യുവേഫ ചാംപ്യന്‍സ് ലീഗ്: ഇന്ന് യുവന്റസ്- പോര്‍ട്ടോ, ലെയ്സ്റ്റര്‍- സെവിയ്യ പോരാട്ടം
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തിലെ രണ്ടാം ഘട്ട പോരാട്ടങ്ങള്‍ ഇന്നും നാളെയുമായി അരങ്ങേറും. ഇറ്റാലിയന്‍ കരുത്തരായ യുവന്റസ് ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ കരുത്തരായ പോര്‍ട്ടോയുമായും ഇംഗ്ലീഷ് ചാംപ്യന്മാരായ ലെയ്സ്റ്റര്‍ സിറ്റി സ്വന്തം തട്ടകത്തില്‍ സ്പാനിഷ് കരുത്തരായ സെവിയ്യയുമായും ഏറ്റുമുട്ടും.
ഇറ്റാലിയന്‍ സീരി എയില്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്ന യുവന്റസ് എവേ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കു പോര്‍ട്ടോയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസത്തിലാണിറങ്ങുന്നത്.
പോര്‍ട്ടോയ്ക്കു അടുത്ത ഘട്ടത്തിലേക്കു കടക്കണമെങ്കില്‍ സ്വന്തം തട്ടകത്തില്‍ വഴങ്ങിയ രണ്ടു ഗോളുകളുടെ കടം തീര്‍ത്തു മികച്ച വിജയം സ്വന്തമാക്കേണ്ടി വരും. യുവന്റസിനു ഇന്നു ഗോള്‍രഹിത സമനില വഴങ്ങിയാലും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പാക്കാം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനങ്ങളില്‍ പെട്ട നിലവിലെ ചാംപ്യന്മാരായ ലെയ്സ്റ്റര്‍ സിറ്റിക്ക് ചാംപ്യന്‍സ് ലീഗ് പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പാണ്.
ആദ്യ പാദത്തിലെ എവേ മത്സരത്തില്‍ 2-1നു തോല്‍വി വഴങ്ങിയാണു അവരിറങ്ങുന്നതെങ്കിലും ഒരു എവേ ഗോളിന്റെ ആനുകൂല്യം ലെയ്സ്റ്ററിന്റെ പ്രതീക്ഷ നിലനിര്‍ത്തുന്നു.
അതേസമയം കഴിഞ്ഞ രണ്ടു ലാ ലിഗ പോരാട്ടങ്ങളിലും സമനില വഴങ്ങിയാണു നിലവിലെ യൂറോപ്പ ചാംപ്യന്മാരായ സെവിയ്യ ചാംപ്യന്‍സ് ലീഗിലെ നിര്‍ണായക പോരിനിറങ്ങുന്നത്.
ഇരു പക്ഷത്തിനും സാധ്യത നിലനില്‍ക്കുന്നതിനാല്‍ മത്സരം തീപ്പാറുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."