സ്‌കൂള്‍ വിപണി സജീവം: വില്ലനായി ജി.എസ്.ടി
വടക്കാഞ്ചേരി: പുതിയ അധ്യയന വര്‍ഷം ആരംഭിയ്ക്കാന്‍ മൂന്നാഴ്ച്ച മാത്രം അവശേഷിക്കെ സ്‌കൂള്‍ വിപണി സജീവം. ബാഗും, കുടയും, നോട്ട് പുസ്തകങ്ങളും, വാട്ടര്‍ബോട്ടിലുമൊക്കെ വിപണിയില്‍ നിറയുമ്പോള്‍ രക്ഷിതാക്കള്‍ക്ക് ആശങ്ക സമ്മാനിച്ച് ചരക്ക് സേവന നികുതിയും കളം നിറയുകയാണ്.
വര്‍ണ കുടകളും, ബാഗുകളുമൊക്കെ വലിയ മാറ്റങ്ങളില്ലാതെ വിപണിയില്‍ ഇത്തവണയുമെത്തുമ്പോള്‍ വിലയില്‍ വലിയ മാറ്റങ്ങളുണ്ട്. ഇതിന് പ്രധാന കാരണം ജി.എസ്.ടി നിലവില്‍ വന്നത് തന്നെ. ചരക്ക് സേവന നികുതി യാഥാര്‍ത്ഥ്യമായതിന് ശേഷമുള്ള ആദ്യ അധ്യയന വര്‍ഷം കൂടിയാണ് വന്നെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സ്‌കൂള്‍ ബാഗിന് 14% ആയിരുന്നു നികുതിയെങ്കില്‍ ജി.എസ്.ടി പ്രാബല്യത്തിലായതോടെ അത് 18% ആയി ഉയര്‍ന്നിരിയ്ക്കുകയാണ്. നോട്ട് ബുക്കുകളുടെ നികുതി 12% ആയി ഉയര്‍ന്നിട്ടുണ്ട്. വിലകയറ്റത്തിന്റെ രൂക്ഷത കച്ചവടക്കാരേയും, രക്ഷിതാക്കളേയും ഒരു പോലെ ദുരിതത്തിലാക്കുകയാണ്. ബാഗുകളുടെ വില കുതിച്ചുയര്‍ന്നിട്ടുണ്ടെങ്കിലും കമ്പനികള്‍ ഓഫര്‍ നല്‍കുന്നതിനാല്‍ വിലകയറ്റം വലിയ തോതില്‍ ബാധിയ്ക്കുന്നില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
ഇപ്പോള്‍ മാന്ദ്യമനുഭവപ്പെടുന്ന വിപണിയില്‍ അടുത്ത ആഴ്ചയോടെ കച്ചവടം ഉഷാറാകുമെന്നാണ് കച്ചവടക്കാരുടെ പക്ഷം. അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ പുസ്തകങ്ങളും, യൂണിഫോമും മറ്റ് സാധന സാമഗ്രികളുമൊക്കെ നേരിട്ട് വില്ലന നടത്തുന്നതിനാലും, സംസ്ഥാന സര്‍ക്കാര്‍ കൈത്തറി യൂണിഫോമുകള്‍ സൗജന്യമായി വിതരണം ചെയ്യുന്നതിനാലും കച്ചവടത്തില്‍ ഗണ്യമായ കുറവുണ്ടാകുന്നതായും വ്യാപാരികള്‍ പറയുന്നു. സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ വിപണികളും, പൊതുവിപണിയ്ക്ക് തിരിച്ചടിയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."