കാത്തിരിക്കുക കാല്‍പന്തിന്റെ അപാരതകള്‍ കാണാന്‍...
കാറ്റ് നിറച്ച തുകല്‍പന്തിനൊപ്പം ആനന്ദ. സഞ്ചാരം നടത്താനുള്ള സമയം അടുത്തു. നാല് വര്‍ഷം കൂടുമ്പോള്‍ വിരുന്നെത്തുന്ന ലോകത്തിന്റെ മഹോത്സവം, ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് ഇനി 38 നാളുകള്‍. കൈവിരല്‍ എണ്ണി, കലണ്ടറില്‍ പേന കൊണ്ട് ദിവസങ്ങള്‍ വെട്ടി കാത്തിരിക്കാം.
അക്ഷരങ്ങള്‍ കൊണ്ട് വൈകാരിക പ്രപഞ്ചം സൃഷ്ടിച്ച് മലയാളി സമൂഹത്തെ അമ്പരപ്പിച്ച ദസ്തയോവ്‌സ്‌കിയുടേയും ആന്റണ്‍ ചെക്കോവിന്റേയും ടോള്‍സ്റ്റോയിയുടേയും നാട്. അതെ പഴയ സോവിയറ്റ് നാടായ ഇപ്പോള്‍ റഷ്യയായി രൂപാന്തരം വന്ന നാട്ടിലാണ് ഇത്തവണ ഫുട്‌ബോള്‍ മാമാങ്കം അരങ്ങേറാനിരിക്കുന്നത്.
32 ടീമുകള്‍, 32 സംസ്‌കാരങ്ങള്‍, ഒരൊറ്റ ലക്ഷ്യം. ആവേശവും ആഹ്ലാദങ്ങളും കണ്ണീരും അമ്പരപ്പുകളും അത്ഭുതങ്ങളും അങ്ങനെ മനുഷ്യ വികാരങ്ങളുടെ ആരോഹണ അവരോഹണങ്ങളുടെ താളവും ഒഴുക്കും ഒരു പന്ത് നിര്‍ണയിക്കുന്ന നിമിഷങ്ങള്‍. 12 സ്റ്റേഡിയങ്ങളിലായി ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെ ലോക മാമാങ്കം അരങ്ങേറും....
കഴിഞ്ഞ തവണ സ്വന്തം നാട്ടില്‍ നടന്ന ലോകകപ്പില്‍ ജര്‍മനിയോട് നാണംകെട്ട് മടങ്ങേണ്ടി വന്ന ബ്രസീലാണ് ഇത്തവണ ആദ്യമായി സീറ്റുറപ്പിച്ച് ടീം. സമീപ കാലത്ത് കണ്ട ഏറ്റവും മികച്ചൊരു ബ്രസീല്‍ ടീമാണ് ഇത്തവണയിറങ്ങുന്നത്.
ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ മുള്‍മുനയില്‍ നിര്‍ത്തി അവസാന ഘട്ടത്തില്‍ ലോകകപ്പ് യോഗ്യത നേടിയാണ് അര്‍ജന്റീന വരുന്നത്. ലയണല്‍ മെസ്സിയെന്ന ഇതിഹാസ താരത്തിന് കിരീടത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാന്‍ സാധിക്കില്ല. ഒരുപക്ഷേ കരിയറിലെ അവസാന ലോകകപ്പാവും മെസ്സിക്ക് റഷ്യയിലേത്.
യുവജനോത്സവ പ്രതീതിയുമായി ഇത്തവണയും നിലവിലെ ചാംപ്യന്‍മാരായ ജര്‍മനി വരുന്നുണ്ട്. അതിന്റെ മുന്നറിയിപ്പായിരുന്നു യുവ താരങ്ങളെ മാത്രം വച്ച് കോണ്‍ഫെഡറേഷന്‍ കപ്പ് വിജയിച്ചത്. ജോക്വിം ലോയുടെ തന്ത്രങ്ങള്‍ ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ രാജ്യമെന്ന പെരുമ ജര്‍മനിക്ക് സമ്മാനിക്കുമോ എന്ന് കണ്ടറിയാം.
യൂറോ കപ്പ് വിജയത്തിന്റെ ആത്മവിശ്വാസവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും കിരീടം പ്രതീക്ഷിക്കുന്നവര്‍ക്ക് വെല്ലുവിളിയുമായി നില്‍ക്കുന്നു. ഒരുപക്ഷേ കരിയറിലെ അവസാന ലോകകപ്പാണ് ക്രിസ്റ്റ്യാനോയ്ക്കും എന്നതിനാല്‍ അദ്ദേഹവും ടീമും അവസാന നിമിഷം വരെ പൊരുതുമെന്നുറപ്പ്.
