മലമ്പുഴ ശിലോദ്യാനത്തിലൂടെ ചാന്ദ്‌സായ്‌നി 'ഇന്നും ജീവിക്കുന്നു'
മലമ്പുഴ: കേരളത്തിന്റെ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രവും ഉദ്യാനങ്ങളുടെ റാണിയുമായ മലമ്പുഴയിലെ റോക്ക് ഗാര്‍ഡനില്‍ ശില്പി നേക്ക് ചന്ദ് സായ്‌നിയുടെ ശില്പങ്ങള്‍ അദ്ദേഹത്തിന്റെ സ്മരണകളെ ദീപ്തമാക്കുന്നു. ഇന്ത്യയിലെ രണ്ടാമത്തെതും സംസ്ഥാനത്തെ ആദ്യത്തെതുമായ മലമ്പുഴയിലെ ശിലോദ്യാനം (റോക്ക് ഗാര്‍ഡന്‍) നിര്‍മ്മച്ച രാജ്യത്തെതന്നെ പ്രശസ്ത വാസ്തു ശില്പപ്രതിഭയായ നേക്ക് ചന്ദ്‌സായ്‌നി മരിച്ചിട്ട് ഒരുവര്‍ഷം പിന്നടുന്നു.
രണ്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് റോക്ക് ഗാര്‍ഡനില്‍ തീര്‍ത്ത ശില്പങ്ങളെല്ലാം സന്ദര്‍ശകര്‍ക്ക് ആസ്വാദനാനുഭൂതി നല്‍കുമ്പോള്‍ ശില്പചാരുത തീര്‍ത്ത സ്രഷ്ടാവ് ഓര്‍മ്മകളായ ശില്പങ്ങളില്‍ പോലും തേങ്ങലുകളുതിര്‍ക്കുകയാണ്.
മലമ്പുഴയിലെ പാറകളില്‍ വശ്യസൗന്ദര്യം കണ്ടെത്തിയ ശില്പി നേക്ക്ചന്ദ് 1992-ലാണ് രാജ്യത്തെ രണ്ടാമത്തെ ശിലോദ്യാനം തീര്‍ക്കാനായി മലമ്പുഴയിലെത്തുന്നത്. ജലസേചനവകുപ്പിന്റെ കീഴിലുള്ള എട്ടേക്കറോളം സ്ഥലം ഇതിനായി കണ്ടെത്തി ശില്പികള്‍ക്കു പരിശീലനം നല്‍കിയതും നേക്ക് ചന്ദായിരുന്നു.
നിര്‍മ്മിതി കേന്ദ്രയ്ക്കായിരുന്നു റോക്ക്ഗാര്‍ഡനു വേണ്ട ശില്പങ്ങളുടെ നിര്‍മ്മാണചുമതലയെന്നതിനാല്‍ നിര്‍മ്മിതിയുടെ പ്രധാന ശില്പികളെ പ്രത്യേക പരിശീലനത്തിനായി അദ്ദേഹം ഛണ്ഡിഗഡിലെ നേക്ക് ചന്ദ് പാര്‍ക്കിലേക്കു കൊണ്ടുപോയിരുന്നു. നേക്ക് ചന്ദ് നേരിട്ട് പരിശീലനം നല്‍കിയ പാലക്കാട് കുഴല്‍മന്ദം കുളവന്‍ മുക്ക് സ്വദേശി സ്വാമിനാഥനാണ് റോക്ക് ഗാര്‍ഡനിലെ കൂടുതല്‍ ശില്പങ്ങളും നിര്‍മ്മിച്ചത്.
