ബാഴ്‌സലോണയ്ക്ക് അട്ടിമറി തോല്‍വി
മാഡ്രിഡ്: പാരിസ് സെന്റ് ജെര്‍മെയ്‌നെതിരേ വിസ്മയ വിജയം സ്വന്തമാക്കി ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറിലേക്കു മുന്നേറിയതിന്റെ കരുത്തുമായി ഇറങ്ങിയ ബാഴ്‌സലോണയെ ഡിപോര്‍ടീവോ ലാ കൊരുണ അട്ടിമറിച്ചു. സ്വന്തം മൈതാനത്താണു ഡിപോര്‍ടീവോ കറ്റാലന്‍ പടയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്.
ഡിപോര്‍ടീവോയ്ക്കായി ജോസെലു, ബെര്‍ഗാന്റിനോസ് എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ ബാഴ്‌സലോണയുടെ ആശ്വസ ഗോള്‍ ലൂയീസ് സുവാരസിന്റെ വകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രനാഡയെ മറുപടിയില്ലാത്ത ഒറ്റ ഗോളിനു വീഴ്ത്തി. കളിയുടെ അവസാനം വരെ ഗോള്‍രഹിതമായപ്പോള്‍ 84ാം മിനുട്ടില്‍ അന്റോയിന്‍ ഗ്രിസ്മാന്‍ നേടിയ ഗോളിലാണു അത്‌ലറ്റിക്കോയുടെ വിജയം.
പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ബാഴ്‌സയുടെ തോല്‍വി കിരീട പോരാട്ടത്തില്‍ അവര്‍ക്ക് വീണ്ടും വിനയായി മാറി. രണ്ടാമതുള്ള റയലുമായി ഒരു പോയിന്റ് മാത്രം വ്യത്യാസത്തിലാണു ബാഴ്‌സലോണ നില്‍ക്കുന്നത്. അടുത്ത മത്സരത്തില്‍ റയല്‍ വിജയിച്ചാല്‍ രണ്ടു പോയിന്റ് വ്യത്യാസത്തില്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്കുയരാം. മൂന്നാം സ്ഥാനത്തുള്ള സെവിയ്യക്ക് 57 പോയിന്റ്.
ഗോള്‍ മഴ പെയ്യിച്ച് ഇന്റര്‍
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഗോള്‍ മഴ പെയ്യിച്ച് ഇന്റര്‍ മിലാന്‍. ഒന്നിനെതിരേ ഏഴു ഗോളുകള്‍ക്ക് അവര്‍ അറ്റ്‌ലാന്‍ഡയെ വീഴ്ത്തി. ഇക്കാര്‍ഡി, എവര്‍ ബനേഗ എന്നിവരുടെ ഹാട്രിക്കാണു ഇന്ററിനു കൂറ്റന്‍ വിജയം സമ്മാനിച്ചത്. മറ്റു മത്സരങ്ങളില്‍ നാപോളി 3-0ത്തിനു ക്രോടോണിനേയും ഉദീനിസെ 3-1നു പെസ്‌ക്കാരയേയും ചീവോ 4-0ത്തിനു എംപോളിയേയും പരാജയപ്പെടുത്തി. സംപ്‌ദോറിയ- ജനോവയേയും ബോലോഗ്ന- സസോളോയേയും ഫിയോരെന്റിന- കഗ്ലിയാരിയേയും 1-0ത്തിനു കീഴടക്കി.
ഷാല്‍കെയ്ക്ക് വിജയം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ഷാല്‍കെയ്ക്ക് വിജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്കു അവര്‍ ഓഗ്‌സ്ബര്‍ഗിനെ പരാജയപ്പെടുത്തി.
മൊണാക്കോ കുതിക്കുന്നു
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ മൊണാക്കോ കുതിപ്പ് തുടരുന്നു. ബോര്‍ഡെക്‌സിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അവര്‍ പരാജയപ്പെടുത്തി. ജയത്തോടെ രണ്ടാമതുള്ള നീസുമായുള്ള പോയിന്റ് വ്യത്യാസം അഞ്ചാക്കി ഉയര്‍ത്താനും അവര്‍ക്കായി. മൊണാക്കോയ്ക്ക് 68ഉം നീസിനു 63ഉം പോയിന്റ്. ഒരു മത്സരം കുറച്ചു കളിച്ച നിലവിലെ ചാംപ്യന്‍മാരായ പി.എസ്.ജിക്ക് 62 പോയിന്റുകള്‍.
അവസരം കളഞ്ഞ് ഈസ്റ്റ് ബംഗാളും
ചെന്നൈ: ഐ ലീഗില്‍ പോയിന്റ് സമവാക്യങ്ങള്‍ കീഴ്‌മേല്‍ മറിച്ച് ഈസ്റ്റ് ബംഗാളിനെ ചെന്നൈ സിറ്റി 2-1നു അട്ടിമറിച്ചു. വിജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനം ഐസ്വാളില്‍ നിന്നു തിരിച്ചു പിടിക്കാന്‍ ഈസ്റ്റ് ബംഗാളിനു സാധിക്കുമായിരുന്നു. എന്നാല്‍ ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണു ഈസ്റ്റ് ബംഗാള്‍ രണ്ടു ഗോള്‍ വഴങ്ങി അപ്രതീക്ഷിത തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. ഈസ്റ്റ് ബംഗാളിന്റെ തോല്‍വി കഴിഞ്ഞ ദിവസം സമനില വഴങ്ങിയ ഐസ്വാളിനാണു ആശ്വാസമാകുന്നത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഐസ്വാള്‍ മൂന്നു പോയിന്റിന്റെ ലീഡില്‍ 30 പോയിന്റുമായി ഒന്നാമതും ഈസ്റ്റ് ബംഗാള്‍ 27 പോയിന്റുമായി രണ്ടാമതും.
മറ്റൊരു മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ്- ഷില്ലോങ് ലജോങ് പോരാട്ടം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."