ഗസ്സയില്‍ സ്‌ഫോടനം; ആറ് ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു
ഗസ്സ: ഗസ്സ മുനമ്പില്‍ ബോംബ് സ്‌ഫോടനത്തില്‍ ആറ് ഹമാസ് സൈനികര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെക്കന്‍ ഗസ്സ മുനമ്പിലെ ദെയ്‌റുല്‍ ബലാഹിലാണു സംഭവം. ആക്രമണത്തിനു പിന്നില്‍ ഇസ്‌റാഈലാണെന്ന് ഹമാസ് ആരോപിച്ചു.
പ്രാദേശിക സമയം ശനിയാഴ്ച രാത്രിയായിരുന്നു ബോംബ് സ്‌ഫോടനം നടന്നത്. ആക്രമണം ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. എന്നാല്‍, എന്താണ് ആക്രമണത്തിനു കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
ഇസ്‌റാഈല്‍ സൈനിക വക്താവ് സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഇസ്‌റാഈല്‍ സൈന്യത്തിന് ആക്രമണത്തില്‍ പങ്കില്ലെന്ന് മറ്റൊരു സൈനിക ജീവനക്കാരന്‍ അറിയിച്ചു.മാര്‍ച്ച് 30ന് ആരംഭിച്ച 'ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍' ഫലസ്തീന്‍ ജനകീയ പ്രക്ഷോഭത്തില്‍ വിറളിപൂണ്ട് ഇസ്‌റാഈല്‍ നടത്തിയ ആക്രമണമാണിതെന്ന് ഹമാസ് വക്താവ് പ്രതികരിച്ചു. ദൗര്‍ഭാഗ്യകരമായ സയണിസ്റ്റ് ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേഖലയില്‍ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡിന്റെ നേതൃത്വത്തില്‍ സുരക്ഷാ-ഇന്റലിജന്‍സ് ഓപറേഷന്‍ നടന്നിരുന്നു. അതിര്‍ത്തിയില്‍ നടക്കുന്ന ഏഴാഴ്ച പ്രക്ഷോഭത്തിനു നേരെ ഇസ്‌റാഈല്‍ നടത്തുന്ന സൈനിക നടപടിയെ കുറിച്ച് അന്വേഷിക്കാനായിരുന്നു ഇത്.
ഹമാസിന്റെ നിയന്ത്രണത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുന്ന പ്രദേശമാണ് ഗസ്സ മുനമ്പ്. ഇവിടെനിന്ന് 2005ല്‍ ഇസ്‌റാഈല്‍ സൈന്യം പിന്‍വലിയുകയും അധിനിവേശ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാല്‍, സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തീരമേഖലയില്‍ ഫലസ്തീനു നേരെ ഇസ്‌റാഈല്‍ നാവിക ഉപരോധം തുടരുന്നുണ്ട്. ഇതുവഴി ഫലസ്തീനിലേക്കുള്ള ചരക്കുകടത്ത് ഇസ്‌റാഈല്‍ തടഞ്ഞിരിക്കുകയാണ്. ഗസ്സയുടെ മറ്റൊരു അതിര്‍ത്തി പ്രദേശമായ സീനാ ഭാഗത്ത് ഈജിപ്തും അടച്ചിട്ടുണ്ട്.
ആഴ്ചകള്‍ക്ക് മുന്‍പ് ആരംഭിച്ച ഫലസ്തീന്‍ പ്രക്ഷോഭത്തിനിടെ ഇസ്‌റാഈല്‍ വെടിവയ്പ്പില്‍ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന ഇസ്‌റാഈല്‍ ആക്രമണത്തില്‍ ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."