ഭരണഘടനാ ബെഞ്ച് വിധിയും വര്‍ഗീയഫാസിസവും
ജാതി, മതം, സമുദായം, വംശം, ദേശം, ഭാഷ എന്നിവയെ തെരഞ്ഞെടുപ്പു പ്രചാരണങ്ങളില്‍ ഉപയോഗിക്കുകയും അങ്ങനെ വിജയം നേടുകയും ചെയ്യുന്നതിനെ ചെറുക്കുന്ന ഭരണഘടനാ ബെഞ്ചിന്റെ സമീപകാലാവധിയുടെ പ്രായോഗികത സംശയാസ്പദമാണ്. ഭരണഘടനയില്‍ നിലവിലുള്ള ജനപ്രാതിനിധ്യ നിയമം തന്നെ മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള വോട്ടുപിടിത്തവും അധികാരനേട്ടവും വിലക്കുന്നതാണ്. എന്നാല്‍, നാളിതുവരെയും ഒരു തെരഞ്ഞെടുപ്പും ജാതി-മത-സമുദായ വികാരങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രചാരണങ്ങളില്‍ നിന്നു മുക്തമായിട്ടില്ല.
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പു മുതല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെയുള്ളതില്‍ ജാതിയും മതവും സമുദായവും യഥേഷ്ടം വിനിയോഗിക്കപ്പെടുന്നുണ്ട്. മതനിരപേക്ഷ രാഷ്ട്രമായി ധരിക്കപ്പെടുന്ന ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും കണിശമായ മതനിരപേക്ഷതയ്ക്കുവേണ്ടണ്ടി നിലകൊള്ളുകയും ആ നിലപാടിന്റെ അടിസ്ഥാനത്തില്‍ സ്വന്തം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ അവസ്ഥ മറ്റൊന്നാകുമായിരുന്നു.
മതനിരപേക്ഷത ഇന്ത്യന്‍ പൗരന്റെ ജീവിതസംസ്‌കാരമായിരിക്കണമെന്നതു ഭരണഘടനയുടെ അടിസ്ഥാന നയമാണ്. അതിനര്‍ഥം വൈയക്തികതലത്തില്‍ മതം തള്ളിക്കളയണമെന്നല്ല. ഇന്ത്യന്‍ സമൂഹം ജൈവഘടനയില്‍ മതാധിഷ്ഠിതമാണ്. സ്വാതന്ത്ര്യസമരചരിത്രത്തില്‍പോലും മതാധിഷ്ഠിതമായ അധികാരതാല്‍പര്യങ്ങളുടെ വേലിയേറ്റം കാണാം.
മഹാത്മാഗാന്ധി സ്വന്തം പ്രാണന്‍ സമര്‍പ്പിച്ചത് ആ വേലിയേറ്റത്തെ ചെറുക്കുന്നതിനു വേണ്ടണ്ടിയാണ്. സ്വതന്ത്ര ഇന്ത്യയില്‍ ബുദ്ധിജീവികളിലെ ബുദ്ധിജീവി എന്നു വിശേഷിപ്പിക്കാവുന്ന ജവഹര്‍ലാല്‍ നെഹ്‌റു യത്‌നിച്ചതും ആ ലക്ഷ്യത്തോടെയായിരുന്നു.
