അര്‍മേനിയയില്‍ പ്രക്ഷോഭം അവസാനിപ്പിച്ചു
യെരവാന്‍: ഇടക്കാല പ്രധാനമന്ത്രിയായ പ്രതിപക്ഷ നേതാവ് നികോല്‍ പഷ്‌നിയനെ തെരഞ്ഞെടുക്കാന്‍ പാര്‍ലമെന്റിന് സാധിക്കാത്തതിനെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിച്ചു. മെയ് എട്ടിന് വീണ്ടും നടക്കുന്ന ഇടക്കാല പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പിന്തുണ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രക്ഷോഭം അവസാനിപ്പിക്കുന്നതെന്ന് പഷ്‌നിയന്‍ പറഞ്ഞു.
അര്‍മേനിയന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന പ്രതിപക്ഷത്തെ ഏക സ്ഥാനാര്‍ഥിയാണ് പഷ്‌നിയന്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നും മെയ് എട്ടിന് പഷ്‌നിയനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കുമെന്നും പാര്‍ട്ടി തലവന്‍ വഹ്‌റം ബഗ്ദസര്യാന്‍ പറഞ്ഞു.
ചൊവ്വാഴ്ച പാര്‍ലമെന്റില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിലാണ് ഇടക്കാല തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ പ്രധാനമന്ത്രിയാവാന്‍ 55 വോട്ടുകള്‍ ആവശ്യമുള്ളിടത്ത് 45 പേരുടെ പിന്തുണ മാത്രമാണ് പഷ്‌നിയന് ലഭിച്ചത്. പ്രധാനമന്ത്രിയാവാന്‍ പഷ്‌നിയന് യോഗ്യതയില്ലെന്നായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങളുടെ വാദം.
ഇതിനെ തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രക്ഷോഭം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ജനങ്ങളോട് പഷ്‌നിയില്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ യെരാവാന്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ റോഡുകള്‍ പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ഇതിനെ തുടര്‍ന്ന് വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയവയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."