14 വര്‍ഷം മുന്‍പ് മരിച്ച വ്യക്തിയുടെ മൃതദേഹം അഴുകാതെ ഖബറില്‍
നീലേശ്വരം: തൈക്കടപ്പുറത്തെ അത്ഭുതപ്പെടുത്തി 14 വര്‍ഷം മുന്‍പ് മരിച്ച വ്യക്തിയുടെ മൃതദേഹം ഖബറില്‍ അഴുകാതെ കിടക്കുന്നു. തൈക്കടപ്പുറത്തെ മാളയില്‍ അഹമ്മദ് ഹാജിയുടെ ദേഹമാണ് ഖബറില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അഴുകാതെ കിടക്കുന്നത്. കഴിഞ്ഞ ദിവസം നിര്യാതയായ അദ്ദേഹത്തിന്റെ ഭാര്യ ആഇശ (80) യുടെ മൃതദേഹം മറവുചെയ്യാന്‍ ഖബര്‍ തുറന്നപ്പോഴാണ് ഈ അത്ഭുതം ശ്രദ്ധയില്‍ പെട്ടത്.
ഖബര്‍ തുറന്നപ്പോള്‍ ആദ്യം തുണിയാണ് ശ്രദ്ധയില്‍ പെട്ടത്. അത് നീക്കിയപ്പോള്‍ മൃതദേഹത്തിന്റെ കാല് പുറത്തുകാണുകയും ചെയ്തു. തുടര്‍ന്ന് മൃതദേഹത്തെ സ്പര്‍ശിച്ചു നോക്കിയപ്പോഴാണ് ശരീരഭാഗങ്ങള്‍ അഴുകാതെ നില്‍ക്കുന്നത് കണ്ടത്. സ്ഥലസൗകര്യമില്ലാത്തതിനാല്‍ ഇത്തരത്തില്‍ പഴക്കമുള്ള നിരവധി ഖബറുകള്‍ തുറന്നിരുന്നെങ്കിലും ഇത്തരമൊരനുഭവം ആദ്യത്തേതാണെന്ന് ജമാഅത്ത് ഭാരവാഹികള്‍ പറഞ്ഞു.
കര്‍ഷകനായിരുന്ന അഹമ്മദ്ഹാജി ഇസ്‌ലാമിക ചിട്ടയിലും മതനിയമങ്ങളനുസരിച്ചും ജീവിച്ചയാളാണെന്നും അവര്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ പാരായണവും സ്വലാത്തുകളും ദിക്‌റുകളും പതിവാക്കിയ ആളായിരുന്നെന്നും ബന്ധുക്കളും പറഞ്ഞു. സംഭവം സോഷ്യല്‍മീഡിയകളിലുള്‍പ്പെടെ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."