അപകടക്കെണിയൊരുക്കി റോഡരികിലെ മരത്തടികള്‍
പുത്തന്‍കുന്ന്: അന്തര്‍സംസ്ഥാന പാതയോരത്ത് മുറിച്ചിട്ട പൊതുമരാമത്ത് വകുപ്പിന്റെ മരങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. ബത്തേരി-പാട്ടവയല്‍ അന്തര്‍സംസ്ഥാന പാതയില്‍ നമ്പികൊല്ലിയിലാണ് രണ്ട് വര്‍ഷമായി പാതയുടെ ഇരുവശങ്ങളിലും അപകട ഭീഷണി സൃഷ്ടിച്ച് മരങ്ങള്‍ കിടക്കുന്നത്. കഴിഞ്ഞദിവസവും ഇവിടെ മരത്തടിയിലിടിച്ച് വാഹനാപകടമുണ്ടായി.
നമ്പിക്കൊല്ലിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ മുറിച്ചിട്ട മരങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നത്. റോഡിലേക്ക് ചരിഞ്ഞ് അപകടഭീഷണി സൃഷ്ടിച്ചു നിന്നിരുന്ന മരങ്ങള്‍ രണ്ട് വര്‍ഷം മുന്‍പാണ് റവന്യുവകുപ്പ് ഇടപെട്ട് മുറിച്ചത്. തുടര്‍ന്ന് മുറിച്ചിട്ട മരത്തടികള്‍ ഇവിടെനിന്നും നീക്കം ചെയ്യണമെന്ന് അന്നുമുതല്‍ തന്നെ പ്രദേശവാസികള്‍ ആവശ്യമുന്നയിച്ചെങ്കിലും ഇതുവരെ മരങ്ങള്‍ നീക്കംചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. പാതയുടെ ഇരുവശങ്ങളിലും റോഡിനോട് ചേര്‍ന്ന് മരത്തടികള്‍ കിടക്കുന്നത് കാരണം ഇതുവഴിയുള്ള യാത്രയും ദുഷ്ക്കരമായിരിക്കുകയാണ്. എതിരെവരുന്ന വാഹനങ്ങള്‍ക്ക് അരിക് നല്കുമ്പോള് വാഹനങ്ങള്‍ മരത്തിലിടിച്ച് അപകടം ഉണ്ടാവുന്നത് തുടര്‍ സംഭവമാണ്. ഏറ്റവും അവസാനം കഴിഞ്ഞ ദിവസം ഇവിടെ സ്കോര്‍പ്പിയോ മരത്തടിയില്‍ ഇടിച്ചുമറിഞ്ഞു. യാത്രക്കാര്‍ക്ക് സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. മരത്തടികള്‍ കാടുമൂടി കിടക്കുന്നതിനാല്‍ അപകടവും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ അനാസ്ഥ അവസാനിപ്പച്ച് മരങ്ങള്‍ ഇവിടെനിന്നും നീക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."