വെള്ളീച്ച ശല്യം: കര്‍ഷകര്‍ ആശങ്കയില്‍
കോഴിക്കോട്: തെങ്ങിനെ ബാധിക്കുന്ന വെള്ളീച്ച ശല്യം ജില്ലയിലെ മലയോര കര്‍ഷകരെ ആശങ്കയിലാക്കുന്നു. മലയോര മേഖലയിലെ കേര കര്‍ഷകരാണ് പ്രധാനമായും വെള്ളീച്ച ശല്യം കാരണം പ്രയാസമനുഭവി ക്കുന്നന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തെങ്ങിന്‍തോപ്പുകളില്‍ പടര്‍ന്നുപിടിച്ചിരുന്ന ഇവയുടെ ശല്യം നെല്‍കൃഷിയിലേക്കും മറ്റു വിളകളിലേക്കും വ്യാപിക്കുകയാണ്. സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഇത്തരം ഈച്ചകള്‍ക്കു പ്രത്യുല്‍ദാപന ശേഷി കൂടുതലാണെന്നും കേരളത്തില്‍ ചൂടു കൂടുന്നതോടെ ഇവയുടെ വ്യാപനമുണ്ടാകാനാണു സാധ്യതയെന്നും കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തെങ്ങില്‍ നിന്നും നീരൂറ്റിക്കുടിക്കുന്ന വെളുത്തനിറത്തിലുള്ള വെള്ളീച്ച തെങ്ങിനും വാഴ, കറിവേപ്പ്, പേര, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നിവയ്ക്കും ദോഷമുണ്ടാക്കും. ഈ ചെറുപ്രാണികള്‍ തെങ്ങോലയുടെ അടിവശത്ത് കൂട്ടമായിട്ടാണ് കാണുന്നത്.
വെള്ളീച്ച ബാധിച്ച തെങ്ങുകളില്‍ തെങ്ങോലയുടെ പുറംഭാഗത്ത് കറുത്ത നിറത്തിലുള്ള പൂപ്പല്‍ബാധ കൂടുതലായി കാണും. ജില്ലയിലെ കുറ്റ്യാടി, നാദാപുരം, മുക്കം, തിരുവമ്പാടി ഭാഗങ്ങളിലെ കേര കര്‍ഷകര്‍ വെള്ളീച്ച ശല്യം കാരണം പൊറുതിമുട്ടുകയാണ്. ചൂട് വര്‍ധിച്ചതോടെ കൂമ്പു ചീയലും മണ്ഡരി രോഗവും വ്യാപിക്കുന്നതിനിടേയാണ്
മലയോര മേഖലയിലെ തെങ്ങ്, കവുങ്ങ് എന്നീ വിളകളെ ആശ്രയിച്ച് കഴിയുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ വെള്ളീച്ച ശല്യവും വ്യാപകമായത്. ചൂട് വര്‍ധിച്ചത് കാരണമാണ് ഈച്ചശല്യം വ്യാപിക്കുന്നതെന്നും മഴ ലഭ്യമായാല്‍ മാത്രമേ ഇത് പൂര്‍ണമായും പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കാര്‍ഷിക മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
എന്താണ് വെള്ളീച്ച ?
അല്യൂറോഡിക്കസ് എന്ന വിഭാഗത്തില്‍പ്പെട്ട ഈ വെള്ളീച്ചകള്‍ ചെറുശലഭങ്ങളെപ്പോലെയാണ് കാണുന്നത്. ഓലയുടെ അടിഭാഗത്ത് കൂട്ടംകൂടി നീരൂറ്റിക്കുടിക്കുന്ന ഇവ വൃത്താകൃതിയിലോ അര്‍ദ്ധവൃത്താകൃതിയിലോ മുട്ട നിക്ഷേപിക്കുന്നു.വെള്ളപഞ്ഞിപോലുള്ള ആവരണം കൊണ്ട് മുട്ടകള്‍ മൂടിയിരിക്കും. ഇവ പുറപ്പെടുവിക്കുന്ന മധുരശ്രവം മൂലം ഓലയുടെ പ്രതലത്തില്‍ ചാരപൂപ്പല്‍ എന്നറിയപ്പെടുന്ന പാട വളരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വെള്ളീച്ചകള്‍ തെങ്ങോലകളിലാണ് കൂടുതല്‍ ദുരിതം സൃഷ്ടിക്കുന്നത്. ഇവയാണ് മറ്റു വിളകളിലേക്കു വ്യാപിക്കുന്നത്.
വെള്ളീച്ചയെ എങ്ങനെ തടയാം
ഒഴിഞ്ഞ ടിന്നിനു മുകളില്‍ മഞ്ഞ പെയിന്റടിച്ച് ഉണക്കിയ ശേഷം ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കെട്ടിത്തൂക്കുക.
കടും മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ഷീറ്റിന്റെയോ മഞ്ഞ കടലാസിന്റെയോ പുറത്ത് ആവണക്കെണ്ണ പുരട്ടി തോട്ടത്തില്‍ കമ്പ് കെട്ടി സ്ഥാപിക്കാം. ഇവയില്‍ ഒട്ടിപ്പിടിച്ച് ഈച്ച നശിക്കും.
വെട്ടിസീനിയം ലെക്കാനി എന്ന കുമിളിനെ ഉപയോഗിച്ചും ഇതിനെ പ്രതിരോധിക്കാം.
വെള്ളീച്ചകള്‍ക്കെതിരെ രാസ കീടനാശിനികള്‍ പ്രയോഗിക്കരുതെന്നും ആവശ്യമെങ്കില്‍ കറുത്തനിറത്തിലുള്ള പാടകള്‍ നീക്കാന്‍ കഞ്ഞിപ്പശ തളിച്ചാല്‍ മതിയാകും.
ആവണക്കെണ്ണ, ഗ്രീസ് എന്നിവ മഞ്ഞനിറത്തിലുള്ള കട്ടികടലാസില്‍ പുരട്ടി തെങ്ങിന്‍ തടിയില്‍ കെട്ടിവയ്ക്കുന്നത് പറന്ന് നടക്കുന്ന വെള്ളീച്ചകളുടെ വ്യാപനം തടയും.
വേപ്പെണ്ണ, സോപ്പ് മിശ്രിതം,ഇലകളില്‍ കഞ്ഞിവെള്ളം, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം എന്നിവ തളിച്ചാലും വെള്ളീച്ചകളെ നിയന്ത്രിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."