മുഖം മിനുക്കിയ പൊവ്വല്‍കോട്ട ഇന്ന് നാടിന് സമര്‍പ്പിക്കും
ബോവിക്കാനം: മുഖംമിനുക്കിയ പൊവ്വല്‍കോട്ട ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നാടിന് സമര്‍പ്പിക്കും. ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ ജീവന്‍ ബാബു, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, മറ്റു ജനപ്രതിനിധികള്‍ പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
അധികൃതരുടെ അവഗണനയില്‍ സംരക്ഷണമില്ലാതെ നശിച്ചുകൊണ്ടിരുന്ന പൊവ്വല്‍കോട്ട പൈതൃക വിനോദ സഞ്ചാര കേന്ദ്രമായി ഉയര്‍ത്തുന്നതിന് വേണ്ടി പുരാവസ്തു വകുപ്പ് അനുവദിച്ച 50.5 ലക്ഷം രൂപ ചിലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കോട്ടയുടെ പഴമ നിലനിര്‍ത്തി കൊണ്ടാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനം നടന്നത്. കോട്ട സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ഇരിപ്പിടവും ശുചിമുറിയും കുടിവെള്ളത്തിനുള്ള സൗകര്യവും കോട്ടയ്ക്കകത്ത് ഒരുക്കിയിട്ടുണ്ട്.
കോട്ടയുടെ തകര്‍ന്ന ഭാഗങ്ങള്‍ നന്നാക്കുകയും നടപ്പാതയില്‍ കല്ലുകള്‍ പാകുകയും ചെയ്തിട്ടുണ്ട്. കോട്ടയുടെ ചുറ്റുമുള്ള എട്ടു കൊത്തളങ്ങളും കോട്ടയ്ക്കകത്തുള്ള ഒരു ഹനുമാന്‍ ക്ഷേത്രവും രണ്ട് കുളങ്ങളും ഒരു കിണര്‍ എന്നിവയുടെ നവീകരണ പ്രവര്‍ത്തിയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹിച്ചിട്ടുണ്ട്. ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ പൊവ്വല്‍ ടൗണില്‍നിന്ന് 1.5 കിലോമീറ്റര്‍ അകലെ എട്ടേക്കറോളം സ്ഥലത്താണ് കോട്ട സ്ഥിതി ചെയ്യുന്നത്. എ.ഡി. 1642ല്‍ ഇക്കേരി നായ്ക്കന്‍മാരുടെ ഭരണകാലത്ത് ഇക്കേരി രാഘവനായ്ക് നിര്‍മിച്ച കോട്ട ടിപ്പു സുല്‍ത്താന്റെ പടയോട്ട കാലത്ത് ഉപയോഗിച്ചതായും ചരിത്രരേഖകളിലുണ്ട്. 1985ലാണ് കോട്ട സംരക്ഷണ സ്മാരകമായി കേരള പുരാവസ്തു വകുപ്പ് ഏറ്റെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."