പിണറായി കൂട്ടക്കൊല: സൗമ്യ വീണ്ടും പൊലിസ് കസ്റ്റഡിയില്‍
തലശ്ശേരി: പിണറായിയില്‍ ഒരുവീട്ടിലെ മൂന്നുപേരെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ങ്കണ്ടി സൗമ്യ (28) വീണ്ടും പൊലിസ് കസ്റ്റഡിയില്‍. മൂത്ത മകളെ എലിവിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പിനാണു കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി (രണ്ട്) സൗമ്യയെ നാലുദിവസം തലശ്ശേരി പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.
റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നു കണ്ണൂര്‍ വനിതാ ജയിലില്‍ നിന്ന് കനത്ത സുരക്ഷയിലാണ് സൗമ്യയെ ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയത്. തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് അവധിയിലായതിനാലാണു പകരം ചുമതലയുള്ള കണ്ണൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതിയെ ഹാജരാക്കിയത്. മാതാപിതാക്കളെ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്ന കേസിലാണ് കഴിഞ്ഞ ഏപ്രില്‍ 24ന് രാത്രി സൗമ്യയെ അറസ്റ്റുചെയ്തിരുന്നത്.
പിറ്റേദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നുവെങ്കിലും കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പൊലിസ് അപേക്ഷിച്ചതിനെ തുടര്‍ന്ന് നാലുദിവസത്തേക്ക് അന്നു തന്നെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.
തെളിവെടുപ്പിനു ശേഷം വീണ്ടും റിമാന്‍ഡ് ചെയ്ത പ്രതിയെ മൂത്തമകള്‍ ഐശ്വര്യയെ (എട്ട്) കൊല ചെയ്ത കേസില്‍ തെളിവെടുപ്പിനായി വിട്ടുനല്‍കണമെന്ന തലശ്ശേരി പൊലിസിന്റെ അപേക്ഷയിലാണു കോടതി വിട്ടുനല്‍കിയത്.
ഇതിനിടെ പിണറായി പടന്നക്കര കൂട്ടക്കൊലക്കേസില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യതയുണ്ടെന്നു പൊലിസ് സൂചന നല്‍കി. മാതാപിതാക്കളെയും മകളെയും വകവരുത്താന്‍ സൗമ്യക്കു സഹായം നല്‍കിയ ചിലരുടെ മൊബൈല്‍ഫോണ്‍ പൊലിസ് പരിശോധിച്ച് വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."