സഊദി തൊഴില്‍ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച നടത്തി
റിയാദ്: സഊദി തൊഴില്‍, സാമൂഹിക വികസന മന്ത്രി അലി ബിന്‍ നാസിര്‍ അല്‍ ഗാഫിസുമായി ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് കൂടിക്കാഴ്ച നടത്തി. ഇതാദ്യമായാണ് പുതിയ തൊഴില്‍ മന്ത്രിയുമായി അംബാസിഡര്‍ കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ തൊഴില്‍ മേഖലയിലെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹം തൊഴില്‍ മന്ത്രിയുമായി പങ്കുവെച്ചു.
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നടത്തിയ സഊദി സന്ദര്‍ശനവേളയില്‍ ഒപ്പു വെച്ച ജനറല്‍ കാറ്റഗറി തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍ വേഗത്തിലാക്കണമെന്ന് അംബാസിഡര്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. വിവിധ കമ്പനികളില്‍ ദുരിതത്തിലായ ഇന്ത്യന്‍ തൊഴിലാളികളുടെ പ്രശ്‌ന പരിഹാരത്തിനായി അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും അവരുടെ അലവന്‍സുകള്‍ കൊടുക്കാനുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാന്‍ നടപടിയുണ്ടാകണമെന്നും വിവിധ പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വീട്ടു തൊഴിലാളികള്‍ക്ക് എക്‌സിറ്റ് നല്‍കാനുള്ള നടപടി കര്‍ശനമാക്കണമെന്നും അംബാസിഡര്‍ ആവശ്യപ്പെട്ടു.
അംബാസിഡറുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുമെന്ന് തൊഴില്‍ സാമൂഹിക, വികസന മന്ത്രി ഉറപ്പുനല്‍കിയതായി അംബാസിഡറെ അനുഗമിച്ച കമ്യൂണിറ്റി വെല്‍ഫെയര്‍ ഫസ്റ്റ് സിക്രട്ടറി അനില്‍ നൗതിയാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."