ഭരണഘടനാപരമായ സുരക്ഷിതത്വമാണു പൊതുനിയമങ്ങളുടെ ഉള്ളടക്കങ്ങളെ പരിഗണനീയമാക്കുന്നതെങ്കില്‍ ഭരണഘടനയോടുള്ള പൂര്‍ണ വിധേയത്വമാണു രാഷ്ട്രീയപ്രസ്ഥാനങ്ങളെ സാധൂകരിക്കുന്നത്. ഭരണഘടന മതനിരപേക്ഷമായിരിക്കുന്ന കാലത്തോളം രാഷ്ട്രീയപ്പാര്‍ട്ടികളും കണിശമായി മതനിരപേക്ഷമായിരുന്നേ പറ്റൂ. അധികാരവും മറ്റു നേട്ടങ്ങളും ലക്ഷ്യമാക്കി രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാതി, മതം, വിശ്വാസം, സമുദായം, വംശം, ദേശം, ഭാഷ, ആചാരം, അനുഷ്ഠാനം എന്നീ ഘടകങ്ങളെ ആയുധമാക്കുന്നത് ഭരണഘടനാവിരുദ്ധമായ പ്രവൃത്തിയാണ്. അടിത്തട്ടില്‍ നിലനില്‍ക്കുന്ന ഈ വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുകയാണു ഭരണഘടനാ ബെഞ്ചിന്റെ സമീപകാല നിലപാട്.
സ്ഥനാര്‍ഥികള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധം സൃഷ്ടിക്കുന്നതല്ല ജാതി, മതം തുടങ്ങിയവ ഉപയോഗിക്കരുത് എന്ന ആശയം. കാരണം, തെരഞ്ഞെടുപ്പുകള്‍ പൗരസമൂഹത്തിന്റെ തികച്ചും ഭൗതികമായ വ്യവഹാരങ്ങളുമായും ലൗകികമായ ഭാഗധേയങ്ങളുമായും ബന്ധപ്പെട്ടതാണ്. മതവും വിശ്വാസവും മനുഷ്യനും ദൈവത്തിനുമിടയിലുള്ള വിഷയമാണ്. അത്തരം അലൗകികവും അഭൗതികവുമായ മാനങ്ങളുള്ള വിഷയങ്ങളിലേക്കു രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കടന്നുകയറ്റം നടത്തുന്നതു നിയന്ത്രിക്കപ്പെടേണ്ടണ്ടത് ഒരേസമയം മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭദ്രതയ്ക്കും വിശുദ്ധിക്കും ആവശ്യമാണ്.
മതനിരപേക്ഷ അവബോധങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ മതംകലരുന്ന രാഷ്ട്രീയവും രാഷ്ട്രീയം കലരുന്ന മതവും ഒരേസമയം അപകടകാരികളാണ്. രാഷ്ട്രീയത്തെ മൂല്യാധിഷ്ഠിതമായി ക്രമീകരിക്കുകയെന്ന അര്‍ഥത്തില്‍ മതത്തിന്റെ ഗുണപരമായ ആശയങ്ങള്‍ക്കു രാഷ്ട്രീയത്തില്‍ പരിഗണനയും പ്രാധാന്യവും നല്‍കിയ ഗാന്ധിജിപോലും അര്‍ഥമാക്കിയതു നൈതികമായി രാഷ്ട്രീയം വേറിട്ടു നില്‍ക്കണമെന്നാണ്. ചിര പുരാതനമായ മൂല്യസങ്കല്‍പങ്ങളിലെ പ്രതീകസംജ്ഞകളെ സമകാലികരാഷ്ട്രീയത്തിന്റെ നൈതികവും ധാര്‍മികവുമായ ജാഗ്രതീകരണത്തില്‍ വിനിയോഗിക്കുക മാത്രമാണു രാമരാജ്യമെന്ന കാഴ്ചപ്പാടിലൂടെ ഗാന്ധിജി ചെയ്തത്.
സ്വതന്ത്രഇന്ത്യയില്‍ മതത്തെയും വിശ്വാസപരമായ പരാമര്‍ശങ്ങളെയും തെരഞ്ഞെടുപ്പു പ്രചാരണോപാധിയാക്കിയിട്ടുള്ളതു മതാത്മകരാഷ്ട്രീയത്തിന്റെ വക്താക്കളായ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളാണ്. ജനസംഘത്തിനുശേഷം ഭാരതീയ ജനതാപാര്‍ട്ടി നിലവില്‍വന്ന ഘട്ടംമുതല്‍ ഈ വിനിയോഗത്തില്‍ സവിശേഷമായ ചില ശൈലികള്‍ പ്രത്യക്ഷപ്പെട്ടതായിക്കാണാം. പേരില്‍ ജാതിയോ മതമോ സമുദായമോ ഒന്നുമല്ലാത്ത പാര്‍ട്ടിയാണു ഭാരതീയ ജനതാപാര്‍ട്ടി. ഭാരതീയ ജനതയെന്നതില്‍ ഹിന്ദുവിനും മുസ്്‌ലിമിനും ക്രിസ്ത്യാനിക്കും ജൈന നും പാഴ്‌സിക്കുമൊക്കെ പ്രാതിനിധ്യമുണ്ട്.
