയന്റെ പ്രതിഷേധത്തില്‍ സംസ്ഥാനത്തെ പലയിടങ്ങളിലും ഇത്തരത്തില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും സംസ്ഥാന തലസ്ഥാനത്താണു കൂടുതല്‍ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. ഒക്‌സാകയില്‍ നടന്ന സംഭവത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതിനു പുറമേ, 53 സാധാരണക്കാര്‍ക്കും 55 പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടതു സാധാരണക്കാരാണ്. ഇതില്‍ രണ്ടുപേര്‍ അധ്യാപക സംഘടനയിലെ അംഗങ്ങളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."