നാഗമ്പടം റെയില്‍വേ നടപ്പാലം ഉടന്‍ തുറക്കും
കോട്ടയം: നവീകരണത്തിനായി അടച്ച നാഗമ്പടം റെയില്‍വേ നടപ്പാലം ഈയാഴ്ച തുറക്കും. നവീകരണം പൂര്‍ത്തിയായതിനെത്തുടര്‍ന്നു കഴിഞ്ഞ പത്തിനു പാലം പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കാന്‍ ആലോചിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനംമാറ്റുകയായിരുന്നു. റെയില്‍വേ ജനറല്‍ മാനേജറുടെ സന്ദര്‍ശനത്തിനു മുന്നോടിയായി പാലം തുറന്നുനല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം.
കഴിഞ്ഞ വര്‍ഷം പകുതിയോടെ അറ്റകുറ്റപ്പണിക്കും നവീകരണ ത്തിനുമായി അടച്ച പാലത്തിലൂടെ യാത്രചെയ്ത ആള്‍ വീണുമരിച്ചിരുന്നു. ഇതെ തുടര്‍ന്നു ബാരിക്കേഡുകകളും മറ്റും സ്ഥാപിച്ചു പാലത്തിലൂടെയുള്ള സഞ്ചാരം പൂര്‍ണമായും റെയില്‍വേ തടഞ്ഞു. തുടര്‍ന്നു നവംബറിലാണു പൂര്‍ണതോതില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്.
പാലത്തിന്റെ ട്രാക്കിനു മുകളിലൂടെ പോകുന്ന ഭാഗം പൂര്‍ണമായും മാറ്റി പുതിയതു സ്ഥാപിച്ചു. മിനുക്കുപണികളും കൂടി പൂര്‍ത്തിയാക്കി. 18 ലക്ഷം രൂപയാണു നടപ്പാലം പുതുക്കിപ്പണിയുന്നതിനുളള കരാര്‍ തുക. പാലത്തിന്റെ നവീകരണത്തിനായി 15 ലക്ഷം രൂപ നഗരസഭയാണു റെയില്‍വേക്കു നല്‍കിയത്. നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്കും തിരികെയും പോകാം. റെയില്‍വേ സ്‌റ്റേഷനില്‍ പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന രണ്ടാമത്തെ നടപ്പാലവും ഈ ആഴ്ച തുറക്കും. പാലത്തിലെ ടൈല്‍ പാകല്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഒരുകോടി രൂപയാണു ചെലവ്. റെയില്‍വേ സ്‌റ്റേഷന്റെ തെക്കേ അറ്റത്താണു നിലവില്‍ നടപ്പാലമുള്ളത്. വടക്കേ അറ്റത്താണു പുതിയ നടപ്പാലം. ഭാവിയില്‍ നാഗമ്പടം ബസ് സ്‌റ്റോപ്പിലേക്കുള്ള നടപ്പാതകൂടിയാകുന്ന രീതിയിലാണു നിര്‍മാണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."