എന്നാല്‍, പ്രത്യയശാസ്ത്രപരമായി ബി.ജെ.പി പ്രതിനിധാനം ചെയ്യുന്നത് ആര്‍.എസ്.എസിന്റെ ആദര്‍ശമായ ഹിന്ദുരാഷ്ട്രവാദമാണ്. ഇത്തരം വീക്ഷണത്തോടെയുള്ള പ്രചാരണം എക്കാലവും അവര്‍ നടത്തിയിട്ടുമുണ്ട്. പാര്‍ലമെന്റില്‍ കേവലം രണ്ടംഗം മാത്രമണ്ടായിരുന്ന ബി.ജെ.പി ഇന്ന് ഇന്ത്യ ഭരിക്കുന്ന ഭരണവര്‍ഗ പാര്‍ട്ടിയായി മാറിയത് സഹജവും സ്വാഭാവികവുമായ ഒരു വളര്‍ച്ചയുടെയുംപരിണാമത്തിന്റെയും ഭാഗമായിട്ടല്ല. പച്ചയായ വര്‍ഗീയ പ്രചാരണങ്ങളുടെയും മതവിദ്വേഷം വളര്‍ത്തുന്ന ആശയപ്രചാരണങ്ങളുടെയും സഹായത്തോടെ കൃത്രിമമായി സാധിച്ചെടുത്തതാണ് ബി.ജെ.പിയുടെ വളര്‍ച്ചയും അധികാര പ്രാപ്തിയും.
ശ്രീരാമഭക്തിയും രാമക്ഷേത്ര നിര്‍മാണവും മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങളും അവര്‍ വേണ്ടണ്ടത്ര വിനിയോഗിച്ചുവന്നിട്ടുണ്ട്. ഇന്ത്യയിലെ മുസ്്‌ലിംകള്‍ ക്ഷേത്രധ്വംസകരാണെന്നും ക്രിസ്ത്യാനികള്‍ അന്നം നല്‍കി മതം മാറ്റുന്നവരാണെന്നും മുസ്്‌ലിം ദേവാലയങ്ങളില്‍ പലരും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് പണിതുയര്‍ത്തിയവ ആണെന്നും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ കഴിഞ്ഞ കാലങ്ങളിലെല്ലാം ഇന്ത്യയില്‍ കടുത്ത ദുഷ്പ്രചാരണം നടത്തുകയും ആ പ്രചാരണം വോട്ടായി മാറുകയും ചെയ്തിട്ടുണ്ട്. 1992 ല്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍ ബാബരി മസ്ജിദ് തകര്‍ത്തത് ബി.ജെ.പിക്കാര്‍ ഉള്‍പ്പെട്ട സംഘ്പരിവാറിന്റെ ആളുകളാണ്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി തുടങ്ങിയവര്‍ക്കെതിരേ അതിന്റെ പേരില്‍ ക്രിമിനല്‍ കേസുണ്ടാവുകയും ചെയ്തിട്ടുണ്ട്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്കിടയാക്കിയ സംഭവവികാസങ്ങള്‍ ഉരുത്തിരിഞ്ഞുവന്നത് മതത്തിന്റെ പേരിലുള്ള പ്രചാരണങ്ങളെത്തുടര്‍ന്നായിരുന്നെങ്കില്‍ പിന്നീട് നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേട്ടമുണ്ടാക്കിയതും അത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ്.