ജിജിതോംസണ്‍ ജില്ലാകലക്ടറായിരുന്ന കാലത്താണ് മലമ്പുഴയെ കൂടുതല്‍ ആകര്‍ഷകമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതെങ്കിലും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തിലായിരുന്നു നിര്‍മ്മാണം. ഛണ്ഡീഗഡ് മാതൃകയില്‍ മലമ്പുഴയിലൊരു റോക്ക് ഗാര്‍ഡന്‍ വേണമെന്ന കലക്ടറുടെ ആഗ്രഹം സന്തോഷപൂര്‍വ്വം സ്വീകരിച്ചാണ് നേക്ക് ചന്ദ് ഉദ്യാനനഗരിയിലെത്തിയതി. 1993-ല്‍ റോക്ക് ഗാര്‍ഡന്റെ നിര്‍മ്മാണം തുടരുകയും 96 -ല്‍ തെന്നിന്ത്യയിലെ രണ്ടാമത്തെ ശിലോദ്യാനം മലമ്പുഴയില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു.
ഛണ്ഡീഗഡിലാണ് ആദ്യത്തെ ശിലോദ്യാനം നിര്‍മ്മിച്ചത്. മൂന്നേക്കറിലായി നിര്‍മ്മിച്ച ശിലോദ്യാനത്തില്‍ കഥകളി, തെയ്യം, കളരിപ്പയറ്റ്, തിരുവാതിരക്കളി, മലബാറിലെ പൈതൃകങ്ങള്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്. റോക്ക് ഗാര്‍ഡനിലെ ശില്പങ്ങളില്‍ ചിലത് നേക്ക് ചന്ദും നിര്‍മ്മിച്ചിട്ടുണ്ട്. പാറക്കഷണങ്ങളും കുപ്പിച്ചില്ലുകളും കൊണ്ട് നിര്‍മ്മിച്ച റോക്ക് ഗാര്‍ഡനിലെ മുതലയുടെ ശില്പത്തിന്റെ കരവിരുതിലും നേക്ക് ചന്ദിന്റെ അനുഗ്രഹീതസ്പര്‍ശമുണ്ട്.
റോക്ക് ഗാര്‍ഡന്റെ നിര്‍മ്മാണത്തോടെ വലിച്ചെറിയുന്ന വളപ്പൊട്ടുകളും കുപ്പിച്ചില്ലുകളടക്കമുള്ള പാഴ്‌വസ്തുക്കളില്‍ നിന്നും സുന്ദരശില്പങ്ങള്‍ തീര്‍ക്കാമെന്ന് അദ്ദേഹത്തില്‍ നിന്നും ശില്പികള്‍ പഠിച്ചു. ശില്പികള്‍ക്കു പരിശീലനത്തിനായി അക്കാലത്ത് അഞ്ചു ദിവസത്തോളം അദ്ദേഹം മലമ്പുഴയിന്‍ താമസിച്ചിരുന്നു. എല്ലാ പാറകളിലും സൗന്ദര്യമുള്ള ശില്പങ്ങളുള്ളതായി നേക്ക് ചന്ദ് എപ്പോഴും പറയാറുണ്ടെന്ന് ഗാര്‍ഡനിലെ ഹെഡ്ക്ലര്‍ക്കായ രഘു.പി ഇപ്പോഴും ഓര്‍മ്മിക്കുന്നു.
അന്നത്തെ ഡി.ടി.പി.സി ചെയര്‍മാന്‍ ആര്‍.അജയ്കുമാറാണ് നേക്ക് ചന്ദിനെ മലമ്പുഴയിലെത്തിച്ചത്. പത്തുവര്‍ഷങ്ങള്‍ക്കുശേഷം റോക്ക് ഗാര്‍ഡന്‍ നവീകരണത്തിനായി നേക്ക് ചന്ദിന്റെ ശിഷ്യനും ബ്രിട്ടീഷുകാരനുമായ ടോണിറോജറും 2012-ല്‍ മലമ്പുഴയിലെ റോക്ക് ഗാര്‍ഡനിലെത്തി ശില്പങ്ങളുടെ അറ്റകുറ്റ പണികള്‍ക്കു മേല്‍ നോട്ടം വഹിച്ചിരുന്നു.