കിരീട പ്രതീക്ഷകളുമായി മുന്‍ ചാംപ്യന്‍മാരായ ഫ്രാന്‍സ്, സ്‌പെയിന്‍ ടീമുകളും അണിനിരക്കും. ഒപ്പം ബെല്‍ജിയം, പോളണ്ട് ടീമുകളും വമ്പന്‍മാര്‍ക്ക് വിലങ്ങായി വരാനിരിക്കുന്നു...
ഇറ്റലിയില്ല, ഹോളണ്ടില്ല, ചിലിയില്ല... നഷ്ടങ്ങളുടെ വമ്പന്‍ കണക്കാണ് റഷ്യയിലേത്. പക്ഷേ മറ്റു ചിലര്‍ അവിടെ സീറ്റുറപ്പിച്ചെത്തിയിട്ടുണ്ട്. ഐസ്‌ലന്‍ഡെന്ന കുഞ്ഞന്‍ രാജ്യം നടത്തുന്ന ഫുട്‌ബോള്‍ വിപ്ലവത്തിന്റെ മികവ് അവര്‍ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ വരെയെത്തി ലോകത്തിന് കാണിച്ചുകൊടുത്തു. വെറും മൂന്ന് ലക്ഷം മനുഷ്യര്‍ മാത്രം ജീവിക്കുന്ന വര്‍ഷത്തില്‍ ഏറിയ സമയത്തും തണുത്തുകിടക്കുന്ന മൂന്നോ നാലോ മണിക്കൂറുകള്‍ മാത്രം സൂര്യപ്രകാശം ലഭിക്കുന്ന ആ കുഞ്ഞന്‍ രാജ്യം തങ്ങളുടെ കന്നി ലോകകപ്പിനായി എത്തുന്നു. അവരില്‍ നിന്ന് അത്ഭുത പ്രകടനം പ്രതീക്ഷിക്കാം.
2002ലെ ലോകകപ്പില്‍ ആദ്യമായി കളിക്കാനെത്തി ഫ്രാന്‍സിനെ വരെ അട്ടിമറിച്ച് ക്വാര്‍ട്ടറിലേക്ക് മുന്നേറി അമ്പരപ്പിച്ച സെനഗല്‍ ആഫ്രിക്കന്‍ പ്രതിനിധിയായി തങ്ങളുടെ രണ്ടാം ലോക മാമാങ്കത്തിനായി വരുന്നു. ഒപ്പം ഈജിപ്ത്, മൊറോക്കോ ടീമുകളുടെ ഇടവേളയ്ക്ക് ശേഷമുള്ള പ്രവേശവും ശ്രദ്ധേയം. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുഹമ്മദ് സലാഹെന്ന പുതിയ ഫുട്‌ബോള്‍ സെന്‍സേഷനാണ് ഈജിപ്തിന്റെ മുന്നേറ്റത്തിന്റെ കരുത്ത്. സലാഹിന്റെ മാന്ത്രികതക്കായി ലോകം കാത്തിരിക്കുന്നു...
പറഞ്ഞാലും പറഞ്ഞാലും തീരാത്ത വിശേഷങ്ങള്‍ സമ്മാനിച്ചാണ് ഓരോ ലോകകപ്പും കടന്ന് പോകുന്നത്. ഒരു മാസക്കാലം ഉറക്കമില്ലാത്ത രാത്രിയും കൈയില്‍ ഒരു സുലൈമാനിയുടെ നിര്‍വൃതിയും പുറത്ത് കോരിച്ചൊരിയുന്ന മഴയും ഒക്കെ നിറഞ്ഞ ഓര്‍മകളാണ് മലയാളിയെ സംബന്ധിച്ച് ലോകകപ്പ് ഫുട്‌ബോള്‍...
അങ്ങകലെ വിപ്ലവാത്മകമായി ചരിത്രത്തെ മാറ്റിമറിച്ച ഒരു പ്രദേശം കാല്‍പന്തിന്റെ കാല്‍പ്പനിക ഭാവങ്ങളെ നെഞ്ചിലേറ്റ് വാങ്ങാനായി നില്‍ക്കുന്നു. ഒരു പന്തിന് പിന്നാലെ ലോകം പായുന്ന അപൂര്‍വ കാഴ്ചകള്‍, അതിന്റെ അപാരതകള്‍ കാണാന്‍ കാത്തിരിക്കാം...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."