എഫ്.എ കപ്പ്: ടോട്ടനം, ആഴ്സണല്‍ സെമിയില്‍
ലണ്ടന്‍: ഗോളുകളടിച്ചു കൂട്ടി ടോട്ടനം ഹോട്സ്പറും ആഴ്സണലും എഫ്.എ കപ്പിന്റെ സെമിയിലേക്കു മുന്നേറി. ടോട്ടനം മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കു മില്വെല്ലിനെ കീഴടക്കിയപ്പോള്‍ ആഴ്സണല്‍ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് ലിങ്കന് സിറ്റിയെയാണു പരാജയപ്പെടുത്തിയത്.
ദക്ഷിണ കൊറിയന്‍ യുവ താരം ഹ്യൂങ് മിന് സന് ഹാട്രിക്ക് ഗോളുകളുമായി തിളങ്ങിയ പോരാട്ടത്തിലാണു ടോട്ടനം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 41, 54, 90 മിനുട്ടുകളിലാണു കൊറിയന്‍ താരം വല ചലിപ്പിച്ചത്. 31ാം മിനുട്ടില്‍ എറിക്സനാണു ഗോള്‍ വേട്ടയ്ക്കു തുടക്കമിട്ടത്. 72ാം മിനുട്ടില്‍ അല്ലിയും 79ല്‍ ജെന്‍സനും വല ചലിപ്പിച്ച് പട്ടിക പൂര്‍ത്തിയാക്കി.
ചാംപ്യന്‍സ് ലീഗില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോടു ഇരു പാദങ്ങളിലുമായി 10-2ന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങി തുടര്‍ച്ചയായി ഏഴാം തവണയും യൂറോപ്യന്‍ എലൈറ്റ് പോരാട്ടത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ പുറത്തായതിന്റെ നാണക്കേടിലാണു ആഴ്സണല്‍ സ്വന്തം തട്ടകത്തില്‍ ദുര്‍ബലരായ എതിരാളികള്‍ക്കെതിരേ കളിക്കാനിറങ്ങിയത്.
വിജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ക്ക് ആശ്വാസം നല്‍കില്ലെന്ന ഉറപ്പില്‍ ലിങ്കന് സിറ്റിയെ നിലംപരിശാക്കിയാണു പീരങ്കിപ്പട സെമിയിലേക്കു കുതിച്ചത്. ആഴ്സണലിനായി വാല്‍ക്കോട്ട്, ജിറൂദ്, സാഞ്ചസ്, റാംസി എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ സെല്‍ഫിലൂടെ ദാനമായും ലഭിച്ചു.
നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയും സെമിയിലെത്തിയിരുന്നു. ഇന്നു നടക്കുന്ന അവസാന ക്വാര്‍ട്ടറില്‍ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും നേര്‍ക്കുനേര്‍ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."