തില്ലങ്കേരിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ പിടികൂടി
ഇരിട്ടി: തില്ലങ്കേരി കാര്‍ക്കോട് ഉഗ്രശേഷിയുള്ള സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. കാര്‍ക്കോട് അമ്മുഅമ്മ സ്മൃതി മന്ദിരത്തിനടുത്ത് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പില്‍ മണ്‍തിട്ടയുടെ പൊത്തില്‍ ബക്കറ്റിലാക്കി സൂക്ഷിച്ച അഞ്ച് സ്റ്റീല്‍ ബോംബുകളാണ് പൊലിസ് പിടിച്ചെടുത്തത്. ബോബ് സെല്ലോടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കി പെയിന്റ് ബോട്ടിലിനുള്ളിലാക്കി മണ്ണുനിറച്ച് അതീവ സുരക്ഷയോടെയാണ് ബക്കറ്റില്‍ സൂക്ഷിച്ചിരുന്നത്. ഒരാഴ്ച മുമ്പ് നിര്‍മിച്ച ബോംബുകളാണിതെന്നാണ് പൊലിസിന്റെ നിഗമനം. മറ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപകമായി കടത്താന്‍ സൂക്ഷിച്ചതാണ് ബോംബുകളെന്നാണ് സൂചന. പോലിസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് റെയ്ഡ് നടത്തി ബോംബു ശേഖരം പിടികൂടിയത്. മുഴക്കുന്ന് എസ്.ഐ പി. രാജേഷിനു പുറമെ എ.സ്.ഐ രവീന്ദ്രന്, സി.പി.ഒമാരായ രാജീവന്, സുമേഷ്, വിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. രണ്ടുവര്‍ഷം മുമ്പ് പ്രദേശത്ത് വീട്ടില്‍ സൂക്ഷിച്ച ബോംബ് പൊട്ടി വീട് തകരുകയും മറ്റൊരു സ്ഥലത്ത് വയലില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് കൃഷിപ്പണിക്കിടെ ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരന് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബോംബ് പിടിച്ചെടുത്ത പ്രദേശം ബി.ജെ.പി ശക്തികേന്ദ്രമാണെന്നാണ് ആരോപണം. പ്രദേശത്ത് ബോംബ് നിര്‍മാണം നടക്കുന്നതായ സൂചന ലഭിച്ചതായും വരുംദിവസങ്ങളില്‍ ബോംബ് സ്ക്വാഡിന്റെ സഹായത്തോടെ വ്യാപക റെയ്ഡ് നടത്തുമെന്നും മുഴക്കുന്ന് എസ്.ഐ രാജേഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."