ലഹരി ഉപയോഗം: സൗത്ത് ബീച്ചില്‍ ഒരാള്‍ കൂടി മരണത്തിന് കീഴടങ്ങി
കോഴിക്കോട്: സൗത്ത് ബീച്ചില്‍ ഒരു മാസത്തിനിടെ രണ്ടാമതും ഒരാളുടെ മൃതദേഹം കൂടി ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി. ലോറി സ്റ്റാന്‍ഡിനകത്ത് പഴയ കസ്റ്റംസ് ഗോഡൗണില്‍ കൊമ്മേരി സ്വദേശി മുജീബിനെയാണ് (തണ്ണിക്കുടം) മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലഹരി ഉപയോഗത്തിനിടെ മരിച്ചതെന്ന് സൂചിപ്പിക്കുന്ന തരത്തില്‍ കൈകളില്‍ ഒഴിഞ്ഞ മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വായില്‍നിന്ന് രക്തം ഒലിച്ചിറങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒന്നരമാസം മുന്‍പ് ഇതേസ്ഥലത്ത് സമാനരീതിയില്‍ തെക്കുംകടവ് സ്വദേശി ഹസന്‍കോയയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അമിത ലഹരി ഉപയോഗം കാരണമാണ് ഹസന്‍കോയ മരിച്ചതെന്ന് പിന്നീട് തെളിഞ്ഞിരുന്നു.
മുജീബ് കടുത്ത ലഹരിക്ക് അടിമയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. വര്‍ഷങ്ങളായി ഇവിടെ ലോറി ജീവനക്കാര്‍ക്ക് സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. മരണത്തില്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ലോറി സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള സ്ഥലത്ത് നിരവധി ലഹരിസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഇതിനു മുന്‍പും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അധികൃതര്‍ നടപടി സ്വീകരിക്കാതെ മുഖം തിരിഞ്ഞുനില്‍ക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്റ്റാന്‍ഡ് മാറ്റി പരിഹാരം കാണുന്നതിനുള്ള ചര്‍ച്ചയുണ്ടായെങ്കിലും തീരുമാനം നീളുകയാണ്.
റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ലോറികള്‍ക്കെതിരേ നടപടിയെടുക്കുമെന്നുള്ള മേയര്‍ അധ്യക്ഷനായ ട്രാഫിക് ഉപദേശക സമിതിയുടെയും കോര്‍പറേഷന്‍ കൗണ്‍സിലിന്റെയും തീരുമാനം നടപ്പിലാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാര്‍ പറയുന്നു. കൂടാതെ ഉപയോഗശൂന്യമായ കാടുമൂടിയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. രാത്രികാലങ്ങളില്‍ ഈ മേഖലയില്‍ പൊലിസ് പരിശോധനയില്ലെന്നും പരാതിയുണ്ട്. ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."