ജയാരവങ്ങള്‍ക്കിടയില്‍ യാഥാര്‍ത്ഥ്യങ്ങള്‍ തമസ്‌ക്കരിക്കപ്പെടുന്നു: ആര്‍.എസ് ബാബു
കൊല്ലം: അധികാര നേട്ടങ്ങളുടെ ജയാരവങ്ങള്‍ക്കിടയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പലതും മാധ്യമങ്ങള്‍ തമസ്‌ക്കരിക്കുകയാണെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബു അഭിപ്രായപ്പെട്ടു. കൊല്ലം എസ്.എന്‍ കോളജില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് സംഘടിപ്പിച്ച യുവ മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമ വിദ്യാര്‍ഥികളുടെയും മേഖലാ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളുടെ ഭൂതക്കണ്ണാടിയില്‍ ചെറിയ സംഭവങ്ങള്‍ പോലും പര്‍വതീകരിക്കപ്പെടുമ്പോള്‍ അര്‍ഹമായ പരിഗണന കിട്ടാതെ പോകുന്ന വാര്‍ത്തകള്‍ നിരവധിയാണ്. മാധ്യമങ്ങള്‍ നിലപാട് തിരുത്തുമ്പോഴും അവ സൃഷ്ടിച്ച സാമൂഹികാഘാതം നിലനില്‍ക്കുന്നുവെന്ന് ട്രംപിന് ശേഷമുള്ള അമേരിക്ക ഓര്‍മിപ്പിക്കുന്നു. സാമുഹ്യ പ്രതിബദ്ധതയുള്ള മാധ്യമ പ്രവര്‍ത്തനമാണ് കാലം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കവിയും പ്രഭാഷകനുമായ ശ്രീകുമാര്‍ മുഖത്തല ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തി. യുവജന ക്ഷേമ ബോര്‍ഡ് അംഗം അഡ്വ. മനു സി പുളിക്കന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ്, എസ്.എന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ ബി മനോജ്, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. പ്രേംകുമാര്‍, യൂത്ത് പ്രോഗ്രാം ഓഫീസര്‍ എസ് ബി ബീന, യൂത്ത് കോഡിനേറ്റര്‍ കെ പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പത്രപ്രവര്‍ത്തനത്തെക്കുറിച്ച് ഹിന്ദു സീനിയര്‍ റിപ്പോര്‍ട്ടര്‍ ഇഗ്‌നേഷ്യസ് പെരേര, ദൃശ്യമാധ്യമങ്ങളെക്കുറിച്ച് ആര്‍.പി വിനോദ്, നവമാധ്യമങ്ങളെക്കുറിച്ച് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ രാജു മാത്യു എന്നിവര്‍ ക്ലാസെടുത്തു. ഉച്ചയ്ക്ക് ശേഷം നടന്ന മാധ്യമ സംവാദത്തില്‍ മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് സി.ഇ വാസുദേവശര്‍മ്മ, പി.ആര്‍.ഡി കോഓര്‍ഡിനേറ്റിംഗ് ന്യൂസ് എഡിറ്റര്‍ കെ എം അയ്യപ്പന്‍, എന്‍.എസ് സഹകരണ ആശുപത്രി പി.ആര്‍.ഒ പി. ഷിബു എന്നിവര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി അജോയ് മോഡറേറ്ററായി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെയാണ് മാധ്യമ ക്യാമ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."