എന്‍ഡോ സള്ഫാന് ദുരിത ബാധിതന് മരിച്ച സംഭവം; പൊലിസ് അന്വേഷണം ആരംഭിച്ചു
കാഞ്ഞങ്ങാട്: ചികിത്സക്കിടെ അബോധാവസ്ഥയിലായ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന് മരിച്ച സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലിസ് അന്വേഷണം തുടങ്ങി. പനത്തടി കണിയാന്തറയിലെ കെ.എസ് മാത്യുവിന്റെ മകന് ജിന്‍സ് മാത്യു (22)വാണ് കഴിഞ്ഞ ദിവസം മരിച്ചത്. ചുള്ളിക്കര സെന്റ് ജോസഫൈന് സ്പെഷല്‍ സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു ജിന്‍സ്. ഈ മാസം നാലിനാണ് ഗുഹ്യ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി ജിന്‍സിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. പിന്നീട് ഇയാളുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അനാസ്ഥയാണ് ഇയാളുടെ മരണത്തിന് കാരണമെന്ന ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് പൊലിസ് അന്വേഷണം തുടങ്ങിയത്. ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്നലെ പൊലിസ് ആശുപത്രിയില്‍ നിന്നും ശേഖരിച്ചു. അതേ സമയം ദുരിത ബാധിതന് മരിച്ചത് ഇയാളെ ചികിത്സിച്ച ഡോക്ടറുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചു എന്‍ഡോ സള്ഫാന് പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ ഒരു കൂട്ടം ആളുകള്‍ ഇന്നലെ ആശുപത്രി പരിസരത്ത് പ്രതിഷേധിക്കാന്‍ എത്തിയിരുന്നു. എന്നാല്‍ ചികിത്സ നടത്തിയ ഡോക്ടറും, ആശുപത്രിയുടെ മാനേജിങ് ഡയറക്ടറും ഇന്നലെ ഇല്ലാത്തതിനാല്‍ ഇക്കാര്യം മാനേജരും,നഴ്സിംഗ് സൂപ്രണ്ടും ഇവരെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഇന്ന് രാവിലെ ഡോക്ടറും,മാനേജിങ് ഡയറക്ടറും എത്തിയ ശേഷം ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് ആശുപത്രി മാനേജര്‍ ഇവര്‍ക്ക് വാക്ക് നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം താല്‍ക്കാലികമായി മാറ്റി വച്ചതായി എന്‍ഡോ സള്ഫാന് പീഡിത ജനകീയ മുന്നണി ഭാരവാഹികളായ സുബാഷ് ചീമേനി, പ്രവീണ മാവുങ്കാല്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."