എസ്.എസ്.എല്‍.സി: നൂറുമേനി കൊയ്ത് 95 സ്കൂളുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയത്തിന്റെ നേട്ടവുമായി ജില്ലയിലെ 95 സ്കൂളുകള്‍. 36 സര്‍ക്കാര്‍ സ്കൂളുകളും 19 എയ്ഡഡ് സ്കൂളുകളും 40 അണ് എയ്ഡഡ് സ്കൂളുകളുമാണ് പരീക്ഷയെഴുതിയ മുഴുവന്‍ കുട്ടികളെയും വിജയിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെപോലെ ജഗതി ബധിര വിദ്യാലയവും മുഴുവന്‍ കുട്ടികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കി.
ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നായി 16,181 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 15,645 പേര് ഉപരിപഠനത്തിന് അര്‍ഹതനേടി. 1435 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 96.68 ആണ് ഇക്കുറി ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിജയശതമാനം. എയ്ഡഡ് മേഖലയില്‍ നിന്ന് 17,235 പേര് പരീക്ഷ എഴുതിയതില്‍ 16,744 പേര് ഉപരിപഠനത്തിന് അര്‍ഹതനേടി. 96.86 ശതമാനമാണ് വിജയശതമാനം. അണ്‍എയ്ഡഡ് മേഖലയില്‍നിന്ന് 4293 പേര് പരീക്ഷ എഴുതിയതില്‍ 4276 പേര് ഉപരിപഠനത്തിന് അര്‍ഹതനേടി. 99.50 ശതമാനമാണ് വിജയം.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ സ്കൂളുകളുടെ പട്ടികയിലും ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളുടെ പട്ടികയിലും തലസ്ഥാന ജില്ല ഇടംപിടിച്ചു.
ആറ്റിങ്ങല്‍, തിരുവനന്തപുരം, നെയ്യാറ്റിന്‍കര ഉപജില്ലകളിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇത്തവണ മികച്ച നേട്ടമാണ്.
പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ് ആണ് ഇക്കുറിയും ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി ജില്ലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 1810 വിദ്യാര്‍ഥികളാണ് പട്ടം സെന്റ് മേരീസില്‍നിന്ന് ഇക്കുറി പരീക്ഷ എഴുതിയത്. 1797 പേര് വിജയിച്ചു. 99.28 ശതമാനമാണ് വിജയം.
ഏറ്റവും കുറവ് വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയത് നാലാഞ്ചിറ, കറ്റച്ചക്കോണം സര്‍ക്കാര്‍ എച്ച് എസ് ആണ്. രണ്ട് വിദ്യാര്‍ഥികളാണ് ഇവിടെനിന്ന് പരീക്ഷ എഴുതിയത്. രണ്ടുപേരും വിജയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."