യുവാക്കളെ സി.ഐ ഭീഷണിപ്പെടുത്തിയതായി പരാതി
ചവറ: മാസങ്ങള്‍ക്ക് മുന്‍പേ യുവാവിനോടൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി എന്നാരോപിച്ച് യുവാക്കളെ ആര്‍.എസ്.എസ് നേതാക്കളുടെ സാന്നിധ്യത്തില്‍ സി.ഐ ഭീഷണിപ്പെടുത്തിയതായും അസഭ്യം പറഞ്ഞതായും പരാതി. തേവലക്കര കടപ്പായില്‍ ജങ്ഷനിലെ മണലില്‍ ഷമീര്‍, ഷാനവാസ്, ഷംനാദ് എന്നിവരാണ് ചവറ സി.ഐക്കെതിരേ ഉന്നത പൊലിസുദ്യോഗസ്ഥര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പൊലിസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നല്‍കാനൊരുങ്ങുന്നത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് വ്യത്യസ്ഥ മതവിഭാഗങ്ങളില്‍ പെട്ട തേവലക്കര സ്വദേശിയായ പെണ്‍കുട്ടിയും യുവാവും പ്രണയിച്ച് നാടുവിട്ടിരുന്നു. പിന്നീട് പെണ്‍കുട്ടിയെ തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ മതം മാറ്റുകയും യുവാവിന് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പെണ്‍കുട്ടിയെ യുവാവിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ കൊല്ലം അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി വിടുകയും ചെയ്തിരുന്നു.
അതിനിടയില്‍ തനിക്ക് അയല്‍വാസികളായ ചിലരില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാട്ടി പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും ഡി.ജി.പിക്ക് പരാതി കൊടുക്കുകയും തുടര്‍ന്ന് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ യുവാക്കളുടെ ആരോപണം ചവറ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ നിഷേധിച്ചു. ഡി.ജി.പിക്ക് പെണ്‍കുട്ടി കൊടുത്ത പരാതിയുടെ അന്വേഷണാര്‍ഥം ബന്ധപ്പെട്ടവരെ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും പരാതിക്കാരുടെ കക്ഷികളായി ആര്‍.എസ്.എസ് നേതാക്കള്‍ ഉള്ളതായി അറിയില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."