ടി.എസ് കനാല്‍: അതിര്‍ത്തി നിര്‍ണയിച്ച് ഈ മാസം കല്ലിടണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കോവളം മുതല്‍ നീലേശ്വരം വരെ ജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ടി.എസ് കനാലിന്റെ അതിര്‍ത്തി നിര്‍ണയിച്ച് ഈ മാസം 31ന് മുന്‍പ് കല്ലിടണമെന്ന് ജില്ലാ കലക്ടര്‍ എസ്.വെങ്കടേസപതി ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് അധികൃതര്‍ക്കും സര്‍വേ വകുപ്പധികൃതര്‍ക്കും നിര്‍ദേശം നല്‍കി.
കോവളത്തു നിന്നും ആരംഭിക്കുന്ന 60 കിലോമീറ്റര്‍ പ്രദേശമാണ് അതിര്‍ത്തി നിര്‍ണയിക്കുന്നതിനുള്ളത്.ഇതിനായി മൂന്നു സര്‍വേ ടീമിനെ നിയോഗിച്ചുകഴിഞ്ഞു.തിരുവനന്തപുരം സബ് ഡിവിഷനിലുള്ള 32 കിലോമീറ്റര്‍ ഈ മാസം 15ന് സര്‍വേ പൂര്‍ത്തിയാക്കുന്നതിനും വര്‍ക്കല, ചിറയിന്‍കീഴ് താലൂക്കുകളില്‍ പെടുന്ന പ്രദേശത്തെ ബാക്കി 28 കിലോമീറ്റര്‍ 16ാം തീയതി മുതല്‍ സര്‍വേ ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ ടി.എസ്.കനാലുമായി ബന്ധപ്പെട്ട് അതിര്‍ത്തി നിര്‍ണയിച്ച് കല്ലിടുന്ന പ്രവര്‍ത്തികള്‍ 31ന് പൂര്‍ത്തീകരിക്കണം.സബ് ഡിവിഷനില്‍ ആദ്യഘട്ടത്തിലെ സര്‍വേ നടപടികള്‍ക്കായി നിയോഗിച്ചിരിക്കുന്ന ടീം 15ന് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വര്‍ക്കല,ചിറയില്‍കീഴ് പ്രദേശത്തെ സര്‍വ്വേ നടപടികള്‍ക്ക് നടപടികള്‍ സ്വീകരിക്കണം.കനാലുമായി ബന്ധപ്പെട്ട വീതിയുള്ള പ്രദേശങ്ങളുടെ രേഖാചിത്രം തയാറാക്കുന്നതിനും വീതിയില്ലാത്ത പ്രദേശങ്ങള്‍ അളന്നു തിട്ടപ്പെടുത്തുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. വര്‍ക്കല,ചിറയില്‍കീഴ് താലൂക്കുകളിലെ ബന്ധപ്പെട്ട രേഖാചിത്രങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ ശേഖരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വേളി മുതല്‍ വര്‍ക്കല വരെയുള്ള കനാലിന്റെ ഇരുവശങ്ങളിലെയും സര്‍വേ നടത്താനും അതിര്‍ത്തി നിര്‍ണിയിച്ച് കല്ലിടുന്നതിനും പുനരധിവസിപ്പിക്കേണ്ട ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും വിവരങ്ങള്‍ സമര്‍പ്പിക്കാനും ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അടിയന്തര യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."