കൊയിലാണ്ടി പഴയ ബസ് സ്റ്റാന്‍ഡ് അപകടമേഖലയാകുന്നു
കൊയിലാണ്ടി: പഴയബസ്റ്റാന്‍ഡിലേക്കുള്ള പ്രവേശന ഭാഗത്ത് അപകടങ്ങള്‍ പതിവായതോടെ ട്രാഫിക്ക് പരിഷ്‌ക്കരിക്കണം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോഴിക്കോട് ഭാഗത്ത് നിന്നും അമിതവേഗതയില്‍ എത്തുന്ന ബസുകളാണ് അപകടമുണ്ടാക്കുന്നത്. കണ്ണുര്‍ ഭാഗത്തേക്കുള്ള യാത്രക്കാരെ ലഭിക്കുന്നതിന് ബസുകള്‍ തമ്മില്‍ മത്സരിച്ചാണ് ബസ് സ്റ്റാന്‍ഡിലെത്തുന്നത്.
ഇതാണ് ഈ ഭാഗത്ത് അപകടങ്ങള്‍ക്ക് കാരണം. തൊട്ടടുത്തുള്ള ഇന്ധന പമ്പില്‍ നിന്നും വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്നതും അപകട സാധ്യതയുള്ള ഭാഗത്തേക്കാണ്.
തെരുവ് കച്ചവടം നടക്കുന്ന ആല്‍ ചുവട്ടിലേക്ക് നൂറുകണക്കിനാളുകളാണ് എത്തുന്നത്. അപകടം പതിയിരിക്കുന്ന ഈ ഭാഗത്ത് ട്രാഫിക്ക് നിയന്ത്രണം കര്‍ശനമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പഴയ സ്റ്റാന്‍ഡില്‍ കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ രണ്ട് വഴിയിലൂടെയാണ് പ്രവേശിക്കുന്നത് .
പ്രവേശനം ഒരു ഭാഗത്ത് കൂടെ മാത്രമാക്കിയാല്‍ അപകടം കുറക്കാന്‍ സാധിക്കുമെന്നാണ് പരിസരത്തെ കച്ചവടക്കാര്‍ പറയുന്നത്. പുതിയ സ്റ്റാന്‍ഡ് ഭാഗത്ത് നിന്നും സീബ്രാ ലൈനിലൂടെ യാത്രക്കാര്‍ പഴയ സ്റ്റാന്‍ഡ് ഭാഗത്തേക്ക് വരുന്നതും ഈ ജങ്ഷനിലൂടെയാണെന്നത് യാത്രക്കാരെ ആശങ്കയിലാക്കുന്നുണ്ട് .
ഇന്നലെ വൈകിട്ട് നാലു മണിയോടെ ആക്റ്റീവയില്‍ സഞ്ചരിച്ച കൊയിലാണ്ടി സ്വദേശി അബ്ദുറസാഖ് (സിലോണ്‍ ) എന്നയാളെ കോഴിക്കോട് ഭാഗത്ത് നിന്ന് വന്ന ബസ് ഇടിച്ച് വീഴ്ത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ ഒരു കൈക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."