അനുഭവ യാഥാര്‍ഥ്യങ്ങളെ മുന്‍നിര്‍ത്തി ചിന്തിക്കുമ്പോള്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു പ്രചാരണ രീതികളിലും വേണ്ടണ്ടത്ര മതം കടന്നുവരുന്നുണ്ടണ്ട് എന്നു മനസിലാക്കാന്‍ കഴിയുന്നു. എന്നാല്‍, മതമെന്ന വാക്ക് അവര്‍ ഉപയോഗിക്കാറില്ല എന്നതാണ് വിഷയം. ഹിന്ദുത്വത്തിന്റെ പേരിലുള്ള പ്രചാരണങ്ങള്‍ മതപരമല്ല എന്നും ഹിന്ദുത്വം ഒരുമതമോ ജാതിയോ അല്ലെന്നും അതൊരു സംസ്‌കാരമാണെന്നുമൊക്കെ അവര്‍ പ്രത്യക്ഷ നിലപാട് സ്വീകരിക്കുന്നു. ഇപ്പോള്‍ ഉണ്ടണ്ടായിട്ടുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അവരുടെ വര്‍ഗീയ പ്രചാരണങ്ങളെയും ബാധിക്കുകയില്ല എന്ന ആശങ്കാജനകമായ സംശയം പൊതുവില്‍ ഉണ്ടായിട്ടുണ്ട്. അതിനു കാരണം 1995ലെ സുപ്രിംകോടതിയുടെ തന്നെ നിലപാടാണ്.
ഹിന്ദുത്വം മതമല്ല, സംസ്‌കാരവും ജീവിത രീതിയും മാത്രമാണെന്നാണ് 1995ല്‍ സുപ്രിംകോടതി സ്വീകരിച്ച നിലപാട്. ആ നിലപാട് പുനഃപരിശോധിക്കുവാനോ ഹിന്ദുത്വത്തെ പുനര്‍ നിര്‍വചിക്കാനോ ഭരണഘടനാ ബെഞ്ച് തയാറാവുകയുണ്ടായില്ല. ആ നിലയ്ക്ക് ഹിന്ദുത്വത്തെ അടിസ്ഥാനമാക്കിയുള്ള തെരഞ്ഞെടുപ്പു പ്രചാരണരീതികള്‍ ഇപ്പോഴത്തെ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ നിലപാടിന് പുറത്താണെന്നും ഹിന്ദുത്വ ആശയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത് മതത്തിന്റെ ഉപയോഗമായി കരുതാനാവില്ല എന്നും സംഘ്പരിവാര്‍ വക്താക്കള്‍ ആശ്വാസം കണ്ടെത്തുന്നു.
മതരാഷ്ട്രീയത്തെ നിര്‍വചിക്കുന്നതില്‍ നിന്ന് ഹിന്ദുത്വരാഷ്ട്രീയത്തെ ഒഴിവാക്കുക എന്നത് സംഘ്പരിവാറിന്റെ ആവശ്യമാണെങ്കിലും ഇന്ത്യന്‍ അനുഭവങ്ങളുടെയും യാഥാര്‍ഥ്യങ്ങളുടെയും അടിസ്ഥാനത്തില്‍ അതു സാധ്യമല്ല. കാരണം ഇന്ത്യയില്‍ ഏറ്റവും കൊടിയ മതരാഷ്ട്രീയം കൈകാര്യം ചെയ്യുന്നത് സംഘ്പരിവാറാണ്. മതവും വിശ്വാസവും ദേവീദേവന്‍മാരുടെയും അമ്പലങ്ങളുടെയും പേരുകളും അവര്‍ നിര്‍ലോഭം ഉപയോഗിച്ചുവരുന്നുണ്ടണ്ട്. