അറുപതുകാരന്റെ തിരോധാനം: അന്വേഷണം തൃപ്തികരമല്ലെന്ന് ഭാര്യ
കൊച്ചി: അറുപതുകാരനെ കാണാതായ സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് ആക്ഷേപം. തൃപ്പൂണിത്തുറ വിക്രംസാരാഭായി റോഡില്‍ മില്‍മാ ബൂത്ത് നടത്തുന്ന എം.കെ വേണുഗോപാലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് മരട് പൊലിസില്‍ നല്കിയ പരാതിയിലുള്ള അന്വേഷണം വേണ്ടവിധം നടക്കുന്നില്ലെന്ന് ഭാര്യ വിമല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഏപ്രില്‍ 22 മുതലാണ് തിരുവനന്തപുരം സ്വദേശിയായ വേണുഗോപാലിനെ കാണാതായത്. കണ്ണൂര്‍ സ്വദേശിയാണ് ഭാര്യ.
ഇവര്‍ കഴിഞ്ഞ 45 വര്‍ഷമായി തൃപ്പൂണിത്തുറയിലാണ് താമസം. കുണ്ടന്നൂര്‍ ജങ്്ഷനിലെ മലബാര്‍ ബേക്കറി നടത്തിവരികയായിരുന്നു വേണുഗോപാല്‍. ഇവിടെ നിന്നും തിരുവാങ്കുളത്തെ സുഹൃത്തിന്റെ അടുത്തേക്കും പിന്നീട് അവിടെ നിന്നും ഭാര്യയുടെ പേരില്‍ ചേര്‍ന്ന ചിട്ടി പിടിക്കാന്‍ ശ്രീ ജയ വിദ്യാലക്ഷ്മി എന്ന ചിട്ടിക്കമ്പിനിയിലേക്കുമാണ് ഇദ്ദേഹം പോയതെന്ന് ഭാര്യ പറഞ്ഞു. ചിട്ടി പിടിച്ച ഇനത്തില്‍ 70000 രൂപ നല്‍കിയെന്ന് ചിട്ടിക്കമ്പനി പറയുന്നുണ്ടെങ്കിലും ഇതിന് തെളിവില്ലെന്നും ഭാര്യ ആരോപിക്കുന്നു.
ചിട്ടിപിടിക്കാന്‍ പോകുന്നവരെ വേണുഗോപാലിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ചിട്ടിക്കമ്പിനിയില്‍ നിന്നും പോയെന്നു പറയുന്ന സമയം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. മരട് പൊലിസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ഫോണ്‍ വയനാട്ടില്‍ ആണെന്ന് കണ്ടെത്തിയെങ്കിലും തുടര്‍ന്ന് വിവരമൊന്നും ലഭിച്ചില്ല. ഏപ്രില്‍ 10ന് നല്‍കാമെന്നു പറഞ്ഞ ചിട്ടിത്തുക നടത്തിപ്പുകാര്‍ ഓരോ കാര്യംപറഞ്ഞ് വൈകിപ്പിക്കുകയായിരുന്നു എന്നും വിമല പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചിട്ടി നടത്തിപ്പുകാരെ വിശദമായി ചോദ്യം ചെയ്യണമെന്നുകാട്ടി കൊച്ചി ഡി.സി.പിക്ക് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് വിമല. തൃപ്പൂണിത്തുറ വിക്രംസാരാഭായി റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളായ നന്ദുകുമാര്‍, ദാമോദരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."