മതസൗഹാര്‍ദം പങ്കുവച്ച പൊന്നാനിയിലെ നോമ്പുകാലം
പരമ്പരാഗതമായി സമുദായങ്ങള്‍ പങ്കുവച്ച സ്‌നേഹവിശ്വാസങ്ങളില്‍ നിന്നാണ് അടിയുറപ്പുള്ള മതസൗഹാര്‍ദം സംജാതമായിട്ടുള്ളത്. അതിന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും തമ്മില്‍ സാംസ്‌കാരികമായി കൂടിക്കഴിയണം. കുടുംബങ്ങള്‍ തമ്മില്‍ ആഹ്ലാദവും ദുഖവും പങ്കുവക്കണം. കുഞ്ഞുകുട്ടികള്‍ എന്റേയും നിന്റേയും എന്ന വ്യത്യാസമില്ലാതെ വളരണം. അങ്ങനെയൊരു അന്തരീക്ഷത്തില്‍ ജനിച്ചു വളര്‍ന്നതു കൊണ്ടാണ് ബാല്യകാലം ആയുസില്‍ നിന്ന് വെട്ടിമാറ്റിയാലേ ഒരു വര്‍ഗീയവാദിയോ മുസ്‌ലിംവിദ്വേഷിയോ ആയി ഞാന്‍ മാറുകയുള്ളൂ എന്ന് എനിക്ക് പറയാന്‍ കഴിഞ്ഞത്. ഈയുള്ളവന്‍ കുട്ടിക്കാലം ചെലവഴിച്ച പൊന്നാനി, ചരിത്രത്തിന്റെ പല ദംഷ്ട്രവളവുകളേയും വെല്ലുവിളിച്ച് കൊണ്ട് മതമൈത്രി നിലനിര്‍ത്തിപ്പോന്ന നാടായിരുന്നു. സഹോദരീ സഹോദരന്മാരില്ലാതെ ഒറ്റക്കുറുക്കനായി ജീവിച്ച എനിക്ക്് അയല്‍ മുസ്‌ലിം വീട്ടിലെ അബ്ദുല്‍ ഖയ്യൂമായിരുന്നു ഏക കളിക്കൂട്ടുകാരന്‍. സ്‌കൂള്‍ വിട്ട വൈകുന്നേരങ്ങളിലും ഒഴിവു ദിനങ്ങളിലും ഒന്നുകില്‍ ഞാന്‍ ഖയ്യൂമിന്റെ വീട്ടിലോ ഖയ്യൂം എന്റെ വീട്ടിലോ ആയിരിക്കും. സ്വാഭാവികമായും ഞങ്ങള്‍ക്ക് വേറെയും കളിക്കൂട്ടുകാരുണ്ടായി. എന്നാല്‍ അത്തരം ഔദ്യോഗിക കളി സമയങ്ങള്‍ കഴിഞ്ഞാലും എന്റേയും ഖയ്യൂമിന്റേയും കൂട്ടായ്മ നീണ്ടു നീണ്ടു പോയി.
അല്ല, എവിടെ ഖയ്യൂമ് ?
അല്ല , എവിടെ രാമനുണ്ണി ?
ഞങ്ങളെ ഒറ്റക്ക് കണ്ടുമുട്ടിയാല്‍ വീട്ടുകാരും നാട്ടുകാരും ഇരട്ടയിലെ മറ്റേതിനെ എന്ന പോലെ കൗതുകത്തോടെ തിരക്കി. നോമ്പു തുറക്കാനുള്ള സൈറണ്‍ മുഴങ്ങിയാല്‍ എന്നെ അന്വേഷിച്ച് കൊണ്ടുള്ള വിളിയും തെളിയും ആളെ വിടലും ഖയ്യൂമിന്റ വീട്ടില്‍ നടക്കുന്ന സ്ഥിരം റമദാന്‍കാല ചര്യയായിത്തീര്‍ന്നു. മറ്റ് ചങ്ങാതിമാരുമായുള്ള പതിവ് കളികള്‍ക്കപ്പുറം സയന്‍സ് പുസ്തകങ്ങളില്‍ പറഞ്ഞ പരീക്ഷണങ്ങള്‍ നടത്തുക, കുളത്തില്‍ വാഴപ്പിണ്ടിയുടെ തോണിയിറക്കി തുഴയുക, തുടങ്ങി ഞാനും ഖയ്യൂമും മാത്രം പങ്കാളികളായ 'വിക്രസു'കള്‍ ഏറെയുണ്ടായിരുന്നു.
