കൊയ്‌തൊഴിഞ്ഞ പാടത്ത് പതിവ് തെറ്റാതെ അവരെത്തി
ആയഞ്ചേരി: കൊയ്‌തൊഴിഞ്ഞ പാടത്ത് പതിവുപോലെ ദേശാടന പക്ഷികള്‍ വിരുന്നെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിയുന്ന ഗ്‌ളോസി ഐബിസ് എന്ന പേരിലറിയപ്പെടുന്ന കറുത്ത കൊക്കുകളാണ് ഇവിടെ എത്തിയതില്‍ അധികവും.
ആയഞ്ചേരി, വേളം പഞ്ചായത്തുകളില്‍ വ്യാപിച്ച് കിടക്കുന്ന വിശാലമായ കോള്‍ നിലങ്ങളാണ് ഇവയുടെ വിഹാര കേന്ദ്രങ്ങള്‍. ഗ്‌ളോസി ഐബിസിന് പുറമെ വൈറ്റ് ഐബിസ്, കഷണ്ടി കൊക്ക്, ചേരാ കൊക്ക് എന്നീ പേരുകളിലറിയപ്പെടുന്ന ഓപ്പണ്‍ ബില്‍ഡ് സ്റ്റോര്‍ക്കും നീര്‍കാക്കകളും എരണ്ടകളും ഇവയ്‌ക്കൊപ്പമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ദേശാടന പക്ഷികള്‍ ഇവിടേക്ക് വരുന്നുണ്ടെങ്കിലും ഇത്രയും കൂടുതല്‍ കൂട്ടത്തോടെ എത്തുന്നത് ആദ്യമായാണ്. അഞ്ഞൂറോളം ഗ്‌ളോസി ഐബിസുകള്‍ എത്തിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ചെറിയ മീനുകള്‍, തവള, ഞണ്ട്, നമിച്ചി, മറ്റ് ചെറുജീവികള്‍ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. ഭക്ഷ്യ ലഭ്യതയും ചേക്കാറാനുള്ള ജൈവ തുരുത്തുകളുമാണ് ദേശാടന കിളികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതെന്ന് പക്ഷി നിരീക്ഷകനും അധ്യാപകനുമായ ജി.കെ പ്രശാന്ത് 'സുപ്രഭാത'ത്തോട് പറഞ്ഞു. മഴക്കാലം തുടങ്ങുന്നതോടെയാണ് ഇവ തിരിച്ചു പോവുക.
വര്‍ഷം മുഴുവന്‍ വറ്റാത്ത തോടുകളുള്ളതിനാല്‍ നീലക്കോഴി, താമരക്കോഴി എന്നിവ ഇവിടെ പ്രജനനം നടത്തുന്നുണ്ട്. ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ അഞ്ചോളം തുരുത്തുകള്‍ ഇവിടെയുണ്ട്. പര്‍പ്പള്‍ ഹെറോണ്‍ എന്ന ശാസ്ത്രീയ നാമത്തിലറിയപ്പെടുന്ന ചായമുണ്ടി പ്രജനനം നടത്തുന്ന കൈതക്കാടുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."