പരിയാരം ഗവ. ആയുര്‍വേദ കോളജിലെ എക്സ് റേ യൂനിറ്റ് അടച്ചുപൂട്ടി
തളിപ്പറമ്പ്: പ്രതിദിനം നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന പരിയാരം ഗവ. ആയുര്‍വേദ കോളജിലെ എക്സ് റേ യൂനിറ്റ് അടച്ചുപൂട്ടി. ടെക്നീഷ്യന് അവധിയില്‍ പോയതിനാലാണ് എക്സ് റേ വിഭാഗത്തിന് താഴ് വീണത്. ഇത് രോഗികള്‍ക്ക് തിരിച്ചടിയായി.
ഒരു മാസത്തെ അവധിയിലാണ് ടെക്നീഷ്യന്. സ്ഥിരം ജീവനക്കാരന് അവധിയില്‍ പ്രവേശിച്ചാല്‍ ദിവസക്കൂലിക്ക് ടെക്നീഷ്യനെ വച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ചട്ടം. ആശുപത്രി വികസന സമിതിക്ക് ഇതിന് അധികാരമുണ്ട്. എന്നാല്‍ പകരം സംവിധാനമേര്‍പ്പെടുത്താതെ യൂനിറ്റ് അടച്ചുപൂട്ടിയ നടപടി പ്രതിഷേധത്തിനിടയാക്കി.
നിരവധി രോഗികളാണ് ദിവസവും ഒ.പിയിലും മറ്റുമായി എത്തുന്നത്. ഭൂരിഭാഗം രോഗികളും എല്ലുകള്‍ക്കുള്ള ക്ഷതവും മറ്റുമായാണ് ആശുപത്രിയിലെത്തുന്നത് ഇവര്‍ക്ക് എക്സ് റേ നിര്‍ബന്ധമാണ്. ഈ സൗകര്യമാണ് ഇല്ലാതായത്.
എക്സ് റേ പരിശോധന നിലച്ചതോടെ മിക്ക രോഗികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. എക്സ് റേ എടുക്കണമെങ്കില്‍ 10 കിലോമീറ്ററിലധികം യാത്ര ചെയ്ത് തളിപ്പറമ്പിലോ പയ്യന്നൂരിലോ എത്തണം.
ഇത് രോഗികള്‍ക്ക് ദുരിതമാവുന്നു. എക്സ് റേ ഇല്ലാത്തത് വിദ്യാര്‍ഥികളുടെ പഠനത്തിനും തിരിച്ചടിയാവുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."