തീര്‍ഥാടകരുടെ കാര്‍ താഴ്ച്ചയിലേക്കു മറിഞ്ഞ് തകര്‍ന്നു
വടക്കാഞ്ചേരി : ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അച്ഛനും മകളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ടു കാനയിലേക്കു മറിഞ്ഞു ഭാഗികമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന മൂന്നു പേരും അത്ഭുതകരമായി രക്ഷപ്പെട്ടു.
പാലക്കാട് കണ്ണമ്പ്ര സ്വദേശി കിഴക്കേ കുണ്ടില്‍ ബാബു (54), മകള്‍ അപര്‍ണ്ണ (19), ബാബുവിന്റെ സുഹൃത്ത് ബാലു (52) സഞ്ചരിച്ചിരുന്ന കാറാണു ഇന്നലെ പുലര്‍ച്ചെ ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മുള്ളൂര്‍ക്കര ജുമാ മസ്ജിദ് പരിസരത്തു വെച്ചു വലിയ താഴ്ചയിലേക്കു പതിച്ചത്. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലൂടെ പോകേണ്ടിയിരുന്ന വാഹനം വഴിതെറ്റിയാണു മുള്ളൂര്‍ക്കരയിലെത്തിയത്. വഴിതെറ്റിയെന്നു മനസിലാക്കിയ ഉടന്‍ വാഹനം ഓടിച്ചിരുന്ന ബാബു കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണു അപകടം നടന്നത്.
കാനയിലേക്കു പതിക്കുന്ന വലിയ ശബ്ദം കേട്ടു ഓടിയെത്തിയ ടാക്‌സി ഡ്രൈവര്‍ നാസറിന്റെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം നടന്നത്. കാറിനുള്ളില്‍ കുടുങ്ങി കിടന്നവരെ ഏറെ പണിപെട്ടാണു പുറത്തെത്തിച്ചത്. തുടര്‍ന്നു വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നല്‍കി മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജിലേക്കു മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."