ഒരു റമദാന്‍ നോമ്പു കാലത്താണ് ഞങ്ങള്‍ സ്റ്റപ്പ് ഡൗണ്‍ ട്രാന്‍സ്‌ഫോര്‍മര്‍ വച്ച് കളിച്ചതും ഖയ്യൂമിന്റെ വീട്ടിലെ ഫ്യൂസ് അടിച്ചു പോയതും, ഇബ്രാഹിം കുട്ടിക്ക ആ അപകടസാധനം അലമാരയില്‍ വച്ചു പൂട്ടിയതും. പക്ഷേ ഖയ്യൂമിന്റെ ബാപ്പ പ്രശ്‌നത്തില്‍ ഇടപെട്ട് ട്രാന്‍സ്‌ഫോമര്‍ ഞങ്ങള്‍ക്ക് സുരക്ഷിത നിര്‍ദേശത്തോടെ കളിക്കാന്‍ തിരിച്ചു തന്നു. നോമ്പുതുറ മുഹൂര്‍ത്തത്തില്‍ ആ തീരുമാനം പ്രഖ്യാപിക്കപ്പെടുന്നത് വരെ നോമ്പ് പിടിച്ച ഖയ്യൂമിനെ പോലെ ഭക്ഷണം ഉപേക്ഷിച്ച് ഞാനും എന്റെ വീട്ടില്‍ കിടന്ന് കരയുകയായിരുന്നു. നോമ്പ് എടുത്തുകൊണ്ടുള്ള നോമ്പു തുറയാണ് നോമ്പ് എടുക്കാതെയുള്ള നോമ്പു തുറയേക്കാള്‍ മഹത്തരമെന്ന് അന്ന് ഞാന്‍ മനസിലാക്കി. ഖയ്യൂമിന്റെ ബാപ്പ അബ്ദുല്ല ഹാജി പൊന്നാനിക്കാരെല്ലാം ബഹുമാനിക്കുന്ന സാത്വികനായ മതഭക്തനായിരുന്നു. സംസ്‌കാരത്തിന്റെ പടികള്‍ കയറിപ്പോകാന്‍ താങ്ങാവുന്ന കൈവരികളായിരിക്കണം മതവിശ്വാസവും ദൈവവിശ്വാസവും എന്ന് തന്റെ ചെറുതും വലുതുമായ എല്ലാ പ്രവൃത്തികളിലൂടേയും അദ്ദേഹം ഉദാഹരിച്ചു. ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചു പോയ എന്നോട് ഖയ്യൂമിന്റെ ബാപ്പക്ക്്് എപ്പോഴും സവിശേഷമായ സ്‌നേഹപരിഗണനകളായിരുന്നു. ചെസ് കളിയില്‍ ഖയ്യൂമിന്റെ ഭാഗത്ത് ഇബ്രാഹിം കുട്ടിക്ക സഹായിക്കാനിരുന്നാല്‍ അദ്ദേഹം ഓടി വന്ന് എന്റെ ചേരിയെ പ്രതിരോധിക്കും. പിതാവ് കൊച്ചിലേ നഷ്ടപ്പെട്ടിട്ടും ലോകം ജയിച്ച ആ വലിയ കുട്ടിയുടെ ഓര്‍മ കൊണ്ടായിരിക്കണം അച്ഛനില്ലാത്ത ഞാന്‍ കളികളില്‍ പോലും തോല്‍ക്കരുതെന്ന് ഭക്തനായ അബ്ദുല്ല ഹാജിക്ക് നിര്‍ബന്ധം.
ജാതിയുടേയും മതത്തിന്റേയും വര്‍ഗത്തിന്റേയും വേലികള്‍ക്കപ്പുറം ദൈവത്തോളം ഉയരമുള്ള സാധനം തന്നെയാണ് സത്യത്തില്‍ സ്‌നേഹം. അതുകൊണ്ട് എന്റെ കണ്ണുകള്‍ ഈറനാക്കുന്ന മരിച്ചവരുടെ ചുരുക്കം സ്മൃതികളില്‍ അബ്ദുല്ല ഹാജിയും പ്രശോഭിച്ചു കൊണ്ടിരിക്കുന്നു.
അറിയപ്പെടാത്ത ഇത്തരം പല അബ്ദുല്ലമാരുടെയും പ്രചോദനം കൊണ്ടാണ് ഹിന്ദുക്കള്‍ക്കിടയില്‍ മുസ്‌ലിം സ്‌നേഹികളും മുസ്‌ലിങ്ങള്‍ക്കിടയില്‍ ഹിന്ദുസ്‌നേഹികളും വിഭാഗീയതയുടെ വിള്ളലുകള്‍ ചെറുത്ത് നില കൊള്ളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."