കരിന്തളം ഗവ. കോളജ് അടുത്ത മാസം പ്രവര്‍ത്തനമാരംഭിക്കും: എം.പി
നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ അനുവദിച്ച ഗവ. കോളജ് അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുമെന്നു പി. കരുണാകരന്‍ എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരിന്തളം തോളേനിയില്‍ പഞ്ചായത്തിന്റെ കൈവശമുള്ള കെട്ടിടത്തിലാണു കോളജ് താല്‍ക്കാലികമായി തുടങ്ങുക.
പഞ്ചായത്തും സൊസൈറ്റിയും യോഗം ചേര്‍ന്നാണ് കെട്ടിടം താല്‍ക്കാലികമായി കോളജിനു വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്. കോളജ് ഈ അധ്യയന വര്‍ഷം തന്നെ തുടങ്ങാനുള്ള നിര്‍ദേശത്തെ തുടര്‍ന്നാണു അടിയന്തര ആവശ്യമെന്ന നിലയില്‍ ഈ കെട്ടിടം തിരഞ്ഞെടുത്തത്.
ഒന്നര വര്‍ഷത്തിനകം കോളജ് സ്വന്തമായുള്ള കെട്ടിടത്തിലേക്ക് മാറും. മഞ്ഞളംകാടാണ് ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുള്ളത് തോളേനിയിലെ കെട്ടിടത്തില്‍ കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു തുക സ്വരൂപിക്കാന്‍ 17ന് രാവിലെ 10.30ന് തോളേനിയില്‍ ജനകീയ യോഗം ചേരും.
പഞ്ചായത്തിലെ കുടുംബശ്രീ യൂനിറ്റുകള്‍, വായനശാല ഗ്രന്ഥാലയങ്ങള്‍, ക്ഷേത്രം, പള്ളി കമ്മിറ്റികള്‍ എന്നിവയുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കും. മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കെട്ടിടത്തില്‍ കോളജിന് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ശേഷിക്കുന്ന തുക ജനകീയമായി ശേഖരിക്കും. ഇതിനാണ് യോഗം ചേരുന്നത്.
ബി.എസ്.സി മാത്‌സ്, ബി.കോം, ബി.എ ഇംഗ്ലിഷ് എന്നീ കോഴ്‌സുകളാണ് ഇവിടെ അനുവദിച്ചിരുന്നത്. ബി.എ ഇക്കണോമിക്‌സ് കോഴ്‌സ് കൂടി അനുവദിക്കാന്‍ എം.പി ഇടപെട്ടിട്ടുണ്ട്. തോളേനിയിലെ കെട്ടിടത്തില്‍ കോളജ് തുടങ്ങുന്നതു സംബന്ധിച്ചു തെറ്റിദ്ധാരണകള്‍ പരക്കുന്ന സാഹചര്യത്തിലാണു വാര്‍ത്താസമ്മേളനം വിളിച്ചതെന്നും എം.പി പറഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് എ.വിധുബാല, കരിന്തളം പാലിയേറ്റീവ് കെയര്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി നാരായണന്‍, രാഷ്ട്രീയ നേതാക്കളായ കെ.കെ നാരായണന്‍, വി.കെ രാജന്‍, എന്‍. പുഷ്പരാജന്‍, കെ. രാമനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."