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക നിര്‍വചനം യഥാര്‍ഥത്തില്‍ ബി.ജെ.പിയുടെ മതാത്മക രാഷ്ട്രീയത്തെ ഒരുനിലയ്ക്കും അംഗീകരിക്കുകയോ സാധൂകരിക്കുകയോ ചെയ്യുന്നില്ല. കാരണം അത്തരത്തില്‍ വിശാലമായ ഒരു നിര്‍വചനം അവര്‍ സ്വീകരിച്ചതു തന്നെയും ദുരുദ്ദേശ്യപരവും അടിസ്ഥാനരഹിതവുമാണ്. സംസ്‌കാരം, ജീവിതരീതി എന്നീ വിശേഷണങ്ങള്‍ ഒക്കെ എല്ലാ മതങ്ങള്‍ക്കും ബാധകമാണ്. ഇസ്‌ലാമും ക്രിസ്ത്യാനിറ്റിയും ഒക്കെ ആ അര്‍ഥത്തില്‍ സംസ്‌കാരങ്ങളും ജീവിതരീതികളും തന്നെയാണ്. മതം സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും ഭാഗമായി വരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ചേര്‍ന്നതാണ്. അതുകൊണ്ടണ്ടുതന്നെ ഹിന്ദുത്വത്തെ മതമല്ലാതായി കാണാമെങ്കില്‍ ലോകത്തെ മറ്റെല്ലാ മതങ്ങളെയും അത്തരത്തില്‍ വിശാലമായി വ്യാഖ്യാനിക്കാനുള്ളസാധ്യതകള്‍ അവയില്‍ത്തന്നെ നിലനില്‍ക്കുന്നുണ്ട്.
ബാലഗംഗാധര തിലകന്‍, വീര്‍ ദാമോദര്‍ സാവര്‍ക്കര്‍, ഡോ.കേശവബലി റാം ഹെഡ്‌ഗേവാര്‍, ഗോള്‍വാക്കര്‍ എന്നിങ്ങനെ രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ എല്ലാ മുതിര്‍ന്ന നേതാക്കളും പുലര്‍ത്തിയിരുന്ന നിലപാട് ഹിന്ദുത്വം ഒരു സംസ്‌കാരമാണ് എന്നു തന്നെയാണ്. എന്നാല്‍, ബഹുമാനപ്പെട്ട സുപ്രിംകോടതിയുടെയും ഇന്ത്യയിലെ വിവിധ ഹൈക്കോടതികളുടെ ഒന്നിലധികം പൂര്‍വവിധികളില്‍ ഹിന്ദുത്വത്തെ നിര്‍വചിച്ചിരിക്കുന്നത് 'വര്‍ണ-ധര്‍മ ആശ്രമ ധര്‍മങ്ങള്‍ അനുഷ്ഠിക്കുന്നവനാണ് ഹിന്ദു' ....എന്നാണ് ഈ നിര്‍വചന പ്രകാരവും ഹിന്ദുത്വം ഒരു മതം തന്നെയാണ് അനുഭവപ്പെടുന്നത്.
