സംശയം സത്യമാക്കിയ ഫോണ്‍ വിളി കൊല്ലപ്പെട്ട നാടോടിയുടെ മക്കളെ കണ്ടെത്തിയതു പൊലിസുകാരന്റെ ഇടപെടല്‍
ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയുടെ മക്കളായ ആര്യന്‍(ആറ്), അമൃത(നാല്) എന്നിവരെ കണ്ടെത്താനായതു കാലടി പൊലിസ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസര്‍ പി.പി ബിനുവിന്റെ സമയോചിത ഇടപെടല്‍. കാലടി സ്‌റ്റേഷന്‍ പരിധിയിലെ ഒന്‍പതാംക്ലാസുകാരിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്താനായി രണ്ടുമാസം മുന്‍പ് ബിനു മുംബൈ ഡിസ്ട്രിക്ട് ലീഗല്‍ സര്‍വിസ് അതോറിറ്റിയുടെ കീഴിലുള്ള മുംബൈ ഉമ്മര്‍ക്കാടിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ പോയിരുന്നു. മുംബൈയില്‍ അനാഥമായി കണ്ടെത്തുന്ന കുട്ടികളെ പൊലിസും സന്നദ്ധസംഘടനകളും ആദ്യം എത്തിക്കുന്നത് ഇവിടെയാണ്. ഇവിടെ നിന്നു തന്നെയാണ് ആര്യനെയും അമൃതയെയും തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈല്‍ഡ് വെല്‍ഫെയര്‍ ഹോമില്‍ ആര്യനും അമൃതയും എത്തിയത്.
റെയില്‍വേ സ്‌റ്റേഷനില്‍ അനാഥരായി നടക്കുന്നതു കൊണ്ട് റെയില്‍വേ പൊലിസാണ് കുട്ടികളെ ഹോമിലെത്തിച്ചത്. കാലടിയില്‍ നിന്നു കാണാതായ പെണ്‍കുട്ടിയെയും ഇവിടെ നിന്നാണു ബിനുവിന്റെ നേതൃത്വത്തില്‍ കണ്ടെത്തിയത്.
അന്നു കുട്ടിയുമായി മടങ്ങുമ്പോള്‍ ഹോമില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മുംബൈ പൊലിസിലെ വനിതാ പൊലിസ് ഉദ്യോഗസ്ഥര്‍ക്കു ബിനുവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണു വനിതാ പൊലിസ് ഉദ്യോഗസ്ഥ ബിനുവിനെ വിളിച്ച് രണ്ടു കുട്ടികളുടെ കാര്യം അറിയിച്ചത്. അമൃത ഫോണില്‍ ബിനുവിനോടു സംസാരിക്കുകയും ചെയ്തു. ഇതോടെയാണു ബിനു പൊലിസ് ആസ്ഥാനത്തു കുട്ടികളെക്കുറിച്ച് വിവരം അറിയിച്ചത്.
ഇരിട്ടിയില്‍ നിന്നാണു കുട്ടികളെ കാണാതായതെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍, എസ്.ഐ എസ്. അന്‍ഷാദ് എന്നിവരുമായി ബന്ധപ്പെട്ട് മുംബൈയില്‍ നിന്നു വാട്‌സ്ആപ്പ് വഴി ലഭിച്ച ഫോട്ടോയും കൈമാറി. ഇതോടെയാണു സ്ഥിരീകരണം ഉണ്ടായത്. ശോഭ കൊല്ലപ്പെട്ട ഫെബ്രുവരി 15നു പ്രതി മഞ്ജുനാഥ് ആര്യനെയും അമൃതയെയും കൂട്ടി സ്ഥലംവിട്ടിരുന്നു.
മംഗളൂരുവില്‍ നിന്നു മുംബൈക്കു കുട്ടികളെ ട്രെയിനില്‍ കയറ്റിവിട്ട പ്രതി മഞ്ജുനാഥ്, സ്വദേശമായ മാണ്ഡ്യയിലേക്കു കടക്കുകയുമായിരുന്നു. ജനുവരി 18നാണ് ഇരിട്ടി പഴയപാലത്തിനു സമീപം പൊട്ടകിണറ്റില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ആര്യനെയും അമൃതയെയും ദത്തെടുക്കാന്‍ ഇരുപത്തഞ്ചോളം മക്കളില്ലാത്ത ദമ്പതികള്‍ പൊലിസിനെ സമീപിച്ചിട്ടുണ്ട്.
കുട്ടികളെ തിരികെ കൊണ്ടുവരാന്‍ എസ്.ഐ എസ്. അന്‍ഷാദിന്റെ നേതൃത്വത്തിലുള്ള പൊലിസ് മുംബൈയിലേക്ക് ഒരാഴ്ചയ്ക്കകം തിരിക്കും.
കുട്ടികളെ കണ്ടെത്താന്‍ സമയോചിത ഇടപെടല്‍ നടത്തിയ കാലടി സ്‌റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫിസര്‍കൂടിയായ ബിനുവിനെ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചേര്‍ന്ന് അ നുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."