കാഞ്ഞിരത്തിനാല്‍ ഭൂമി എം.എല്‍എക്കെതിരേ ആരോപണമുന്നയിച്ച് സമരസഹായ സമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമിപ്രശ്‌നവുമായി ബന്ധപ്പെട്ട് എം.എല്‍.എക്കെതിരേ വിമര്‍ശനവുമായി സമര സമിതി. എം.എല്‍.എ സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുതെന്ന് സമര സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഭൂ പ്രശ്‌നം സംബന്ധിച്ച യാഥാര്‍ത്യം മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അധികാരികളുടെ ശ്രമം. തെറ്റായ വിവരങ്ങള്‍ പൊതുജനത്തിന് നല്‍കി ഭൂമി തിരിച്ചുനല്‍കാതിരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സും സബ്കലക്ടറും നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കാതെ സര്‍ക്കാരിനെതിരേ സര്‍ക്കാര്‍ തന്നെ വിധി ചോദിച്ച് വാങ്ങിയതും അതിന്റെ ഭാഗമായാണ്.
റവന്യൂവകുപ്പ് മന്ത്രി നിയമസഭയില്‍ സബ്മിഷന് നല്‍കിയ മറുപടി എന്ന രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത പോലും അസത്യമായിരുന്നുവെന്ന് നിയമസഭാ രേഖകള്‍ തന്നെ വെളിപ്പെടുത്തുന്നു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ കുടുംബത്തിന് ഭൂമി വിട്ടു നല്‍കുന്നതിന് റവന്യൂ വകുപ്പിന് എതിര്‍പ്പില്ലെന്ന് റവന്യൂമന്ത്രി സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ സബ്മിഷന് മറുപടിയായി പറഞ്ഞതായായിരുന്നു വാര്‍ത്ത.
പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാല്‍ കേസില്‍ തീരുമാനം ഉണ്ടാകുന്ന മുറക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തരത്തിലൊരു മറുപടി മന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടില്ലെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായിട്ടുണ്ടെന്ന് സമര സമിതി ഭാരവാഹികള്‍ ആരോപിച്ചു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമിപ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിലുള്ള പദയാത്ര ഈ മാസം എട്ടിന് ജോര്‍ജിന്റെ ഭൂമിയില്‍ നിന്നും ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമരസമിതി ഭാരവാഹികളും, കര്‍ഷക സംഘടനാഭാരവാഹികളും നടത്തുന്ന പദയാത്ര മെയ് പത്തിന് ബഹുജനമാര്‍ച്ചായി കലക്ടറേറ്റിലേക്ക് എത്തിച്ചേരും. ജോര്‍ജിന്റെ ഭൂമിയില്‍ നിന്ന് എട്ടിന് കാലത്ത് ആരംഭിക്കുന്ന പദയാത്ര അന്ന് വൈകിട്ട് ദ്വാരകയില്‍ സമാപിക്കും.
ഒന്‍പതിന് കാലത്ത് നാലാംമൈലില്‍ നിന്നും ആരംഭിക്കുന്ന യാത്ര വൈകിട്ട് കണിയാമ്പറ്റയില്‍ സമാപിക്കും. 10ന് കാലത്ത് കമ്പളക്കാട് നിന്നും ആരംഭിക്കുന്ന യാത്ര ബഹുജനമാര്‍ച്ചായി ഉച്ചയോടെ കലക്ടറേറ്റിലേക്ക് എത്തിച്ചേരുമെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ലീഗല്‍ സെല്‍ ചെയര്‍മാന്‍ അഡ്വ. വി.ടി പ്രദീപ്കുമാര്‍, സുരേഷ് ബാബു, പി.പി ഷൈജല്‍, പി. പ്രേമാനന്ദന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."