പൊട്ടിയ ഫ്യൂസ് കാരിയര്‍ കൊണ്ടുള്ള മതിലുകളും ഒഴിഞ്ഞ പ്ലാസ്റ്റിക് കാനുകള്‍, ടിന്നുകള്‍ തുടങ്ങിയവ കൊണ്ടുനിര്‍മ്മിച്ച നിരവധി ശില്പങ്ങളും നയന മനോഹരമാണ്. മലമ്പുഴ ശിലോദ്യാനത്തിലേക്ക് രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് പ്രവേശനം.
തിരുവോണം, ക്രിസ്തുമസ്, റംസാന്‍ പോലുള്ള വിശേഷദിവസങ്ങളില്‍ ഏകദേശം ഒന്നര ലക്ഷത്തോളം രൂപ പ്രവേശന ഫീസായി ലഭിക്കുന്നുണ്ട്. 1924-ല്‍ പാക്കിസ്ഥാനിലെ ഗ്രാമത്തിലാണ് വിശ്വശില്പിയായ റോക്ക് ചന്ദിന്റെ ജനനം.
ഫ്രഞ്ച് വാസ്തുശില്പിയായ ലേകൊര്‍ബൂസിയന്‍ ഛണ്ഡീഗഡ് പട്ടണം രൂപ കല്പന ചെയ്തിരുന്ന കാലത്ത് 1950 -കളില്‍ റോഡ് ഇന്‍സ്‌പെക്ടറായിരുന്ന നേക്ക് ചന്ദ് നഗരത്തിലെ നിര്‍മ്മാണാവശിഷ്ടങ്ങളുപയോഗിച്ച് സുഖ്‌ന നദിക്കരയിലെ കാടിനു നടുവിലെ മലയിടുക്കില്‍ ആരോരുമറിയാതെ ശില്പങ്ങളുടെ പൂങ്കാവനം നിര്‍മ്മിച്ചു.
വളപ്പൊട്ടുകള്‍, കളിമണ്‍പാത്രങ്ങള്‍, മാര്‍ബിള്‍ കഷ്ണങ്ങള്‍, കല്ലുകള്‍ ഉപേക്ഷിച്ച ഇലക്്ട്രിക് ഉപകരണങ്ങള്‍ എന്നിവയാണ് കല്ലുകൊണ്ടുള്ള പൂങ്കാവനത്തിനായുപയോഗിച്ചിരുന്നത്.
അനധികൃതമായി തീര്‍ത്ത ശിലോദ്യാനമായിട്ടും 1970-ല്‍ ഛണ്ഡീഗഡ് സര്‍ക്കാരേറ്റെടുത്ത് 1976 ഒക്്‌ടോബറില്‍ സര്‍ക്കാര്‍ പാര്‍ക്കായി പ്രഖ്യാപിച്ചു.
40 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന പാര്‍ക്ക് കാണാന്‍ രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഏകദേശം രണ്ടരലക്ഷത്തോളം സന്ദര്‍ശകരാണ് വര്‍ഷം തോറുമെത്തുമ്പോള്‍ ഒരുകോടിയില്‍ പരം രൂപയാണ് വരുമാനമായി ലഭിക്കുന്നത്.
പത്മശ്രീ നല്കി ആദരിച്ച നേക്ക് ചന്ദിന്റെ 90-ാം ജന്മദിനം 2014 ഡിസംബറില്‍ ആഘോഷിച്ചിരുന്നു. ശില്പനിര്‍മ്മാണത്തിനായി യു.എസ്.എ ലൈഫ്‌ടൈം എമ്പീച്ച്‌മെന്റ് അവാര്‍ഡ്, അന്താരാഷ്്ട്ര ഹെറിറ്റേജ് അവാര്‍ഡ് തുടങ്ങിയ നിരവധി അവാര്‍ഡുകളും നേക്ക് ചന്ദിനെത്തേടിയെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."