തലശ്ശേരി - വളവുപാറ റോഡിലെ മരംമുറി ടെന്‍ഡര്‍ മാറ്റിവച്ചു റോഡ് പണി നിര്‍ത്തി
ഇരിട്ടി: തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് രണ്ടാം റീച്ചിലെ മരം മുറിക്കാനുള്ള ടെന്‍ഡര്‍ നടപടി മാറ്റിവച്ചു. ഇതേതുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഉള്ള റോഡ് പണി അധികൃതര്‍ നിര്‍ത്തിവച്ചു. തലശ്ശേരി വളവുപാറ കെ.എസ്.ടി.പി റോഡ് കളറോഡ് മുതല്‍ വളവുപാറ വരെയുള്ള രണ്ടാം റീച്ചിലെ ഇരിട്ടി പാലം മുതല്‍ ബെന്‍ ഹില്‍ വരെയുള്ള 226 മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ടെന്‍ഡര്‍ നടപടികളാണ് മാറ്റിവച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ടെന്‍ഡര്‍ നടപടി കണ്ണൂര്‍ കെ.എസ്.ടി.പി ഓഫിസില്‍ ആരംഭിച്ചത്. എന്നാല്‍ സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ നിശ്ചയിച്ച വിലയുടെ പകുതി പോലും ടെന്‍ഡറില്‍ രേഖപെടുത്താതിനാലാണ് ലേല നടപടി മാറ്റിയതെന്ന് കെ.എസ്.ടി.പി എന്‍ജിനിയര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഈ മാസം 15 നാണ് അടുത്ത ടെന്‍ഡര്‍ വച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ലേല നടപടി നിര്‍ത്തിവെക്കുന്നത്. മരങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ മുറിച്ചുമാറ്റുമെന്ന പ്രതീക്ഷയില്‍ മരങ്ങള്‍ ഒഴിവാക്കി മണ്ണെടുത്ത് റോഡിന്റെ പണി തകൃതിയായി നടത്തിയിരുന്നു. ഇതുമൂലം റോഡരികിലെ ഡസന്‍ കണക്കിന് മരങ്ങള്‍ ഏതുസമയവും കടപുഴകി വീഴുമെന്ന നിലയിലാണ്. 2018 ജൂണിലാണ് 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രണ്ടാം റീച്ചിന്റെ പണി പൂര്‍ത്തീകരിക്കേണ്ടത്. ഈ വര്‍ഷം മെയ് മാസം കളറോഡ് മുതലുള്ള ആദ്യ 10 കീലോമീറ്റര്‍ റോഡിന്റെ പണി പൂര്‍ത്തീകരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കരാറുകാര്‍. അതിനിടിയിലാണ് അധികൃതരുടെ അനാസ്ഥമൂലം റോഡ് പണി അനിശ്ചിതമായി നീളുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."