ഹാജിമാരെ വിരുന്നൂട്ടി ഖിലാഫത്ത് നഗരി
ഖിലാഫത്ത് നഗര്‍ (പൂക്കോട്ടൂര്‍): വിശുദ്ധ ഹജ്ജിന്റെ കര്‍മപാഠം നുകരാന്‍ പൂക്കോട്ടൂരില്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍. മനസുനിറയെ പ്രാര്‍ഥനകളുമായി പുണ്യഭൂമിയിലെത്താന്‍ കൊതിക്കുന്ന അല്ലാഹുവിന്റെ അതിഥികള്‍ക്കു വിരുന്നൂട്ടി പൂക്കോട്ടൂര്‍ ഗ്രാമം.
സമഗ്രമായ ഹജ്ജ് പാഠങ്ങളിലൂടെ കിനാവുകണ്ട വിശുദ്ധ ഭൂമിയിലേക്കു യാത്രപോയ ഹാജിമാരുടെ നിറവില്‍ പതിനെട്ടാമതു ഹജ്ജ് ക്യാംപ് ഭക്തിസാന്ദ്രമായി. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച ക്യാംപ് ഇന്നു വൈകിട്ടാണ് സമാപിക്കുക.
ഇന്നലെ രാവിലെ ഔദ്യോഗിക ഉദ്ഘാടനത്തിനു മണിക്കൂറുകള്‍ക്കു മുന്‍പേ ക്യാംപ് നഗരി നിറഞ്ഞുകവിഞ്ഞിരുന്നു. പത്തിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയും സാരസമ്പൂര്‍ണമായ ഉദ്‌ബോധനവും.
ഹ്രസ്വമായ ഉദ്ഘാടന ചടങ്ങ് അവസാനിച്ചതോടെ പതിനൊന്നിനു പഠന സെഷനു തുടക്കമായി.
വീട്ടില്‍നിന്ന് ഇറങ്ങിയതു മുതല്‍ തിരിച്ചെത്തുന്നതു വരെയുള്ള കാര്യങ്ങളാണ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ ഹജ്ജ് ക്ലാസ്. കഅ്ബയുടെ പ്രാധാന്യം, ഹജ്ജിന്റെ ചരിത്ര പശ്ചാത്തലം മുതല്‍ ത്വവാഫ് വരെയുള്ള ഭാഗങ്ങളാണ് ഇന്നലെ അവതരിപ്പിച്ചത്. ഇന്നു സഅ്‌യ് മുതല്‍ ഹജ്ജ് അനുഷ്ഠാനം കഴിഞ്ഞു മടക്കംവരെയുള്ള ഭാഗങ്ങള്‍ അവതരിപ്പിക്കും.
രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പഠന ക്യാംപിനു വിപുലമായ സംവിധാനങ്ങളാണ് ഖിലാഫത്ത് കാംപസില്‍ ഒരുക്കിയത്. പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന വിശാല പന്തലിലാണ് ക്ലാസ്. എന്നാല്‍, ഒഴുകിയെത്തിയ ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാകാതെ നഗരി നിറഞ്ഞൊഴുകി. തൊട്ടടുത്ത കാംപസ് കെട്ടിടം, മസ്ജിദ് എന്നിവിടങ്ങളില്‍കൂടി ക്ലാസ് ശ്രവിക്കാന്‍ സൗകര്യപ്പെടുത്തിയിരുന്നു.
സര്‍ക്കാര്‍, സ്വകാര്യ വിഭാഗങ്ങളിലായി ഹജ്ജിനു പുറപ്പെടുന്ന ഹാജിമാരാണ് ക്യാംപിലെത്തിയത്. വിദൂരസ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊട്ടടുത്ത ഓഡിറ്റോറിയത്തിലും കോളജിലും പ്രദേശങ്ങളിലെ വീടുകളിലും താമസ സൗകര്യമൊരുക്കിയിരുന്നു. മുന്നൂറോളം വളണ്ടിയര്‍മാര്‍ ക്യാംപില്‍ മുഴുസമയ സേവനത്തിനെത്തി. പി.കെ.എം.ഐ.സി, എം.ഐ.സി സ്ഥാപനങ്ങളുടെ 21 ബസുകളാണ് പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍നിന്നു ഹാജിമാരെ ക്യാംപിലെത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."