ഗ്രാമം പൂങ്കാവനം: ശ്രദ്ധേയമായി ശുചിത്വ ഹര്‍ത്താല്‍
അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തിയ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രൂപംനല്കിയ മാലിന്യമുക്ത കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് 'ഗ്രാമം പൂങ്കാവനം' പ്രൊജക്ടിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വ ഹര്‍ത്താല്‍ ശ്രദ്ധേയമായി.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപനസമിതി, കുടുംബശ്രീ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവരോടൊപ്പം വന്‍ ജനാവലി വിവിധ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള് ശേഖരിക്കാന്‍ മുന്നിട്ടിറങ്ങി. പഞ്ചായത്തിലെ വിവിധ അങ്ങാടികളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണസമിതി അംഗങ്ങളും മാലിന്യമുക്ത പഞ്ചായത്ത് പദ്ധതിയുടെ ഭാരവാഹികളും നേതൃത്വം നല്കി.
രാവിലെ ഏഴു മുതല്‍ 11 വരെ നടന്ന ശുചിത്വ ഹര്‍ത്താലില്‍ വ്യാപാരികള്‍ കടകളടച്ച് ശുചീകരണ പരിപാടികളില്‍ പങ്കാളികളായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും അങ്ങാടികളിലും ശേഖരിച്ച മാലിന്യങ്ങള്‍ ചൊവ്വാഴ്ച മുതല്‍ സംസ്കരണശാലകളിലേക്ക് മാറ്റിതുടങ്ങും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ കമ്മദ് കുട്ടി ഹാജി, വൈസ് പ്രസിഡന്റ് കെ.വി റൈഹാനാ ബേബി, നജീബ് കാരങ്ങാടന്‍, കെ. അബൂബക്കര്‍ മാസ്റ്റര്‍, എന്‍.ടി ഹമീദലി മാസ്റ്റര്‍, ഇ.കെ ഗോപാലകൃഷ്ണന് എന്നിവര്‍ വിവിധ അങ്ങാടികളില്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇ.പി കൃഷണന്, പി. സുധ, പി.ടി ഷഹര്ബാന്, എം.പി ഹാജിറ, എ. ഷഫീഖത്ത്, കെ.ടി ആയിഷ, കെ.ടി ജമീല, എം.എം ജസ്ന എന്നിവര്‍ വാര്‍ഡ് തലങ്ങളിലും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."