നിര്‍ദേശം കടലാസില്‍ മാത്രം; ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കില്ല
കാസര്‍കോട്: ക്രിമിനല്‍ പശ്ചാത്തലമുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ പെരുകുമ്പോഴും ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ച് ഒരു കണക്കും പൊലിസിന്റെ പക്കലില്ല. ഇടക്കിടെ ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗവും പ്രാദേശിക പൊലിസും അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പു നടത്തുന്നുണ്ടെങ്കിലും അതെല്ലാം വഴിപാടാവുകയാണ്. ജില്ലാതലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ച് കൃത്യമായ കണക്കൊന്നും ഇല്ലെന്ന് ഉയര്‍ന്ന പൊലിസ് ഓഫിസര്‍മാര്‍ തന്നെ സമ്മതിക്കുന്നു. നിര്‍ദേശം നല്‍കുമ്പോള്‍ മാത്രം നടത്തുന്ന ഇത്തരം കണക്കെടുപ്പുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടു കൂടിയില്ലെന്നതാണ് വസ്തുത.
അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും ഇവര്‍ താമസിക്കുന്ന സ്ഥലവും മറ്റും സംബന്ധിച്ച് കൃത്യമായ വിവരം സൂക്ഷിക്കണമെന്നും ജനമൈത്രി പൊലിസ് സംവിധാനത്തിന്റെ ഭാഗമായി ഏഴു വര്‍ഷം മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കാസര്‍കോട്ടെ മിക്ക സ്റ്റേഷനുകളിലും ഇതരസംസ്ഥാന തൊഴിലാളികളെ കുറിച്ച് ഒരു കണക്കുമില്ല. തൊഴിലിടങ്ങളിലെത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചു വിവരം നല്‍കണമെന്നു തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരോടും ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഇത്തരം തൊഴിലാളികള്‍ക്കു വാടകവീടു നല്‍കുന്നവരോടും നിര്‍ദേശിച്ചുവെങ്കിലും അതെല്ലാം നിര്‍ദേശത്തില്‍ മാത്രം ഒതുങ്ങി.
കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ജില്ലാതലത്തില്‍ കണക്കു ക്രോഡീകരിക്കാത്തതു കൊണ്ടുതന്നെ പ്രാദേശിക പൊലിസ് ഈ കണക്കെടുപ്പില്‍ ജാഗ്രത കാണിക്കാത്തതാണ് കാസര്‍കോട് ജില്ലയില്‍ കണക്കെടുപ്പ് പാളാന്‍ കാരണമായത്. മൂന്നു വര്‍ഷത്തിനുള്ളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് കാസര്‍കോട് പൊലിസ് പുതുക്കിയിട്ടില്ലെന്നതാണ് വസ്തുത. അന്യസംസ്ഥാന തൊഴിലാളികള്‍ ഇടക്കിടെ താമസം മാറിപോകുന്നതിനാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിച്ചിട്ടില്ലെന്നു വേണം കരുതാന്‍.
ഒരു വര്‍ഷം മുമ്പ് ജില്ലയിലെ മടിക്കൈയില്‍ വീട്ടമ്മയെ കുത്തിക്കൊന്ന കേസിലും കാഞ്ഞങ്ങാട് കാര്‍ വാഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലും രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രതികളാണ്. ഇത്രയും വലിയ സംഭവങ്ങള്‍ക്കു ജില്ല സാക്ഷ്യം വഹിച്ചിട്ടും അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കു കൃത്യമായി രേഖപ്പെടുത്താത്തത് പൊലിസിന്റെ വന്‍ വീഴ്ചയാണ് വ്യക്തമാക്കുന്നത്. മടിക്കൈയില്‍ വീടുപണിക്കെത്തിയ ഇതരസംസ്ഥാന തൊഴിലാളി കറന്റു പോയ സമയത്താണു വീട്ടമ്മയെ കുത്തിക്കൊന്നത്. ഈ പ്രതിയെ സംഭവത്തിനു ശേഷം മൂന്നാം ദിവസമാണ് സംഭവം നടന്ന വീടിന്റെ ടെറസില്‍ നിന്നു പൊലിസ് പിടികൂടുന്നത്. കാഞ്ഞങ്ങാടെ കാര്‍ വാഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനെ മലദ്വാരത്തില്‍ കൂടി കാറ്റടിച്ചു കയറ്റിയാണു കൊലപ്പെടുത്തിയത്. രണ്ടു സംഭവത്തിലെയും പ്രതികള്‍ ഇപ്പോള്‍ ജയിലിലാണ്.
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലെ ശുചിത്വ സംവിധാനത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തിയതിന്റെ ഭാഗമായി താമസ സ്ഥലങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ കൈയില്‍ ലിസ്റ്റുണ്ട്. എന്നാല്‍ ജില്ലയില്‍ എത്ര തൊഴിലാളികള്‍ ഉണ്ടെന്നതു സംബന്ധിച്ച് അവര്‍ക്കും കൃത്യമായ വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."