ആട് ആന്റണി രക്ഷപെട്ട വാനിന്റെ നമ്പര്‍പ്ലേറ്റ് വ്യാജമെന്ന് മൊഴി
കൊല്ലം: പൊലിസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആട് ആന്റണി രക്ഷപ്പെട്ട വാനിന്റെ നമ്പര്‍പ്ലേറ്റ് വ്യാജമെന്ന് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി. ഒരു വശത്തെ നമ്പര്‍ കേരള രജിസ്ട്രേഷനിലുള്ളതും മറുവശത്തേത് തമിഴ്നാട് രജിസ്ട്രേഷനിലുമായിരുന്നുവെന്ന് സംഭവം നടക്കുമ്പോള്‍ പരവൂര്‍ സി.ഐ ആയിരുന്ന ജവഹര്‍ ജനാര്‍ദ്ദ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജോര്‍ജ് മാത്യു മുമ്പാകെ മൊഴി നല്കി.
നൈറ്റ് പട്രോളിങ് ഡ്യൂട്ടിയിലായിരുന്നപ്പോഴാണ് പൊലിസിനെ ആക്രമിച്ച് വര്‍ക്കല ഭാഗത്തേക്ക് കടന്ന മാരുതി ഒമ്നി വാന്‍ കണ്ണംമ്പ ഭാഗത്ത് ഉപേക്ഷിച്ചതായി വിവരം ലഭിച്ചത്. അവിടെയെത്തി വാഹനം പരിശോധിച്ചപ്പോഴാണ് നമ്പര്‍പ്ലേറ്റ് വ്യാജമെന്ന് തെളിഞ്ഞത്. ഡോഗ് സ്ക്വാഡിനെയും ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധരെയും അവിടെ എത്തിച്ച് പരിശോധന നടത്തി.
വിരലടയാളം പരിശോധിച്ചപ്പോള്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം അടങ്ങിയ ആല്‍ബം കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞ എ.എസ്.ഐ ജോയിയെ കാട്ടിയപ്പോള്‍ പ്രതിയെ ജോയി തിരിച്ചറിഞ്ഞതായും ജവഹര്‍ ജനാര്‍ദ്ദ് മൊഴി നല്കി.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജോയിയുടെ മൊഴി രേഖപ്പെടുത്തി കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയതായി പാരിപ്പള്ളി എസ്.ഐ ആയിരുന്ന ദേവരാജന്‍ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥരുടെ എതിര്‍വിസ്താരം ഇന്ന് തുടരും. ഇതിനു പുറമെ പിന്നീട് പരവൂര്‍ സി.ഐ ആയിരുന്ന വി.എസ് ബിജു, ക്രൈംഡിറ്റാച്ച്മെന്റ് എ.സി.പി ആയിരുന്ന ജയശങ്കര്‍ എന്നിവരെയും വിസ്തരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."