അനുഷ്ഠാനപരത ഏറിയൊ കുറഞ്ഞോ കടന്നുവരുന്ന ഏതൊരു സംസ്‌കാരത്തെയും മതം എന്നു തന്നെയാണ് വിളിക്കേണ്ടി വരിക. ക്ഷേത്രാരാധനകള്‍, പൂജകള്‍ ഷോഡശ ക്രിയകള്‍,സന്ധ്യാ വന്ദനാദി നിത്യശീലങ്ങള്‍, മന്ത്ര-ജപ സാധനകള്‍ എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ ഒരു വ്യക്തിക്ക് ഹിന്ദു എന്ന് അവകാശപ്പെടാനാകില്ല. മതാത്മകമായ അനുവര്‍ത്തനകള്‍ തന്നെയാണ് ഇവയൊക്കെയും. ഇനി ഇത്തരം ഘടകങ്ങളെ മാറ്റിവച്ച് വേദാന്തത്തിന്റെ ശൈലിയില്‍ ജീവിതത്തെ ചിട്ടപ്പെടുത്തിയ ഒരാളാണ് എങ്കിലും അയാള്‍ ഹിന്ദു അല്ലാതെ മറ്റാരും ആകുന്നില്ല. കാരണം വേദാന്തമെന്ന രീതി ശാസ്ത്രം ഹിന്ദുത്വത്തില്‍ അല്ലാതെ മറ്റെവിടെയും സൂചിപ്പിക്കപ്പെടുകയൊ പരാമര്‍ശിക്കുകയൊ ചെയ്യുന്നില്ല. സവിശേഷ സംജ്ഞകളുടെയും ആശയങ്ങളുടെയും പ്രതീകങ്ങളുടെയും സഹായത്തോടെ ഉരുത്തിരിയുന്ന ഏതൊരു ജീവിതരീതിയും സാംസ്‌കാരികമായിരിക്കവെ തന്നെ അതൊരു മതം ആയിരിക്കുകയും ചെയ്യും. ഹിന്ദുത്വത്തിന്റെ ഉള്ളടക്കങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അതിനെ ഹിന്ദുത്വമായി കാണാനാവില്ല എന്നതു തന്നെ അതൊരു മതാത്മക സംസ്‌കാരമാണ് എന്നതിന്റെ തെളിവാണ്.
ഒരു മുസ്്‌ലിമിനെ മുസ്്‌ലിമാക്കുന്ന ചില ഘടകങ്ങളാണ് അവന്റെ മതാത്മക സത്വത്തിന്റെ ആധാരശിലകളെങ്കില്‍ ഹിന്ദുവിന്റെ കാര്യത്തിലും അതങ്ങനെ തന്നെ. കാല്പനിക ഭാഷയിലോ സാഹിത്യ ശൈലിയിലോ മതത്തെയോ ആത്മീയ രീതികളെയോ സംസ്‌കാരം എന്നുപറയുന്നതും അവയുടെ പ്രാവര്‍ത്തികതലങ്ങളിലെ അനുഭവങ്ങളും തമ്മില്‍ വലിയ വ്യത്യാസം ഉണ്ടായിരിക്കും. ആ നിലയ്ക്കാണ് ഹിന്ദുത്വമെന്നത് ഒരു സംസ്‌കാരമായിരിക്കവേ തന്നെ അതൊരു മതവുമായി മാറുന്നത്. ഇസ്്‌ലാമിനെയും ക്രിസ്തുമതത്തെയും ഇത്തരത്തില്‍ ജീവിത രീതിയെന്നോ സംസ്‌കാരമെന്നോ ഒക്കെ കൂടുതല്‍ മെച്ചപ്പെട്ട അര്‍ഥത്തില്‍ തന്നെ പറയുവാന്‍ ആര്‍ക്കു കഴിയും? കാരണം മതാത്മകത എന്ന സങ്കുചിത വിശേഷണത്തെ മറികടക്കുന്ന ആശയങ്ങള്‍ ഈ രണ്ടുമതത്തിലും വേണ്ടത്ര കാണാം.
ശ്രീരാമ ക്ഷേത്രനിര്‍മാണത്തിന്റെ പേരില്‍ വോട്ടുപിടിക്കാന്‍ വരും തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ശ്രമിക്കുകയാണെങ്കിലോ വര്‍ഗീയ-മതഭ്രാന്തിന്റെ അടിസ്ഥാനത്തില്‍ പ്രചാര രീതികള്‍ അവലംബിക്കുകയാണെങ്കിലോ തെരഞ്ഞെടുപ്പു കമ്മീഷന് ഇടപെടാനുള്ള അവകാശവും അര്‍ഹതയും ഈ ഭരണഘടനാ ബെഞ്ച് വിധി നല്‍കുന്നു. ഹിന്ദുത്വം ഒരു സംസ്‌കാരവും ജീവിതരീതിയുമാണ് എന്ന സുപ്രിംകോടതിയുടെ പൂര്‍വവിധി ഇക്കാര്യത്തില്‍ പ്രസക്തമല്ല എന്നതാണ് ഇന്ത്യയിലെ ഭൂരിപക്ഷം നിയമവിദഗ്ധരുടെയും അഭിപ്രായം.
