തോക്ക് നിയന്ത്രണ ബില്‍ യു.എസ് സെനറ്റ് തള്ളി
വാഷിങ്ടണ്‍: അമേരിക്കയില്‍ നിരന്തരം നടക്കുന്ന വെടിവയ്പുകള്‍ക്കു തടയിടാനായി പ്രസിഡന്റ് ബരാക് ഒബാമ പ്രത്യേകം താല്‍പര്യമെടുത്തു കൊണ്ടുവന്ന തോക്ക് നിയന്ത്രണ ബില്‍ അമേരിക്കന്‍ സെനറ്റ് തള്ളി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റാണ് തോക്കുപയോഗത്തില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനുദ്ദേശിക്കുന്ന ബില്‍ തള്ളിയത്. നാലു നിര്‍ദേശങ്ങള്‍ സെനറ്റിനു മുന്നില്‍വച്ചിരുന്നെങ്കിലും ഇരു പാര്‍ട്ടി പ്രതിനിധികളും പാര്‍ട്ടി നയപ്രകാരം മാത്രമാണ് വോട്ട് ചെയ്തത്.
രാജ്യത്തു നടക്കുന്ന വെടിവയ്പുകള്‍ നിയന്ത്രിക്കുന്നതിനായാണ് തോക്ക് നിയന്ത്രണ ബില്‍ കൊണ്ടുവന്നിരുന്നത്. ഒബാമയുടെ താല്‍പര്യപ്രകാരമായിരുന്നു ഇത്. എന്നാല്‍, ഒബാമ പ്രസിഡന്റാണെങ്കിലും എതിര്‍ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് അമേരിക്കന്‍ സെനറ്റില്‍ ഭൂരിപക്ഷം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ ശക്തമായി എതിര്‍ത്തതോടെ ബില്‍ തള്ളുകയായിരുന്നു. എന്നാല്‍, വിഷയത്തില്‍ ധാരണയിലെത്തുന്നതിന് ഇപ്പോഴും ശ്രമം നടക്കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കേയാണ് ബില്‍ തള്ളുന്നതെന്നതും ശ്രദ്ധേയമാണ്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഒബാമയുടെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കെതിരേ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധിയായി ഡൊണാള്‍ഡ് ട്രംപ് മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. ട്രംപിനെതിരേ എതിര്‍ സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനടക്കം ഉന്നയിക്കുന്ന പ്രധാന ആരോപണം അദ്ദേഹം തോക്കു കച്ചവടക്കാരനാണ് എന്നതാണ്. ഈ സാഹചര്യത്തിലും സെനറ്റിന്റെ തീരുമാനത്തിനു രാഷ്ട്രീയ മാനം കൈവരുന്നുണ്ട്.
അമേരിക്കന്‍ ഭരണഘടന നല്‍കിയ അവകാശത്തെ ചോദ്യംചെയ്യരുതെന്നായിരുന്നു വിഷയത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടി നിര്‍ദേശിച്ച രണ്ട് പോംവഴികള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധികള്‍ തള്ളുകയും ചെയ്തു. ഒരു ബില്‍ പാസാക്കണമെങ്കില്‍ നൂറില്‍ അറുപത് അംഗങ്ങളുടെ പിന്തുണയാണ് വേണ്ടത്. എന്നാല്‍, ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ 44 പേര്‍ മാത്രമാണ് അനുകൂലിച്ചത്. 56 പേര്‍ എതിര്‍ത്തു. തോക്ക് നിയന്ത്രണം പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനാണ് പാസാകില്ലെന്നറിഞ്ഞിട്ടും ഡെമോക്രാറ്റുകള്‍ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചതെന്നും വിലയിരുത്തലുണ്ട്.
ഒരാഴ്ച മുന്‍പു അമേരിക്കയില്‍ ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നിശാക്ലബില്‍ നടന്ന വെടിവയ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമിയായ ഉമര്‍ മതീനും കൊല്ലപ്പെട്ടെങ്കിലും സംഭവം തീവ്രവാദി ആക്രമണമാണെന്ന വിലയിരുത്തലുമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ബില്‍ ചര്‍ച്ച വീണ്ടും സജീവമായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."