ആ നിലയ്ക്ക് ഭരണഘടനാ ബെഞ്ചിന്റെ ഈ വിധിപരാമര്‍ശം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയ രാഷ്ട്രീയം കളിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി-സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് തന്നെയാണ് വലിയ തിരിച്ചടിയാകുന്നത്. ബി.ജെ.പി ഈ വിധിയെ സ്വാഗതം ചെയ്തിട്ടുണ്ട് എന്നത് മറ്റൊരു പ്രശ്‌നമാണ്. അതവരുടെ നിവൃത്തികേടിന്റെയും ആശയ പാപ്പരത്തത്തിന്റെയും പ്രതിഫലനം മാത്രമാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏതെങ്കിലും നിലക്ക് ഗുണകരമാണ് ഈ വിധിയെന്ന് പറയാനാവില്ല. ഇന്ത്യയിലെ മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മത-മതന്യൂനപക്ഷ പ്രീണനത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവരുന്ന ബി.ജെ.പി ഈ സുപ്രിംകോടതി വിധിയെയും മതനിരപേക്ഷ പാര്‍ട്ടികള്‍ക്കെതിരായ ആയുധമാക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഭരണഘടനാപരമായ സുരക്ഷയും സവിശേഷ പരിഗണനകളും നിലനില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കു വേണ്ടി വാദിക്കുകയും നിലകൊള്ളുകയും ചെയ്യുക എന്നത് രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാഭാവിക ചുമതലയും ബാധ്യതയുമാണ്. ആ ബാധ്യത നിര്‍വഹിക്കുന്ന ഇടതു-വലതു മതനിരപേക്ഷ ജനാധിപത്യ പാര്‍ട്ടികളെ മതപ്രീണനത്തിന്റെ വക്താക്കളായി ചിത്രീകരിക്കുന്ന ബി.ജെ.പിയുടെ നയം ദുരുദ്ദേശ്യപരവും വര്‍ഗീയ താല്‍പര്യങ്ങളില്‍ അധിഷ്ടിതവുമാണ്. കൊടിയ വര്‍ഗീയതയെ പ്രവര്‍ത്തന രീതിശാസ്ത്രമായി കൊണ്ടുനടക്കുന്ന സംഘ്പരിവാറിന്റെ വക്താക്കള്‍ ആഗ്രഹിക്കുന്നതാവട്ടെ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതരും നിരാലംബരുമായിരിക്കണം എന്നാണ്. മതനിരപേക്ഷ പാര്‍ട്ടികളുടെ ദൗത്യങ്ങളെ മതപ്രീണനമായി ചിത്രീകരിക്കുന്നത് ഹൈന്ദവ പൊതുമണ്ഡലത്തില്‍ തെറ്റിദ്ധാരണ വ്യാപിപ്പിച്ച വര്‍ഗീയ വോട്ടുബാങ്കിന്റെ വ്യാപ്തി കൂട്ടുന്നതിനാണ്. അതിലുപരി മതരഹിത ജനാധിപത്യത്തിലും ശുദ്ധ മതനിരപേക്ഷതയിലുമുള്ള വിശ്വാസവും പ്രതിബദ്ധതയും ഒന്നുമല്ല ബി.ജെ.പിയെ മതേതര പാര്‍ട്ടികള്‍ക്കെതിരായി ശബ്ദിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി സാമുദായിക ദുര്‍വിനിയോഗത്തിനും തടസ്സമാണ്. മൊത്തത്തില്‍ നോക്കുമ്പോള്‍ ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും പൂര്‍ണമായ മതേതരവല്‍ക്കരണത്തിന് ഈ വിധി സഹായകമായിരിക്കാനിടയുണ്ട്. പക്ഷേ, അത്തരത്തില്‍ ഗുണപരമായ നേട്ടങ്ങള്‍ ഇതില്‍ നിന്നുണ്ടായി വരണമെങ്കില്‍ രാജ്യത്തെ മതനിരപേക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കേണ്ടതും പ്രയത്‌നിക്കേണ്ടതും. സാമുദായിക രാഷ്ട്രീയ യാഥാര്‍ഥ്യങ്ങള്‍ ചൂണ്ടിക്കാണിച്ച് വോട്ടര്‍മാരെ സമീപിക്കാന്‍ സാമുദായിക പാര്‍ട്ടികള്‍ക്ക് ഈ കോടതിവിധി തടസം നില്‍ക്കുന്നുവെന്ന ഭീതിയും അസ്ഥാനത്താണ്. ഇക്കാര്യത്തില്‍ ബുദ്ധിപരവും കാലികവുമായ പുതിയ നയരൂപീകരണത്തിന് സാമുദായിക പാര്‍ട്ടികള്‍ സജ്ജമാവുക എന്നത് പ്രധാനമാണ്.
യാഥാര്‍ഥ്യങ്ങളെ പുതിയ ശൈലിയില്‍ മതേതരത്വത്തിന്റെ സംശുദ്ധമായ ഉള്ളടക്കം പാലിച്ചുകൊണ്ടണ്ട് വോട്ടര്‍മാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്ന പുതിയ ശൈലി തദ്ദേശീയ പാര്‍ട്ടികള്‍ അവലംബിക്കേണ്ടണ്ടതുണ്ടണ്ട്. ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക നിര്‍വചനത്തിന്റെ മറപിടിച്ച് വര്‍ഗീയ-വംശീയ ഉപജാപകാശയങ്ങളെ ജനാധിപത്യ സമൂഹത്തില്‍ കെട്ടഴിച്ചു വിടാന്‍ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ അനുവദിക്കാതിരിക്കുക എന്നതു മതനിരപേക്ഷ പാര്‍ട്ടികളുടെ ജാഗ്രതയില്‍ നിലനില്‍ക്കേണ്ട അടിസ്ഥാന വിഷയമാണ്.
അല്ലാത്തപക്ഷം മതനിരപേക്ഷ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയുള്ള സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി ഹിന്ദുത്വ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉപകരണമായി ദുര്‍വിനിയോഗിക്കപ്പെടുന്ന കാഴ്ച നമുക്ക് കണ്ടുനില്‍ക്കേണ്ടിവരും. ഹിന്ദുത്വം ഒരു സംസ്‌കാരവും ജീവിതരീതിയുമാണ് എന്ന കോടതി നിലപാടിന്റെ നിഴലില്‍ വര്‍ഗീയ രാഷ്ട്രീയത്തെ സ്വാഭാവികവല്‍ക്കരിക്കുവാന്‍ സംഘ്പരിവാര്‍ നടത്തുന്ന ഏതുനീക്കവും ചെറുക്കപ്പെടേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ നിയമപോരാട്ടങ്ങള്‍ക്കുതന്നെ തയാറാകാനും ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ മടികാണിക്കരുത്. ബി.ജെ.പി സ്വയം ആശ്വസിക്കുകയും ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഈ ഭരണഘടനാ ബെഞ്ച് വിധി അവരുടെ വര്‍ഗീയ രാഷ്ട്രീയത്തിന് തീര്‍ത്തും എതിരാണ്. അങ്ങനെ എതിരല്ല എന്നു വരുത്തിത്തീര്‍ക്കുവാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളെ അനുവദിച്ചുകൊടുക്കാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ തയാറാവരുത്. ഈ സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് വിധി ചരിത്രപരമാണ്. വിനിയോഗത്തില്‍ ജാഗ്രതപാലിക്കയാണെങ്കില്‍ ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് ഏറെ ഗുണകരവുമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."